31 വർഷം കൊണ്ടു സോളർ പദ്ധതികളിൽ നിന്നടക്കം വൈദ്യുതി ഉൽപാദനത്തിൽ പത്തിരട്ടിയിലേറെ വർധനയുമായി ദുബായ്. 1990ൽ പ്രതിദിന ഉൽപാദനം 1,200 മെഗാവാട്ട് ആയിരുന്നെങ്കിൽ ഇപ്പോൾ 12,900. ശുദ്ധജല ഉൽപാദനത്തിൽ എട്ട് ഇരട്ടിയിലേറെയാണ് വർധന.

6 കോടി ഇംപീരിയൽ ഗാലൻ വെള്ളത്തിൽ നിന്ന് 49 കോടി. കടൽവെള്ളം ശുദ്ധീകരിച്ചാണ് കുടിവെള്ള ഉൽപാദനം. ലോകത്തിലെ ഏറ്റവും വലിയ പാരമ്പര്യേതര ഊർജപദ്ധതിയായ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോളർ പാർക്കിന്റെ 5ാം ഘട്ടത്തിന്റെ പ്രധാന മേഖല അടുത്ത ജൂലൈയിൽ പ്രവർത്തനക്ഷമമാകുന്നതോടെ ഉൽപാദനം 13,200 മെഗാവാട്ട് ആകുമെന്ന് ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ) എംഡിയും സിഇഒയുമായ സഈദ് മുഹമ്മദ് അൽ തായർ പറഞ്ഞു.

900 മെഗാവാട്ട് ശേഷിയുള്ള അഞ്ചാംഘട്ടത്തിൽ നിന്ന് 300 മെഗാവാട്ട് ഉൽപാദിപ്പിക്കാനാകും. മൊത്തം 5,000 കോടി ദിർഹം ചെലവു പ്രതീക്ഷിക്കുന്ന 5,000 മെഗാവാട്ട് പദ്ധതി 2030ൽ പൂർത്തിയാകും. ഐപിപി (ഇൻഡിപെൻഡന്റ് പവർ പ്രൊഡ്യൂസർ) മോഡൽ സോളർ പ്ലാന്റ് ആണിത്. സോളർ ട്രാക്കിങ് സംവിധാനമുള്ള പ്ലാന്റ് ആയതിനാൽ സൂര്യപ്രകാശം വരുന്ന ദിശയിലേക്കു പാനലുകൾ തിരിയും. നിർമാണപ്രവർത്തനങ്ങൾക്ക് റോബട്ടുകളുടെ സേവനവും ഉപയോഗിക്കുന്നു.

പൊടിക്കാറ്റ് കൂടുതലുള്ള യുഎഇയിലെ കാലാവസ്ഥ കണക്കിലെടുത്ത് സ്വയം വൃത്തിയാക്കാനുള്ള സംവിധാനം സൗരോർജ പാനലുകളിലുണ്ട്. 30 വർഷത്തിനകം ദുബായ് ഉപയോഗിക്കുന്ന ഊർജത്തിന്റെ 75 ശതമാനവും സംശുദ്ധ പദ്ധതികളിൽ നിന്നാകും.

ഹൈടെക് വിദ്യകൾ

ഊർജ-ജല മേഖലയിൽ നിർമിതബുദ്ധി, ബ്ലോക് ചെയിൻ, ഇന്റർനെറ്റ് ഓഫ് തിങ്സ്, ഡ്രോണുകൾ എന്നിവ ഉപയോഗപ്പെടുത്തുന്നു. വൈദ്യുതി-ജല വിതരണം കൂടുതൽ കാര്യക്ഷമമാക്കാൻ ഈ വർഷം 4 മാസത്തിനിടെ 6 സബ് സ്റ്റേഷനുകൾ തുറന്നു. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോളർ പാർക്കിൽ 400 കിലോവാട്ടും (കെവി) മറ്റിടങ്ങളിൽ 132 കിലോവാട്ടും ശേഷിയുള്ള സ്റ്റേഷനുകളാണ് തുറന്നത്.

സൗരോർജത്തിൽ നിന്നു ഹൈഡ്രജൻ ഉൽപാദിപ്പിക്കുന്ന പദ്ധതിയും പാർക്കിൽ തുടങ്ങി. ഒക്ടോബറിൽ എക്സ്പോ ആകുമ്പോഴേക്കും ഹൈഡ്രജൻ വാഹനങ്ങൾ നിരത്തിലിറക്കുന്നതും പരിഗണനയിലാണ്. ഗൾഫ് മേഖലയിലെ ആദ്യ ജലവൈദ്യുത നിലയമായ ഹത്ത പദ്ധതി 2024 ആകുമ്പോഴേക്കും പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. പദ്ധതി കാർഷിക-വിനോദസഞ്ചാര മേഖലകൾക്കും നേട്ടമാകും.

LEAVE A REPLY

Please enter your comment!
Please enter your name here