ഒമിക്രോൺ ആശങ്ക കുറഞ്ഞതോടെ യു.എ.ഇ.യിലെ വിമാനത്താവളങ്ങളിൽ പതിവുതിരക്ക് തുടങ്ങി. കോവിഡിനുമുൻപുള്ള അവസ്ഥയിലേക്ക് യാത്രാസംവിധാനങ്ങൾ എത്താൻ ഇനിയും സമയമെടുക്കുമെന്ന് ട്രാവൽഏജൻസികൾ വ്യക്തമാക്കുന്നുണ്ട്. എങ്കിലും ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേക്കും തിരികെയും വിമാനങ്ങൾ നിറയെ യാത്രക്കാരുമായാണ് സർവീസ് നടത്തുന്നത്.

ഈവർഷം ജനുവരിമുതൽ ഒക്ടോബർവരെയുള്ള കാലയളവിൽ ദുബായിൽ 48.8 ലക്ഷം സന്ദർശകർ എത്തിയെന്നാണ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസം (ഡി.ഇ.ടി) പുറത്തുവിടുന്ന കണക്ക്. കഴിഞ്ഞ ഒക്ടോബറിൽമാത്രം ദുബായിൽ എത്തിയത് 10 ലക്ഷം അന്താരാഷ്ട്ര സന്ദർശകരാണ്. ഈ വർഷം ഇതുവരെ ദുബായിലെ ഹോട്ടലുകളിലെ 94 ലക്ഷത്തിലേറെ മുറികൾ താമസത്തിനായി ഉപയോഗിച്ചിട്ടുണ്ട്. 2019-നെ അപേക്ഷിച്ച് ഇത് അധിക കണക്കാണ്. കോവിഡിനുശേഷം ഹോട്ടലുകളുടെ പ്രവർത്തനം മെച്ചപ്പെട്ടതായി കണക്കുകൾ വ്യക്തമാക്കുന്നു. കോവിഡിൽനിന്ന് ഹോട്ടൽ, യാത്രാമേഖലകളെല്ലാം പതിയെ തിരികെയെത്തുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

ദുബായ് എക്സ്‌പോ, ഷോപ്പിങ് ഫെസ്റ്റിവൽ തുടങ്ങിയവയെല്ലാം രാജ്യത്തേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുന്നതായാണ് വിലയിരുത്തൽ. കൂടാതെ, ശൈത്യകാല അവധി, ക്രിസ്മസ്, പുതുവർഷം എന്നിവയും യു.എ.ഇ.യിലേക്ക് കൂടുതൽ സന്ദർശകരെ ആകർഷിക്കുന്നുണ്ട്. ഡിസംബർ തുടക്കത്തിൽത്തന്നെ യു.എ.ഇ.യിൽനിന്ന് മറ്റു വിദേശരാജ്യങ്ങളലിലേക്ക് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ദുബായിൽ രണ്ടരലക്ഷംപേരാണ് വാരാന്ത്യങ്ങളിൽ മാത്രമായി യാത്രചെയ്യുന്നത്. അതോടൊപ്പം കോവിഡ് വാക്സിൻ പൂർണതോതിൽ നടപ്പാക്കിയ രാജ്യമെന്ന നിലയിലാണ് കൂടുതൽ വിനോദസഞ്ചാരികളെ യു.എ.ഇ.യിലേക്ക് ആകർഷിക്കുന്നത്.

തിരക്ക് നിയന്ത്രിക്കാൻ വിമാനത്താവളങ്ങളിൽ കൂടുതൽ സംവിധാനം ഒരുക്കിയിട്ടുണ്ട്. മൂന്നുമണിക്കൂർ മുൻപെങ്കിലും വിമാനത്താവളത്തിലെത്തി യാത്രാനടപടികൾ പൂർത്തിയാക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു. വിമാനം പുറപ്പെടുന്നതിന് ഒരുമണിക്കൂർ മുൻപ് ചെക്ക് ഇൻ കൗണ്ടർ അടയ്ക്കും. വൈകിവന്നാൽ യാത്ര തുടരാനാവില്ല. തിരക്ക് കുറക്കാൻ യാത്രപുറപ്പെടുന്നതിന് 24 മണിക്കൂർമുൻപ് ചെക്കിങ്, സെൽഫ് ചെക്കിങ് സൗകര്യമുണ്ട്. ഇതിലൂടെ ഡിജിറ്റൽ ബോർഡിങ് പാസ് സ്വന്തമാക്കി കൗണ്ടറിലെ തിരക്കിൽനിന്ന് രക്ഷപ്പെടാവുന്നതാണ്. അതേസമയം, യാത്രക്കാരുടെ തിരക്ക് വർധിച്ചെങ്കിലും ടിക്കറ്റ് നിരക്കിൽ വലിയ മാറ്റമൊന്നും എയർലൈൻ അധികൃതർ വരുത്തിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here