ദുബായ് ആതിഥ്യം വഹിക്കുന്ന ലോക പ്രദർശനമായ എക്സ്‌പോ 2020-യിലെ യു.എസ്. പവലിയന്റെ നിർമാണം നവംബറിൽ പൂർത്തിയാകും. നവംബർ 15-ന് മുമ്പ് തന്നെ പ്രധാന ജോലികളെല്ലാം പൂർത്തിയാക്കാനാകുമെന്ന് യു.എ.ഇയിലെ യു.എസ്. അംബാസഡർ ജോൺ റാക്കോൾട്ട അറിയിച്ചു.

യു.എസ്. പവലിയൻ നിർമാണത്തിനായി യു.എ.ഇ. 60 ദശലക്ഷം യു.എസ്. ഡോളർ സംഭാവന നൽകിയിട്ടുണ്ട്. ബാക്കി തുക വിവിധ യു.എസ്. സംഘടനകൾ സമാഹരിക്കുമെന്ന് പവലിയന്റെ മൊത്തം ചെലവ് വെളിപ്പെടുത്താതെ റാകോൾട്ട പറഞ്ഞു. പവലിയൻ നിർമാണം വീക്ഷിക്കാനെത്തിയ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഇത് യു.എസ്. എംബസിയുടെ മുൻഗണനകളിലൊന്നാണ്. ഏറ്റവും മികച്ച അമേരിക്കൻ പങ്കാളിത്തം ഞങ്ങൾ പ്രതീക്ഷിക്കുന്നു. യു.എ.ഇ.യുടെ സുവർണ ജൂബിലിയും ഈ രാജ്യത്തിന്റെ മറ്റ് ഒട്ടേറെ നേട്ടങ്ങളും ആഘോഷിക്കാൻ ഇത് അവസരമൊരുക്കുന്ന’’- റാകോൾട്ട വിശദീകരിച്ചു .

ഇസ്രായേലും യു.എ.ഇയും ബഹ്‌റൈനും തമ്മിൽ സൗഹൃദം സ്ഥാപിക്കുന്ന ചരിത്രപരമായ അബ്രഹാം കരാർ ഒപ്പിട്ടതിന് സാക്ഷ്യം വഹിച്ച് വാഷിംങ്‌ടണിൽനിന്ന് മടങ്ങിയെത്തിയ അംബാസഡർ പുതിയ സൗഹൃദത്തിന്റെ കാര്യവും വിശദീകരിച്ചു. എക്സ്‌പോ 2020-യിലുള്ള ഇസ്രയേൽ പങ്കാളിത്തം മുഴുവൻ പ്രദേശവും എങ്ങനെയാണ് പരസ്പരം കൂടുതൽ ഉൾക്കൊള്ളുന്ന ഒരു സമൂഹത്തിലേക്ക് നീങ്ങുന്നത് എന്നു കാണിക്കുന്നു. ഇത് ഒട്ടേറെ ആനുകൂല്യങ്ങൾ കൊണ്ടുവരും. വ്യാപാരം, നിക്ഷേപം, ടൂറിസം, തൊഴിലവസരങ്ങൾ, സമാധാനം എന്നിവ ഇവയിൽ പ്രധാനമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ജീവിതം, സ്വാതന്ത്ര്യം, ഭാവി പിന്തുടരൽ’ എന്ന പ്രമേയം ആസ്പദമാക്കിയുള്ള യു.എസ്. പവലിയൻ ഒരു സാംസ്കാരിക പരിപാടി അവതരിപ്പിക്കും. ഇതിനായി അമേരിക്കയിലുടനീളമുള്ള കലാകാരന്മാരെയും നർത്തകരെയും റിക്രൂട്ട് ചെയ്യുന്നത് ഇതിനകം ആരംഭിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. എക്സ്‌പോയിലെ അമേരിക്കയുടെ സാംസ്കാരിക അംബാസഡർമാരായി അവർ തങ്ങളുടെ പ്രദേശങ്ങളെയും സംസ്ഥാനങ്ങളെയും പ്രതിനിധീകരിക്കും, സാംസ്കാരിക പരിപാടികൾ അമേരിക്കയുടെയും അതിന്റെ പ്രദേശങ്ങളുടെയും ഭൂമിശാസ്ത്രപരവും സാംസ്കാരികവുമായ സമൃദ്ധി പ്രദർശിപ്പിക്കുമെന്നും റാക്കോൾട്ട പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here