ദുബായിലെ ഏറ്റവും വലിയ ഷോപ്പിങ് ആഘോഷങ്ങളിലൊന്നായ ദുബൈ സമ്മര്‍ സര്‍പ്രൈസിന്റെ ഭാഗമായി വന്‍ സമ്മാന പദ്ധതി പ്രഖ്യാപിച്ച് ദുബൈ ഷോപ്പിങ് മാള്‍സ് ഗ്രൂപ്പ്. ദുബൈ ഫെസ്റ്റിവല്‍ ആന്റ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്‍മെന്ററുമായി സഹകരിച്ചാണ് ‘ഷോപ്പ് ആന്റ് ഡ്രൈവ് ഇന്‍ സ്റ്റൈല്‍’ എന്ന പേരിലുള്ള സമ്മാന പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. 24-ാമത് ദുബൈ സമ്മര്‍ സര്‍പ്രൈസില്‍ ജൂലൈ ഒന്ന് മുതല്‍ ഓഗസ്റ്റ് 14 വരെയാണ് സമ്മാന പദ്ധതിയുടെ കാലാവധി. ഓരോ ആഴ്‍ചയും ഓരോ ഇന്‍ഫിനിറ്റി Q50 ആഡംബര കാര്‍ സ്വന്തമാക്കാനുള്ള അവസരമാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക.

സമ്മാന പദ്ധതിയില്‍ പങ്കെടുക്കുന്ന മാളുകളില്‍ നിന്ന് 200 ദിര്‍ഹത്തിന് ഷോപ്പ് ചെയ്യുന്നവര്‍ക്ക് ഡിജിറ്റല്‍ നറുക്കെടുപ്പില്‍ പങ്കെടുക്കാം. ഷോപ്പ് ചെയ്‍തതിനുള്ള ബില്ല് അതത് മാളുകളിലെ കസ്റ്റമര്‍ സര്‍വീസ് ഡെസ്‍കില്‍ കാണിക്കണം. നറുക്കെടുപ്പിലെ പങ്കാളിത്തം ഉറപ്പുവരുത്തിയതായി അറിയിച്ചുകൊണ്ട് ഉപഭോക്താക്കളുടെ മൊബൈലിലേക്കും ഇ-മെയിലായും സന്ദേശം ലഭിക്കും. ജൂലൈ 9, 16, 23, 30 ഓഗസ്റ്റ് 6, 14 എന്നീ തീയ്യതികളില്‍ നടക്കുന്ന നറുക്കെടുപ്പുകളില്‍ വിജയിക്കുന്ന ആറ് ഭാഗ്യവാന്മാര്‍ക്ക് ഇന്‍ഫിനിറ്റി Q50 കാര്‍ സ്വന്തമാക്കാം.

അത്യാകര്‍ഷകമായ ഓഫറുകളിലൂടെയും അവിസ്‍മരണീയമായ ഷോപ്പിങ് അനുഭവത്തിലൂടെയും മില്യന്‍ കണക്കിന് ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ഷോപ്പിങ് കേന്ദ്രമായി മാറാന്‍ ദുബൈയ്ക്ക് സാധിച്ചിട്ടുണ്ടെന്ന് ദുബൈ ഷോപ്പിങ് മാള്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ മാജിദ് അല്‍ ഗുറൈര്‍ പറഞ്ഞു. സമാനതകളില്ലാത്ത ഷോപ്പിങ് അനുഭവം ഉപഭോക്താക്കള്‍ക്ക് സമ്മാനിക്കാന്‍ ദുബൈ ഷോപ്പിങ് മാള്‍സ് ഗ്രൂപ്പ് പ്രതിജ്ഞാബദ്ധമാണ്. സാമൂഹിക പ്രധാന്യമുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നതും ദുബൈ ഷോപ്പിങ് മാള്‍സ് ഗ്രൂപ്പിന്റെ പതിവാണ്. പങ്കാളികളാവുന്ന എല്ലാവര്‍ക്കും പരമാവധി ഗുണം ലഭിക്കുന്ന തരത്തിലുള്ളതാണ് തങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളുമെന്നും അദ്ദേഹം പറഞ്ഞു.

ആറ് ആഡംബര കാറുകള്‍ സമ്മാനം നല്‍കുന്നതിന് പുറമെ സ്വദേശികള്‍ക്ക് ഇത്തവണ മറ്റ് യാത്രാ പദ്ധതികളുമില്ലാത്തത് ഈ വര്‍ഷത്തെ ദുബൈ സമ്മര്‍ സര്‍പ്രൈസിലെ വ്യാപാരം വര്‍ദ്ധിപ്പിക്കും. ദുബൈ സര്‍ക്കാറില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ കൂടി കാത്തിരിക്കുകയാണെന്നും 24-ാമത് ദുബൈ സമ്മര്‍ സര്‍പ്രൈസിലെ എല്ലാ പരിപാടികളും എല്ലാ ആരോഗ്യ സുരക്ഷാ നിര്‍ദേശങ്ങളും കര്‍ശനമായി പാലിച്ചുകൊണ്ടും എല്ലാവരുടെയും സുരക്ഷ ഉറപ്പുവരുത്തിക്കൊണ്ടുമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദുബൈയിലെ ഷോപ്പിങ് പ്രേമികളുടെ പ്രിയപ്പെട്ട ആഘോഷമായ ദുബൈ സമ്മര്‍ സര്‍പ്രൈസിനെ ഏറെ സന്തോഷത്തോടെയാണ് സ്വീകരിക്കുന്നതെന്ന് ദുബൈ ഫെസ്റ്റിവല്‍സ് ആന്റ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്‍മെന്റ് സിഇഒ അഹ്‍മദ് അല്‍ ഖാജ പറഞ്ഞു. ഡി.എസ്.എസിന്റെ ഭാഗമായി നടക്കുന്ന നിരവധി പ്രൊമോഷനുകള്‍ എല്ലാവരുടെയും മനംകവരുന്നതും കുടുംബത്തോടൊപ്പം ആഘോഷിക്കാനുള്ള അവസരമൊരുക്കുന്നവയും ആയിരിക്കും. ഡി.എസ്.എസിന്റെ ഈ 24-ാം എഡിഷനിലും തങ്ങളുടെ എല്ലാ സുപ്രധാന പങ്കാളികളുടെയും സഹകരണത്തോടെ അവിസ്‍മരണീയമായ ഒരു സമ്മര്‍ സീസണ്‍ ഒരുക്കുകയായെണെന്നും അദ്ദേഹം പറഞ്ഞു.

ഇത്തവണത്തെ ‘ഷോപ്പ് ആന്റ് ഡ്രൈവ് ഇന്‍ സ്റ്റൈല്‍’ സമ്മാന പദ്ധതിയില്‍ പങ്കെടുക്കുന്ന മാളുകള്‍ ഇവയാണ്: അല്‍ ബുസ്‍താന്‍ സെന്റര്‍, അല്‍ ഗുറൈര്‍ സെന്റര്‍, അല്‍ വര്‍ഖ സിറ്റി മാള്‍, അല്‍ ഖലീല്‍ ഗേറ്റ് കമ്മ്യൂണിറ്റി സെന്റര്‍, ബുര്‍ജുമാന്‍ സെന്റര്‍, ബിന്‍സൌഗറ്റ് സെന്റര്‍, ബേ അവന്യൂ, സെന്‍ട്രല്‍ മാള്‍, ക്രൌണ്‍ മാള്‍, ദാര്‍ വസ്‍ല്‍, ദുബൈ ഔട്ട്‍ലെറ്റ് മാള്‍, മുഡോണ്‍ കമ്മ്യൂണിറ്റി, ഒയാസിസ് മാള്‍, റീഫ് മാള്‍, ശുറൂഖ് കമ്മ്യൂണിറ്റി സെന്റര്‍, ടൈം സ്‍ക്വയര്‍ സെന്റര്‍, ദ മാള്‍, വെസ്റ്റ് സോണ്‍ മാള്‍ അല്‍ മിസ്‍ഹര്‍.

LEAVE A REPLY

Please enter your comment!
Please enter your name here