ഹവാന: ആദ്യം ഇറ്റലി, പിന്നെ സ്‌പെയിനടക്കമുള്ള രാജ്യങ്ങള്‍. ഒടുവിലിതാ ദക്ഷിണാഫ്രിക്കയിലേക്കും പറന്നിറങ്ങിയിരിക്കുകയാണ് ക്യൂബയുടെ ആരോഗ്യ പ്രവര്‍ത്തകരുടെ സംഘം. കൊവിഡ് മഹാമാരിയെ തുരത്താന്‍. 216 പേരടങ്ങുന്ന മെഡിക്കല്‍ സംഘത്തെയാണ് ക്യൂബ അയച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ 4,361 കൊവിഡ് കേസുകളും 86 മരണങ്ങളുമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും കരീബിയന്‍ രാജ്യങ്ങളിലേക്കും ഇതുവരെ 1200 ആരോഗ്യ പ്രവര്‍ത്തകരെയാണ് ക്യൂബ അയച്ചിട്ടുണ്ട്.

നേരത്തെ കൊവിഡ് പ്രതിരോധത്തിനായി ദക്ഷിണാഫ്രിക്ക മെഡിക്കല്‍ സാമഗ്രികള്‍ ക്യൂബയിലേക്ക് കയറ്റി അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ക്യൂബയുടെ മെഡിക്കല്‍ സംഘം ദക്ഷിണാഫ്രിക്കയിലെത്തിയിരിക്കുന്നത്. അതേസമയം, തൊഴിലാളികളെ ചൂഷണം ചെയ്യുന്നെന്നാരോപിച്ച്‌ അമേരിക്ക മറ്റു രാജ്യങ്ങളോട് ക്യൂബയുടെ സഹായം സ്വീകരിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മിക്ക രാജ്യങ്ങളും ഈ നിര്‍ദ്ദേശം പാടെ തള്ളിയിരിക്കുകയാണ്.

മുന്‍വര്‍ഷങ്ങളില്‍ പല സമയത്തായി ക്യൂബ ദരിദ്ര രാജ്യങ്ങള്‍ക്ക് പകര്‍ച്ച വ്യാധികളും മഹാമാരികളും വരുന്ന ഘട്ടത്തില്‍ സഹായമെത്തിച്ചിട്ടുണ്ട്. കരീബിയന്‍ രാജ്യമായ ഹെയ്തിയില്‍ കോളറ പടര്‍ന്ന ഘട്ടത്തില്‍ പ്രതിരോധത്തിന് മുന്‍നിരയില്‍ ക്യൂബയിലെ ഡോക്ടര്‍മാരുമുണ്ടായിരുന്നു. 2010 ല്‍ വെസ്റ്റ് ആഫ്രിക്കയില്‍ എബോള പടര്‍ന്ന ഘട്ടത്തിലും ക്യൂബന്‍ മെഡിക്കല്‍ രംഗം സഹായത്തിനെത്തി.നിലവില്‍ ക്യൂബയില്‍ 1337 കൊവിഡ് കേസുകളും 51 മരണങ്ങളും ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here