ബ്രേക്ക് ദ ചെയിൻ – കൊറോണയും കടന്ന്‌ പോകും.

ഡിസംബർ 31, 2019നാണ്‌ കൊറോണ എന്ന വൈറസ്‌ കുടുംബത്തിൽ പെട്ട പുതിയ ഇനം വൈറസിനെ നോവൽ കൊറോണ എന്ന പേരോടെ ലോകം മുഴുവൻ അറിഞ്ഞു തുടങ്ങിയത്. ചൈനയിലെ വുഹാൻ പ്രവിശ്യയിൽ ആദ്യമായി റിപ്പോർട്ട്‌ ചെയ്‌ത ഈ രോഗം മനുഷ്യരിലൂടെ പടർന്ന് ഇപ്പോൾ നൂറ്റി നാൽപ്പതിലേറെ രാജ്യങ്ങളിലും ഏതാണ്ട്‌ എല്ലാ ഭൂഖണ്‌ഢങ്ങളിലുമായി ലക്ഷക്കണക്കിനു പേരെ ബാധിച്ചിരിക്കുന്നു.നമ്മളിൽ നിന്ന്‌ രോഗം പടർന്ന്‌ സമൂഹം മുഴുവൻ കഷ്‌ടപ്പെടാതിരിക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടാണ്‌ നാം ഓരോരുത്തരും ഉണർന്നു പ്രവർത്തിക്കേണ്ടത്. രോഗസാധ്യത ഉള്ളവർ, അതായത്‌ രോഗബാധിതരാജ്യങ്ങളിൽ നിന്ന്‌ വന്നവരോ അവരുമായി നേരിട്ട്‌ സമ്പർക്കമുണ്ടായവരോ ആയിട്ടുള്ളവരോട് 28 ദിവസം നിരീക്ഷണത്തിൽ കഴിയാൻ നിർദേശം നൽകുന്നത്, ക്രമാതീതമായി ഇത് പടർന്നു പിടിക്കുന്നത് പ്രതിരോധിക്കാനാണ്.ഏതെങ്കിലും തരത്തിൽ മുൻപേ തന്നെ പ്രതിരോധശേഷി കുറവുള്ള ഹൃദ്രോഗി, വൃക്കരോഗി, പ്രമേഹമുള്ളവർ, എയിഡ്‌സ്‌ ബാധിതർ, കീമോ തെറപ്പി നടന്നു കൊണ്ടിരിക്കുന്നവർ തുടങ്ങിയവർക്ക്‌ രോഗബാധ ഉണ്ടാകുമ്പോഴേ കൊറോണ മരണ കാരണം ആകാൻ സാധ്യത കൂടുതലാണ്.അല്ലാത്ത പക്ഷം ഇത്‌ മൂക്കൊലിപ്പ്‌, തൊണ്ടവേദന, പനി, ക്ഷീണം എന്നിവയായിരിക്കും.

ലോക രാഷ്ട്രങ്ങൾ മുഴുവൻ ഭീതിയിലാണ്‌. എന്നാൽ ഈ ഭീതിയെ വിവേകപൂർവ്വം എങ്ങനെ നേരിടാം എന്നാണ് നമ്മുടെ ആരോഗ്യ സംവിധാനം നിർദ്ദേശിക്കുന്നത്.രണ്ട്‌ പ്രളയവും നിപ്പയും കടന്ന കേരളത്തിന്‌ ജാഗ്രത കൊണ്ട്‌ കൊറോണയേയും നേരിടാനാകും. മനുഷ്യ കണ്ണികളിലൂടെ പടരുന്ന ഈ രോഗത്തിനെതിരെയുള്ള പ്രതിരോധം, ആ കണ്ണി പൊട്ടിക്കുക എന്നുള്ളത് തന്നെ. അതേ, ബ്രേക്ക് ദ ചെയിൻ. കൊറോണയും കടന്ന്‌ പോകും.നമ്മുടെ സംസ്‌ഥാനത്തെ ആരോഗ്യസംവിധാനത്തിന്റെ ഈ തീരുമാനത്തെ ഒരു സാമൂഹിക ഉത്തരവാദിത്വമായി ഏറ്റെടുത്ത്‌ വേണ്ടത്‌ ചെയ്യുകയാണ്‌ ഓരോ വ്യക്തിയുടെയും കുടുംബത്തിന്റെയും കടമ. ഇതിനോട്‌ സഹകരിക്കാത്ത പക്ഷം ഒരു പക്ഷേ, നമ്മളറിയാതെ നമ്മൾ ഏറെ പേരെ, ഒരു സമൂഹത്തെ മുഴുവൻ അപകടത്തിലാഴ്ത്തുന്ന അവസ്‌ഥ വരാം. കാലത്തിന്റെ സ്വാഭാവികചലനത്തിൽ ലോകത്തെ ഭീതിയിൽ നിർത്തുന്ന ഈ രോഗത്തെ തുരത്താനുള്ള ബ്രേക്ക് ദ ചെയിൻ ചെറുത്ത്‌ നിൽപ്പിൽ പങ്കാളികളാകുകയാണ്‌ വേണ്ടത്‌.

ഒരുമയുടെ പെരുമയിൽ കഴിയുന്ന കേരളത്തിലെ ജനങ്ങൾ ഈ ദൗത്യം തീർച്ചയായും പ്രബുദ്ധതയോടെ ഏറ്റെടുത്തു വിജയിപ്പിക്കണം. ‘ബ്രേക്ക് ദ ചെയിൻ’ എന്ന ബൃഹത്തായ പ്രചരണ പരിപാലന കാമ്പയിനുമായി മുഴുവന് ജനങ്ങളും സഹകരിക്കുകയാണെൻകിൽ, നമ്മൾ ഇതും കടന്നു പോകും.

ഓഫീസുകളിലും പൊതു സ്ഥലങ്ങളിലും വീടുകളിലും അടക്കം കൈ കഴുകുന്നതിനും ശുചീകരിക്കുന്നതിനുമുള്ള സൗകര്യം ഏർപ്പെടുത്തുകയും വ്യക്തിശുചിത്വം ഉറപ്പാക്കുകയും ചെയ്യുകയാണ് ഈ ക്യാമ്പയിന്റെ പ്രഥമ ലക്ഷ്യം.സ്പർശനത്തിലൂടെയും സാമീപ്യത്തിലൂടെയും കണ്ണികൾ പോലെ കൊറോണ പകരുന്നത് തടയുക എന്നതും തന്നെ. ഇതിനായി ചെയ്യേണ്ടത് ഇത്രമാത്രം…

* ഹസ്തദാനം പോലെ സ്പർശിച്ചു കൊണ്ടുള്ള സാമൂഹിക ആശംസകൾ ഒഴിവാക്കുക.

*മുഖം,മൂക്ക്, കണ്ണുകൾ എന്നിവ സ്പർശിക്കുന്നത് ഒഴിവാക്കുക

* തുമ്മുമ്പോഴും, ചുമയ്ക്കുമ്പോഴും വായും,മൂക്കും തൂവാല കൊണ്ട് മൂടുക

* ഇടയ്ക്കിടെ കൈകൾ സോപ്പും വെളളവും ഉപയോഗിച്ച് കഴുകുക അല്ലെങ്കിൽ 70% ആൽക്കഹോൾ അടങ്ങിയ ഹാന്ഡ് റബോ സാനിറ്റൈസറോ ഉപയോഗിക്കുക.

* രോഗ ലക്ഷണങ്ങൾ കണ്ടാൽ, പുറത്തിറങ്ങാതെ ആരോഗ്യ പ്രവർത്തകരെ വിവരമറിയിക്കുക.

ബാഹ്യ ഇടപെടലുകൾ ഉണ്ടാകുന്ന സാഹചര്യങ്ങളിൽ, ഫലപ്രദമായി കൈ കഴുകുക എന്നത് തന്നെയാണ് സുപ്രധാനം.
ഇക്കാര്യം എല്ലാവരിലേക്കും എത്തിക്കുന്നതിന്റെ ഭാഗമായാണ് ബ്രേക്ക് ദ ചെയിൻ കാമ്പയിൻ സംഘടിപ്പിച്ചിരിക്കുന്നത്.പൊതുജങ്ങളെക്കൂടാതെ സർക്കാർ-അർദ്ധസർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ബാങ്കുകൾ എന്നിവയും കാമ്പയിൻ്റെ ഭാഗമാകാൻ സർക്കാർ നിർദേശിച്ചിട്ടുണ്ട്. നാം കേരളീയർ ഏവരും ഒരേസമയം ഈ കാമ്പയനിൽ പങ്കെടുത്താൽ കോവിഡ് വൈറസിന്റെ സാന്ദ്രതയും വ്യാപനവും വലിയ തോതിൽ കുറയ്ക്കുവാനും പകർച്ചവ്യാധിയുടെ പ്രാദേശിക വ്യാപനം വലിയ തോതിൽ നിയന്ത്രിക്കാനുമാകും .

ഒരുമയുടെ കരുത്ത് തെളിയിച്ചവരാണ് നാം കേരളീയർ…. കൊറോണയും നമ്മൾ അതിജയിക്കും…

LEAVE A REPLY

Please enter your comment!
Please enter your name here