അറബ്, ആഫ്രിക്കന്‍ രാജ്യങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ലോകകപ്പ് മാതൃകയില്‍ അറബ് കപ്പ് സംഘടിപ്പിക്കാന്‍ ഫിഫ തീരുമാനം. അടുത്ത വര്‍ഷം ഖത്തറില്‍ വെച്ചാണ് ടൂര്‍ണമെന്‍റ് നടക്കുക. 2022 ലോകകപ്പിന്‍റെ മുന്നൊരുക്കമെന്ന നിലയിലാണ് ടൂര്‍ണമെന്‍റ് നടക്കുക. അറബ്, ആഫ്രിക്കന്‍ മേഖലകളില്‍ നിന്നായി മൊത്തം 22 രാജ്യങ്ങളാണ് ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുക. 2021 ഡിസംബര്‍ 1 മുതല്‍ 18 വരെയാണ് മത്സരങ്ങള്‍. ലോകകപ്പിനായി ഖത്തര്‍ പണികഴിപ്പിച്ച സ്റ്റേഡിയങ്ങളില്‍ വെച്ച് ലോകകപ്പ് മത്സരങ്ങളുടെ അതെ സമയങ്ങളിലായിരിക്കും മത്സരങ്ങള്‍ നടത്തുക.

ആതിഥേയരായ ഖത്തറിന് പുറമെ ബഹ്റൈന്‍ ഇറാഖ് ജോര്‍ദ്ദാന്‍, കുവൈത്ത്, ലബനന്‍, ഒമാന്‍, പലസ്തീന്‍, സൌദി അറേബ്യ, സിറിയ, യുഎഇ, യെമന്‍ എന്നീ ടീമുകളാണ് മധ്യേഷ്യയില്‍ നിന്നും ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുക. ആഫ്രിക്കന്‍ മേഖലയില്‍ നിന്ന് അള്‍ജീരിയ, കോമറോസ്, ജിബൂത്തി, ഈജിപ്ത്, ലിബിയ, മൌറിത്താനിയ, മൊറോക്കോ, സോമാലിയ, സുഡാന്‍, തുണീഷ്യ എന്നീ ടീമുകളും. ഫിഫ, ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന്‍, ലോകകപ്പിന്‍റെ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍റ് ലെഗസി തുടങ്ങിയവരായിരിക്കും സംഘാടകര്‍.

ലോകകപ്പ് ഫൈനല്‍ നടക്കുന്ന ഡിസംബര്‍ പതിനെട്ടിന് തന്നെയായിരിക്കും അറബ് കപ്പിന്‍റെയും ഫൈനല്‍. 22 മധ്യേഷന്‍ രാജ്യങ്ങളും ടൂര്‍ണമെന്‍റില്‍ പങ്കെടുക്കാന്‍ സന്നദ്ധത അറിയിച്ചതായി ഫിഫ അധ്യക്ഷന്‍ ജിയാനി ഇന്‍ഫാന്‍റിനോ അറിയിച്ചു. അറബ് മേഖലയിലെ 450 മില്യണ്‍ ജനങ്ങളെ ഒന്നിപ്പിക്കാനും ലോകകപ്പിനായുള്ള ആവേശം വര്‍ധിപ്പിക്കാനും ടൂര്‍ണമെന്‍റ് വഴി സാധിക്കുമെന്ന് ഇന്‍ഫാന്‍റിനോ കൂട്ടിച്ചേര്‍ത്തു

LEAVE A REPLY

Please enter your comment!
Please enter your name here