കടൽ യാത്ര വിനോദ സഞ്ചാരമാക്കാൻ വരുന്നൂ സഞ്ചരിക്കുന്ന പ്രകൃതി സൗഹൃദ പ്ലോട്ടിങ് ഹൗസ്. റാസൽഖൈമയിലെ ഹംറാ തുറമുഖത്തു തമ്പടിച്ച ജലസദനം 2023 ൽ യാഥാർഥ്യമാകും. യുഎഇ കപ്പൽ, ബോട്ട് നിർമാണ കമ്പനിയായ സീ ജെറ്റ് ഷിപ്പ്‌യാഡാണ് കൗതുക ജലവാഹനം ഒരുക്കുന്നത്. വിശാലമായ മേൽത്തട്ടും അനുബന്ധ സൗകര്യങ്ങളുമുള്ള ഇരുനില പ്ലോട്ടിങ് ഹൗസ് സവിശേഷതകളുടെ ജല വാഹനമാണെന്നു കമ്പനി അഡ്മിനിസ്ട്രേഷൻ ഡയറക്ടറും യുഎഇ വ്യവസായി വനിതയുമായ ആലിയ അസ്സുവൈദി പറഞ്ഞു.

ഒരോ നിലയും 300 ചതുരശ്ര മീറ്റർ വ്യാപ്തിയുണ്ട്. മൊത്തം 900 ചതുരശ്ര മീറ്ററുള്ള ഈ ഉല്ലാസ കടൽ വീട്ടിൽ സ്ഫടിക ഭിത്തികളുള്ള നീന്തൽക്കുളവും സജ്ജമാക്കിയിട്ടുണ്ട്. ആദ്യ നിലയിൽ നാല് കിടപ്പ് മുറികളും ശുചി മുറികളാണുള്ളത്. താഴെ നിലയിൽ മാസ്മരിക കാഴ്ചകൾ സഞ്ചാരികൾക്ക് സമ്മാനിക്കുന്ന വിധത്തിലാണു നിർമിച്ചിരിക്കുന്നത്. വീട്ടുജോലിക്കാരുടെ മുറികളും അടുക്കളയും പൂമുഖവും കൂടാതെ രണ്ടു ബെഡ് റൂമുകളും ഇവിടെയുണ്ട്.

വിനോദ സഞ്ചാര മേഖലയിലും റിയൽ എസ്‌റ്റേറ്റ് രംഗത്തും ദുബായുടെ കുതിപ്പാണു വ്യത്യസ്തമായ ‘കടൽ വസതി’ യൊരുക്കാനുള്ള പ്രചോദനമെന്ന് ആലിയ സൂചിപ്പിച്ചു.

സഞ്ചരിക്കുന്ന സ്ഫടിക നിർമിത കടൽ വീട് വ്യത്യസ്ത സംരംഭമാണ്. തിരകളെ തുഴഞ്ഞ് മുന്നോട്ട് കുതിക്കാൻ ശേഷിയുള്ള ഹൈഡ്രോളിക് എഞ്ചിനുകൾ ഇതിനുണ്ട്.സ്മാർട് സംവിധാനമാണ് പ്ലോട്ടിങ് ഹൗസിന്റെ മറ്റൊരു സവിശേഷത. വായുസഞ്ചാരത്തിനും മലിന ജലം പുറത്തുതള്ളുന്നതിനും അത്യാധുനിക സംവിധാനങ്ങളുണ്ട്. സൗരോർജവും സഞ്ചരിക്കുന്ന ജല വീട് ഉപയോഗിക്കുന്നു. കമ്പനിയുടെ ആദ്യ പദ്ധതിയിൽ പുറത്തിറങ്ങിയ വാഹനം രണ്ടു കോടി ദിർഹത്തിനാണ് ഒരു വ്യവസായി സ്വന്തമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here