ഗജവീരന്മാരുടെ എഴുന്നള്ളത്തും കുടമാറ്റവും വാദ്യമേളങ്ങളും പുലികളിയുമായി പൂരപ്പൊലിമയിൽ ദുബായ് ‘മ്മടെ തൃശ്ശൂർ’ കൂട്ടായ്മയുടെ മൂന്നാം വാർഷികമാഘോഷിച്ചു. തൃശ്ശൂർ തേക്കിൻകാട് മൈതാനത്തെ പൂരനിമിഷങ്ങളെ അക്ഷരാർഥത്തിൽ ദുബായ് മണ്ണിലേക്ക് ആവാഹിച്ച കാഴ്ചകൾക്കാണ് ഇത്തിസലാത്ത്‌ അക്കാദമി മൈതാനം വെള്ളിയാഴ്ച സാക്ഷ്യംവഹിച്ചത്.

രാവിലെ പത്തുമണിക്ക് ആഘോഷങ്ങൾക്ക് കൊടിയേറി. കാവടിപൂജയും പഞ്ചാരിമേളവുമാസ്വദിക്കാൻ നൂറുകണക്കിന് ആളുകൾ രാവിലെതന്നെ എത്തിയിരുന്നു. പൂരനഗരിയുടെ അനുഭവം പകർന്നുകൊണ്ട് ചലിക്കുന്ന ഗജവീരന്മാരൂടെ രൂപം തിടമ്പേറ്റിയപ്പോൾ കോവിഡിൽ ഉത്സവക്കാഴ്ചകൾ നഷ്ടമായ പ്രവാസികൾക്ക് മറക്കാനാവാത്ത മുഹൂർത്തങ്ങളാണ് ലഭിച്ചത്. നാട്ടിൽ നിന്ന് രൂപകല്പനചെയ്തെത്തിച്ച റിമോട്ട് നിയന്ത്രിത ആനകളുടെ ചലനങ്ങൾ ആനച്ചന്തമുള്ളതായി. ഭരതം കലാകേന്ദ്രത്തിന്റെ മഠത്തിൽ വരവ് പഞ്ചവാദ്യത്തിൽ തിമിലയും മദ്ദളവും ഇലത്താളവും കുഴലും കൊമ്പും കൊണ്ട് ഉശിരൻ പ്രകടനം പുറത്തെടുത്തതോടെ മുണ്ടുമുറുക്കി കാഴ്ചക്കാരും ആവേശത്തിലായി. കരിയന്നൂർ ബ്രദേഴ്‌സിന്റെ മേജർസെറ്റ് നാദസ്വരവും കാരമുക്ക് ശ്രീമുരുക കാവടിസംഘത്തിന്റെ കാവടിയാട്ടവും ആഘോഷങ്ങൾക്ക് കൂടുതൽ നിറംപകർന്നു.

ഇടന്തലയിൽ പെരുവനം കുട്ടൻമാരാരും കേളോത്ത് അരവിന്ദാക്ഷൻ മാരാരും പെരുവനം സതീശൻ മാരാരും സംഘവും ഇലഞ്ഞിത്തറമേളത്തിന് തുടക്കംകുറിച്ചപ്പോൾ വലന്തലയിൽ പെരുവനം ഗോപാലകൃഷ്ണ പിഷാരടിയും കല്ലൂർ ശബരിയും സംഘവും കൊട്ട് മുറുക്കി. ഇലത്താളവുമായി പെരുവനം മുരളി പിഷാരടിയും വെള്ളാങ്കല്ലൂർ അനൂപും കുഴലുമായി വളപ്പായ നന്ദനനും കൊമ്പത്ത് അനിലും കൊമ്പുമായി കുമ്മത്ത് രാമൻകുട്ടിയും കൊമ്പത്ത് ശശിധരനും തൃക്കൂർ അനിലും നിറഞ്ഞാടിയപ്പോൾ ദുബായിൽ പൂരം ആവേശക്കൊടുമുടി കയറുകയായിരുന്നു.

മുണ്ട് മടക്കിക്കുത്തി ആകാശത്തേക്ക് തോർത്തുചുഴറ്റിയാണ് പൂരപ്രേമികൾ പ്രവാസലോകത്ത് ലഭിച്ച അവസരം ആഘോഷമാക്കിയത്. പരമ്പരാഗതവേഷത്തിലെത്തിയ ആയിരക്കണക്കിന് ആളുകൾ ഉത്സവലഹരിയിലലിഞ്ഞു. കുടുംബവും കുട്ടികളുമായും എത്തിയവരുമേറേയായിരുന്നു. നാടൻ തട്ടുകടകളിൽനിന്ന് ചൂടുചായയും പലഹാരങ്ങളും വാങ്ങിക്കഴിച്ച് രസമുള്ള മുഹൂർത്തങ്ങൾ ആളുകൾ ആസ്വദിച്ചു. താലപ്പൊലിയും പുലികളിയും നാദസ്വരം കാവടിയാട്ടവും ശിങ്കാരിമേളവും കരകാട്ടവും തെയ്യവും കളരിപ്പയറ്റുമെല്ലാം നിറഞ്ഞാടുകയായിരുന്നു പിന്നീടങ്ങോട്ട്. അതിനൊപ്പം ആർപ്പുവിളിച്ചും ഉല്ലസിച്ചും ആളുകൾ പൂരമാസ്വദിച്ചു. സാംസ്കാരിക പരിപാടികൾക്കുശേഷം നടന്ന തൈക്കുടം ബ്രിഡ്ജിന്റെ സംഗീതനിശകൂടിയായതോടെ പൂരം പൂർണമായി. കാത്തിരുന്ന സന്തോഷം പൂർണതയിൽ ആസ്വദിച്ചതിന്റെ സംതൃപ്തി 12 മണിക്ക് കൊടിയിറക്കത്തോടെ പൂരവേദിയിൽനിന്ന് മടങ്ങുന്നവരിൽ കാണാമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here