കൂടുതൽ അവസരങ്ങളൊരുക്കി ഇന്ത്യൻ സംരംഭകരെ വരവേൽക്കാൻ ദുബായ്. ടെക് മേഖലയിലെ വൻ സാധ്യതകൾ ഉപയോഗപ്പെടുത്താനും രാജ്യാന്തരതലത്തിൽ അവസരങ്ങൾ കണ്ടെത്താനും വഴിയൊരുങ്ങും. വിവിധ മേഖലകളിലെ സഹകരണം കൂടുതൽ ശക്തമാക്കാനും സ്റ്റാർട്ടപ്പ് ഉൾപ്പെടെയുള്ള സംരംഭങ്ങളുടെ സാധ്യതകൾ പങ്കുവയ്ക്കാനും ലക്ഷ്യമിട്ട് ഇന്ത്യയിൽ ‘ദുബായ് ടെക് ടൂർ’ നടത്തും. ഇതിന്റെ ഭാഗമായി സെപ്റ്റംബർ മുതൽ വെർച്വൽ പരിപാടികൾ സംഘടിപ്പിക്കും. ദുബായ് സംഘം ഇന്ത്യ സന്ദർശിക്കുന്നുമുണ്ട്.

ദുബായ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെയും ദുബായ് ടെക്നോളജി ഒൻട്രപ്രനർ ക്യാംപസിന്റെയും (ഡിടെക്) സംയുക്ത സംരംഭമായ ദുബായ് സ്റ്റാർട്ടപ്പ് ഹബിന്റെ ആഭിമുഖ്യത്തിലുള്ള ടെക് ടൂറിൽ ദുബായിലെ പൊതു-സ്വകാര്യ മേഖലയിലെ സംരംഭകർ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരുമായി നേരിട്ടു സംവദിക്കാനാകും. വിവരങ്ങൾക്ക്: [email protected].

വിപണിയിലെ മാറ്റങ്ങൾ, നിയമകാര്യങ്ങൾ, നടപടിക്രമങ്ങൾ എന്നിവയെക്കുറിച്ച് അറിവ് പകരുന്നതിനൊപ്പം പ്രമുഖ കമ്പനികളുമായി സഹകരിക്കാൻ അവസരമൊരുക്കും. എക്സ്പോ ആകുമ്പോഴേക്കും കൂടുതൽ സംരംഭകരെ ആകർഷിക്കുകയാണു ലക്ഷ്യം. സംയുക്ത സംരംഭങ്ങൾ, വിതരണ ശൃംഖല കൂടുതൽ കാര്യക്ഷമമാക്കാനുള്ള കർമപരിപാടികൾ, പുതിയ സാങ്കേതിക വിദ്യകൾ, സംരംഭകരെ സഹായിക്കാനുള്ള സ്കെയിൽ അപ് ദുബായ്, യുവസംരംഭകരുടെ സ്റ്റാർട്ടപ്പുകൾക്ക് ഊർജമേകാനുള്ള യൂത്ത് സ്റ്റേഷൻ തുടങ്ങിയവയെക്കുറിച്ചു സപ്ലൈ ചെയിൻ ആൻഡ് ലോജിസ്റ്റിക്സ് ബിസിനസ് ഗ്രൂപ്പ്, ദുബായ് ചേംബർ ഓഫ് കൊമേഴ്സിന്റെ ഇന്ത്യയിലെ ഇന്റർനാഷനൽ ഓഫിസ് പ്രതിനിധികൾ വിശദീകരിക്കും.

ഹൈടെക് അവസരങ്ങൾ

ഹൈടെക് സംരംഭങ്ങളുടെ കേന്ദ്രമായി മാറുന്ന എക്സ്പോ നഗരത്തിൽ വൻ അവസരങ്ങളൊരുക്കും. സംരംഭകർ, സാങ്കേതിക വിദഗ്ധർ, ഗവേഷകർ തുടങ്ങിയവർക്ക് അവസരങ്ങൾ ലഭിക്കും. സ്റ്റാർട്ടപ്പ് രംഗത്തെ സഹകരണത്തിലൂടെ മധ്യപൂർവദേശത്തും ആഫ്രിക്കൻ മേഖലയിലും വൻ മുന്നേറ്റം നടത്താൻ ഇന്ത്യയും യുഎഇയും ധാരണയായിട്ടുണ്ട്.

ഡൽഹി, ബെംഗളൂരു അടക്കമുള്ള പ്രമുഖ ഇന്ത്യൻ നഗരങ്ങളിൽ ‘ദുബായ് സ്റ്റാർട്ടപ്പ് ഹബ്’ നേരത്തേ നടത്തിയ റോഡ് ഷോകൾ വൻ വിജയമായിരുന്നു. ‘ഹബിൽ’ റജിസ്റ്റർ ചെയ്തവരിൽ 30 ശതമാനവും ഇന്ത്യക്കാരാണ്. 38,000ൽ ഏറെ ഇന്ത്യൻ കമ്പനികൾക്ക് ദുബായ് ചേംബേഴ്സിൽ അംഗത്വവുമുണ്ട്.

മികച്ച അവസരങ്ങളുമായി കടന്നു വരുന്ന യുവസംരംഭകർക്കു പരിശീലനവും മികച്ച അവസരങ്ങളും ലഭ്യമാക്കാൻ സ്കിൽ അപ് അക്കാദമി, സ്കെയിൽ അപ് പ്ലാറ്റ്ഫോം, ഗ്രോ യുഎഇ പദ്ധതികൾ തുടങ്ങുമെന്നു യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.

വഴികാട്ടും, 3 ഘട്ടങ്ങളിൽ ഇൻക്യുബേറ്റർ ഘട്ടം

സംരംഭകർക്ക് എല്ലാ ഘട്ടങ്ങളിലും വിദഗ്ധർ മാർഗനിർദേശം നൽകും. ഇൻക്യുബേറ്റർ ഘട്ടമാണ് ആദ്യത്തേത്. വിവിധ സംരംഭങ്ങൾ, തുടങ്ങേണ്ടവിധം, സാധ്യതകൾ തുടങ്ങിയ വിവരങ്ങൾ ലഭ്യമാകും. നേരിട്ടോ ഓൺലൈനിലോ ഇതിൽ ചേരാം. ഏതാനും മണിക്കൂറുകൾ നീളുന്ന പരിപാടിയാണിത്. ഇതിനു startupzone.ae പോലുള്ള പോർട്ടലുകൾ ഉപയോഗപ്പെടുത്താം.

ആക്സിലറേറ്റർ ഘട്ടം
താൽപര്യമുള്ള സംരംഭത്തെക്കുറിച്ച് കൂടുതൽ പഠിക്കാവുന്ന 2 മുതൽ 6 മാസം വരെ നീളുന്ന പദ്ധതിയാണിത്. അതത് മേഖലകളിലെ വിദഗ്ധർ ക്ലാസ് എടുക്കും. വായ്പയും സീഡ് ഫണ്ട് പോലുള്ള നിക്ഷേപങ്ങളിൽ നിന്നുള്ള സഹായവും മറ്റും ലഭ്യമാക്കും. ഉൽപന്നം വിപണനം ചെയ്യുന്നതടക്കമുള്ള കാര്യങ്ങളിലും സഹായമുണ്ടാകും.

ബിസിനസ് സ്റ്റാർട്ടപ്പ് ഘട്ടം
കമ്പനി തുടങ്ങാനുള്ള നടപടിക്രമങ്ങൾ, അടിസ്ഥാനസൗകര്യ വികസനം, മേഖലാ-രാജ്യാന്തര ഇടപാടുകൾക്കുള്ള സൗകര്യം എന്നിവ ഉറപ്പാക്കും. വീസ കിട്ടുന്നതടക്കമുള്ള എല്ലാ സഹായവും അതിവേഗം ലഭ്യമാകും. ചേംബർ ഓഫ് കൊമേഴ്സ്, ഫ്രീസോൺ എന്നിവയ്ക്കു പുറമേ സ്വകാര്യ മേഖലയുടെയും പങ്കാളിത്തം തേടാം.

LEAVE A REPLY

Please enter your comment!
Please enter your name here