വെട്ടിത്തിളങ്ങി ദുബായ് ഗാർഡൻ ഗ്ലോ ഏഴാം സീസൺ തുടങ്ങി. മുൻ സീസണുകളിൽ നിന്നും വ്യത്യസ്തമായി ഗ്ലോയിങ് സഫാരി എന്ന പ്രമേയത്തിലാണ് പുതിയ സീസൺ കാഴ്ചക്കാർക്കായി തുറന്നത്. പുത്തൻ സാങ്കേതിക വിദ്യകളോടെ നിർമിച്ച വന്യജീവി മാതൃകകൾ, സഫാരി ട്രക്ക്, ചലിക്കുന്ന പുഷ്പങ്ങളോടെയുള്ള പുഷ്പത്തഴ്വര, ഒരു കോടി ഊർജ സംരക്ഷണ ബൾബുകൾ ഉപയോഗിച്ചുള്ള ബട്ടർഫ്ളൈ ട്രയൽ എന്നിവയും സന്ദർശകർക്ക് നവ്യാനുഭൂതി സമ്മാനിക്കും. ഗ്ലോ പാർക്ക്, നിയോൺ വണ്ടർലാൻഡ് എന്നിവയും സന്ദർശകർക്ക് സവിശേഷാനുഭൂതി പകരും. കൂടാതെ ആകർഷണീയമായ പരിസ്ഥിതി സൗഹൃദ മോഡലുകളും ഇവിടെയുണ്ട്. പ്രകൃതിയിലേക്ക് മടങ്ങുക എന്ന പ്രമേയത്തിൽ പുനരുപയോഗ വസ്തുക്കൾ ഉപയോഗിച്ചുള്ള ആർട്ട് പാർക്ക് പ്രകൃതി സംരക്ഷണത്തിന്റെ സന്ദേശം പ്രദാനം ചെയ്യും. കുപ്പികൾ, സി.ഡികൾ എന്നിവകൊണ്ട് നിർമിച്ച വന്യജീവി ഇൻസ്റ്റാലേഷനുകൾ,മാജിക് പാർക്ക്, വിഷ്വൽ ആർട്ടിലുള്ള ഒപ്റ്റിക്കൽ വർക്കുകൾ എന്നിവയും വിസ്മയക്കാഴ്ചയാണ്.

ഏത് പ്രായക്കാർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ദിനോസേഴ്‌സ് പാർക്ക്, ദിനോസറുകളുടെ ഓരോ കാലഘട്ടങ്ങളും മനസ്സിലാക്കാനുള്ള അവസരം കൂടിയാണ് ഒരുക്കിയിരിക്കുന്നത്. വിനോദത്തിലൂടെ അറിവ് പകരുന്ന ഡിനോ മ്യൂസിയം ഉൾപ്പെടെ വിനോദപരിപാടികളുമുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങൾ സമ്മാനിക്കാനുള്ള ദുബായ് മുനിസിപ്പാലിറ്റിയുടെ പ്രതിബദ്ധതയുടെ ഭാഗമാണ് ഗാർഡൻ ഗ്ലോ എന്ന് അധികൃതർ വ്യക്തമാക്കി. 65 ദിർഹമാണ് പ്രവേശനഫീസ്. സബീൽ പാർക്കിന്റെ ഗേറ്റ് നമ്പർ ആറിലൂടെയാണ് പ്രവേശനം. ശനി മുതൽ ബുധൻ വരെ വൈകീട്ട് നാല് മുതൽ രാത്രി 11 വരെയും, വ്യാഴം വെള്ളി ദിവസങ്ങളിൽ വൈകീട്ട് നാല് മുതൽ പുലർച്ചെ 12 വരെയും തുറന്നിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here