ABU DHABI, UNITED ARAB EMIRATES - September 02, 2018: HH Sheikh Mohamed bin Zayed Al Nahyan, Crown Prince of Abu Dhabi and Deputy Supreme Commander of the UAE Armed Forces (C), visits Al Asayel Primary School. ( Rashed Al Mansoori / Crown Prince Court - Abu Dhabi ) ---

വൈജ്ഞാനിക മുന്നേറ്റത്തിലൂടെ ലക്ഷ്യങ്ങൾ നേടണമെന്ന പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ വിദ്യാഭ്യാസ നയം യുഎഇയെ കൂടുതൽ ‘സ്മാർട്’ ആക്കും. അറിവുകളുടെയും അവസരങ്ങളുടെയും രാജ്യമായി മാറാൻ യുഎഇ തയാറെടുക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം അണ്ടർ സെക്രട്ടറി അബ്ദുൽ റഹ്മാൻ മുഹമ്മദ് അൽ ഹമ്മാദി പറഞ്ഞു.

എണ്ണയെ ആശ്രയിക്കാത്ത സാമ്പത്തിക വളർച്ചയും കാർഷിക മേഖലയുടെ ആധുനികവൽക്കരണവുമാണ് വികസനത്തിന്റെ അടിസ്ഥാനമെന്ന ഷെയ്ഖ് മുഹമ്മദ് ബിൻ സായിദിന്റെ ദീർഘവീക്ഷണമാണ് സ്മാർട് വിദ്യാഭ്യാസത്തെ ഓരോ ക്ലാസ് മുറിയിലുമെത്തിച്ചത്.

മികച്ച യോഗ്യതയും പരിശീലനവും നേടിയ അധ്യാപകർ, നൂതന പാഠ്യപദ്ധതികൾ, വിദ്യാർഥികളുടെ അഭിരുചി കണ്ടെത്തി വിദഗ്ധ പരിശീലനം, സമർഥരായ വിദേശ വിദ്യാർഥികൾക്ക് അവസരങ്ങൾ എന്നിങ്ങനെ വിദ്യാഭ്യാസ മേഖലയിൽ ഇനി സമഗ്ര മാറ്റങ്ങളുടെ കാലമാണെന്നും വ്യക്തമാക്കി. നിർമിതബുദ്ധിക്ക് പ്രത്യേക മന്ത്രാലയമുള്ള യുഎഇ, ഗതാഗത-സുരക്ഷാ മേഖലയിലടക്കം ‘സ്മാർട്’ മാറ്റങ്ങൾക്കു തുടക്കമിട്ട ആദ്യ ഗൾഫ് രാജ്യമാണ്.

നിർമിത ബുദ്ധിയിൽ റോബട്ടിക്സ് വിപ്ലവം

റോബട്ടിക്സ്, നിർമിത ബുദ്ധി ലാബുകൾ ഉൾപ്പെടെയുള്ള ഹൈടെക് സംവിധാനങ്ങളോടെ ന്യൂജെൻ സ്കൂളുകൾ വ്യാപകമാക്കാനുള്ള പദ്ധതി വേഗത്തിലാകും. നഴ്സറികളിലടക്കം മാറ്റമുണ്ടാകും. നിർമിത ബുദ്ധിയിലടക്കം 2030 ൽ ഒന്നാം സ്ഥാനം നേടുകയാണ് ലക്ഷ്യം. യുഎഇയെ കോഡിങ് വിദഗ്ധരുടെ രാജ്യാന്തര ആസ്ഥാനമാക്കാനും ഡിജിറ്റൽ രംഗത്തെ വെല്ലുവിളികൾ മറികടക്കാനുമുള്ളതാണ് മറ്റൊരു പദ്ധതി.

‘നാഷനൽ പ്രോഗ്രാം ഫോർ കോഡേഴ്സ്’ പദ്ധതി ഇതിന്റെ ഭാഗമാണ്. ലോകത്തര സർവകലാശാലകളുടെ കൂടുതൽ ക്യാംപസുകൾ രാജ്യത്തു തുറക്കുമെന്നു പ്രതീക്ഷിക്കാം. സർക്കാർ തലങ്ങളിൽ നിർമിതബുദ്ധിയടക്കമുള്ള നൂതന സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്താൻ 14 ഇന കർമപരിപാടികൾ നടപ്പാക്കുകയാണ്.

യുഎഇ ഡെവലപ്ഡ് ടെക്നോളജീസ് കമ്മിറ്റിയുടെ മേൽനോട്ടത്തിൽ ആറും എമേർജിങ് ടെക്നോളജീസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എട്ടും കർമപരിപാടികളാണു നടപ്പാക്കുന്നത്.

ഹൈടെക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങുന്നതിലല്ല, മാറ്റങ്ങൾക്കനുസരിച്ച് ഓരോ ഘട്ടത്തിലും അതിന്റെ പ്രവർത്തനം പരിഷ്കരിക്കുന്നതിലാണ് കൂടുതൽ ശ്രദ്ധിക്കേണ്ടതെന്നാണ് അദ്ദേഹത്തിന്റെ നയം. ഇതിനായി ഉന്നതതല സംഘം വിദ്യാലയങ്ങൾ സന്ദർശിച്ച് പഠനനിലവാരം വിലയിരുത്തും.

മികച്ച വിദ്യാർഥികളെയും അധ്യാപകരെയും കണ്ടെത്തി കൂടുതൽ അവസരമൊരുക്കും.പാഠപുസ്തകങ്ങൾക്കപ്പുറമുള്ള വിജ്ഞാനത്തിന് പുസ്തക മേളകൾ പ്രോത്സാഹിപ്പിക്കണമെന്നതാണ് മറ്റൊരു നയം. അബുദാബി രാജ്യാന്തര പുസ്തകമേളയോടനുബന്ധിച്ച് 5 ലക്ഷം പുസ്തകങ്ങൾ വാങ്ങാൻ 60 ലക്ഷം ദിർഹം അനുവദിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here