ഐപിഎല്ലിന്റെ 14ാം സീസണിലെ ഏവരും കാത്തിരുന്ന എല്‍ ക്ലാസികോ പോരാട്ടത്തില്‍ സിഎസ്‌കെയെ നാല് വിക്കറ്റിന് മുട്ടുകുത്തിച്ച്‌ മുംബൈ ഇന്ത്യന്‍സ്. ബാറ്റിംഗ് വെടിക്കെട്ടിന് സാക്ഷ്യം വഹിച്ച മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ നാല് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സെടുത്തപ്പോള്‍ അവസാന പന്തിലാണ് മുംബൈ ലക്ഷ്യം മറികടന്നത്. കീറോണ്‍ പൊള്ളാര്‍ഡിന്റെ (34 പന്തില്‍ 87*) ബാറ്റിങ് വെടിക്കെട്ടാണ് മുംബൈക്ക് ആവേശ ജയം സമ്മാനിച്ചത്.

സിഎസ്‌കെയുടെ വമ്ബന്‍ സ്‌കോറിനെതിരേ തുടക്കം മുതല്‍ ആക്രമിച്ച്‌ കളിച്ച മുംബൈ ബാറ്റ്‌സ്മാന്‍മാര്‍ സിഎസ്കെ ബൗളര്‍മാര്‍ക്ക് വലിയ പഴുതുകള്‍ ഒന്നും നല്‍കാതെയാണ് മത്സരം സ്വന്തമാക്കിയത്. മുംബൈക്കെതിരായ മത്സരത്തിലെ തോല്‍വിക്ക് ശേഷം എവിടെയാണ് സിഎസ്‌കെയ്ക്ക് പിഴച്ചതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നായകന്‍ എം. എസ്. ധോണി.

“മനോഹരമായ പിച്ചാണ് ഡല്‍ഹിയിലേത്. ഇതൊരു കടുത്ത മത്സരമായിരിക്കുമെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. മത്സരത്തില്‍ നടപ്പാക്കേണ്ട പദ്ധതി പ്രാവര്‍ ത്തികമാക്കുന്നതിലായിരുന്നു ഇരു ടീമുകളും തമ്മിലുള്ള വ്യത്യാസം. ബൗളര്‍മാര്‍ക്ക് പിച്ചില്‍ പിന്തുണ ലഭിക്കാതെ വരുമ്ബോള്‍ ക്യാച്ചുകളാണ് സഹായിക്കുക. എന്നാല്‍ നിര്‍ണ്ണായക സമയത്ത് ഞങ്ങള്‍ ക്യാച്ചുകള്‍ നഷ്ടപ്പെടുത്തി. ടേബിളിന്റെ തലപ്പത്ത് തന്നെയായതിനാല്‍ തോല്‍വി വലിയ മാനസിക പ്രയാസം ഉണ്ടാക്കില്ല. എന്നാല്‍ ഇപ്പോഴും ഇതൊരു പാഠമാണ്. വരും മത്സരങ്ങളില്‍ ബൗളര്‍മാര്‍ കൂടുതല്‍ നന്നായി പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുമെന്ന് പ്രതീക്ഷിക്കുന്നു,” ധോണി പറഞ്ഞു.

സിഎസ്കെയുടെ സ്കോര്‍ പിന്തുടര്‍ന്ന് ഇറങ്ങിയ മുംബൈക്കായി ഒന്നാം വിക്കറ്റില്‍ 71 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി മികച്ച തുടക്കം നല്‍കാന്‍ ക്വിന്റന്‍ ഡീകോക്കിനും (38), രോഹിത് ശര്‍മക്കും (34) സാധിച്ചു. എന്നാല്‍ ചെറിയ ഇടവേളയില്‍ രോഹിതിനെയും സൂര്യകുമാര്‍ യാദവിനെയും (3) ഡീകോക്കിനെയും മടക്കി സിഎസ്‌കെ ശക്തമായ തിരിച്ചുവരവ് നടത്തി. പിന്നീട് കീറോണ്‍ പൊള്ളാര്‍ഡ്-ക്രുണാല്‍ പാണ്ഡ്യ (32) കൂട്ടുകെട്ടാണ് മുംബൈയെ മത്സരത്തിലേക്ക് തിരിച്ച്‌ കൊണ്ടുവന്നത്. നാലാം വിക്കറ്റില്‍ 89 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്നുണ്ടാക്കിയത്.

ക്രുണാലിന് പിന്നാലെ ചെറിയ ഒരു വെടിക്കെട്ട് നടത്തി ഹാര്‍ദിക് പാണ്ഡ്യയും (16), ജിമ്മി നീഷമും (0) മടങ്ങിയെങ്കിലും ഒരുവശത്ത് തകര്‍ത്തടിച്ച പൊള്ളാര്‍ഡ് മുംബൈയെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു. എട്ട് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 255.88 സ്‌ട്രൈക്കറേറ്റിലായിരുന്നു പൊള്ളാര്‍ഡിന്റെ പ്രകടനം. അവസാന ഓവറില്‍ ജയിക്കാന്‍ 16 റണ്‍സ് വേണമെന്നിരിക്കെ ലൂങ്കി എന്‍ഗിഡിയുടെ ഓവറില്‍ പൊള്ളാര്‍ഡ് രണ്ട് ഫോറും ഒരു സിക്സും നേടി വിജയം പിടിച്ചെടുക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here