നാല് സംസ്ഥാനങ്ങളില്‍ കോവിഡ് വാക്സിനേഷന് മുന്നോടിയായുള്ള ഡ്രൈ റണ്‍ അടുത്ത ആഴ്ച നടത്തും. പഞ്ചാബ്, ഗുജറാത്ത്, ആന്ധ്ര, അസം എന്നീ സംസ്ഥാനങ്ങളില്‍ ആണ് ഡ്രൈ റണ്‍. ഡിസംബര്‍ 28, 29 തീയതികളില്‍ ആണ് ഡ്രൈ റണ്‍ നടക്കുക. നാല് സംസ്ഥാനങ്ങളിലെയും തിരെഞ്ഞെടുക്കപ്പെട്ട രണ്ട് ജില്ലകളിലെ അഞ്ച് സ്ഥലങ്ങളിലാണ് ഡ്രൈ റണ്‍ നടക്കുക. പഞ്ചാബില്‍ ലുധിയാന, ഷഹീദ് ഭഗത് സിങ് നഗര്‍ എന്നീ ജില്ലകളെയാണ് തിരെഞ്ഞെടുത്തിട്ടുള്ളത്.

വാക്സിന്‍ കുത്തിവെപ്പിനായി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗ്ഗരേഖയില്‍ പോരായ്മകള്‍ ഉണ്ടോയെന്ന് പരിശോധിക്കാനാണ് ഡ്രൈ റണ്‍. വാക്സിന്‍ ശേഖരണം, വാക്സിന്‍ സൂക്ഷിക്കുന്നതിനുള്ള ശീതീകരണ സംവിധാനം, വിതരണത്തിനുള്ള ക്രമീകരണങ്ങള്‍ എന്നിവയുടെ ഫലപ്രാപ്തി ഡ്രൈ റണ്ണില്‍ പരിശോധിക്കും. ലോകാരോഗ്യ സംഘടനയും യു എന്‍ ഡി പി യും സഹകരിച്ചാണ് വാക്സിന്‍ ഡ്രൈ റണ്‍ നടത്തുന്നത്.

രാവിലെ 9 മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് വാക്സിന്‍ കുത്തിവയ്ക്കുക എന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗ്ഗരേഖയില്‍ വിശദീകരിച്ചിട്ടുള്ളത്. ഒരു കുത്തിവയ്പ്പ് കേന്ദ്രത്തില്‍ ഡോക്ടര്‍ ഉള്‍പ്പടെ അഞ്ച് ജീവനക്കാര്‍ ഉണ്ടാകും. ഡോക്ടര്‍ക്ക് പുറമെ നേഴ്സ്, ഫര്‍മസിസ്റ്റ്, പോലീസ്, ഗാര്‍ഡ് എന്നിവര്‍ വാക്സിന്‍ കുത്തിവെപ്പ് കേന്ദ്രത്തില്‍ ഉണ്ടാകും.

ആഭ്യന്തരം, പ്രതിരോധം, റെയില്‍വെ, വ്യോമയാനം, ഊര്‍ജ്ജം, തൊഴില്‍, സ്പോര്‍ട്ട്സ്, ന്യൂനപക്ഷ ക്ഷേമം, വനിതാ-ശിശുക്ഷേമം തുടങ്ങി 20 മന്ത്രാലയങ്ങളാണ് വാക്സിന്‍ വിതരണം ഏകോപിപ്പിക്കുക. നീതി ആയോഗ് അംഗം ഡോക്ടര്‍ വി.കെ. പോള്‍ അധ്യക്ഷനായ ദേശീയ വിദഗ്ധ സംഘത്തിനാണ് വാക്സിന്‍ വിതരണത്തിന്റെ ഏകോപന പ്രവര്‍ത്തനങ്ങളുടെ ചുമതല.

ഓരോ കോവിഡ് വാക്സിന്‍ കേന്ദ്രങ്ങളിലും പ്രതിദിനം നൂറ് മുതല്‍ ഇരുന്നൂറ് പേര്‍ക്കാണ് വാക്സിന്‍ കുത്തിവയ്ക്കുക. ഇത്രയും പേരെയും വാക്സിന്‍ കേന്ദ്രങ്ങളില്‍ എത്തിച്ച്‌ ഡ്രൈ റണ്ണിന്റെ ഭാഗമാക്കും. കുത്തിവെപ്പ് നടത്താന്‍ പ്രത്യേക മുറി സജ്ജീകരിക്കും. ഒരു സമയം ഒരാള്‍ക്ക് മാത്രമേ കുത്തിവയ്പ്പ് നടത്തുകയുള്ളൂ. കുത്തിവെച്ചവരെ അര മണിക്കൂര്‍ നിരീക്ഷിക്കും. ഇതിനായി മറ്റൊരു മുറി ഒരുക്കും. കുത്തിവെപ്പ് നടത്തി അരമണിക്കൂറിനകം പാര്‍ശ്വ ഫലങ്ങളോ രോഗ ലക്ഷണങ്ങളോ കാണിക്കുകയാണെങ്കില്‍ അവരെ ആശുപത്രിയിലേക്ക് മാറ്റുന്നതിനുള്ള സംവിധാനവും ഡ്രൈ റണ്ണില്‍ ഒരുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here