28 വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് 2011ല്‍ എംഎസ് ധോണിക്കു കീഴില്‍ ഇന്ത്യ തങ്ങളുടെ രണ്ടാം ഏകിന ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ കലാശപ്പോരില്‍ അയല്‍ക്കാരായ ശ്രീലങ്കയെ ആറു വിക്കറ്റിനു തകര്‍ത്തായിരുന്നു ഇന്ത്യയുടെ വിശ്വവിജയം. ഇന്ത്യയുടെ വിജയമുറപ്പിച്ചു കൊണ്ട് അന്നു നായകന്‍ ധോണി പറത്തിയ സിക്‌സര്‍ ഇപ്പോഴും ആരാധകരുടെ മനസ്സിലുണ്ട്.

എന്നാല്‍ ഫൈനലിനെക്കുറിച്ച് ഗുരുതരമായ ആരോപണവുമായി രംഗത്തു വന്നിരിക്കുകയാണ് ശ്രീലങ്കയുടെ മുന്‍ കായിക മന്ത്രി മഹിന്ദാനന്ദ അലുത്ഗമഗെ. അന്നു ലങ്ക ഫൈനലില്‍ തോല്‍ക്കുമ്പോള്‍ രാജ്യത്തെ കായികമന്ത്രി അദ്ദേഹമായിരുന്നു. ലങ്കന്‍ മന്ത്രിയുടെ ഈ ആരോപണം വരും ദിവസങ്ങളില്‍ ക്രിക്കറ്റ് ലോകത്ത് ചൂടേറിയ ചര്‍ച്ചയ്ക്കു വഴിയൊരുക്കമെന്നുറപ്പാണ്.

ലോകകപ്പ് ഫൈനലിന്‍ ഒത്തുകളി നടന്നുവെന്നതിന് തെളിവുകളൊന്നും നിരത്താന്‍ അലുത്ഗമഗെ തയ്യാറായില്ല. എന്നാല്‍ മല്‍സരം ഒത്തുകളിയാണെന്ന വാക്കുകളില്‍ താന്‍ ഉറച്ചു നില്‍ക്കുന്നതായും ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

2011ലെ ലോകകപ്പ് ഫൈനല്‍ ഒത്തുകളി തന്നെയാണ്. ഇക്കാര്യത്തില്‍ ഒരു സംശയവും തനിക്കില്ല. താന്‍ രാജ്യത്തെ കായിക മന്ത്രിയായിരിക്കെയാണ് ഈ ഫൈനല്‍ ഇന്ത്യയില്‍ നടന്നതെന്നും അലുത്ഗമഗെ കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെ തുടര്‍ന്ന് എന്തു തന്നെ പ്രത്യാഘ്യാതമുണ്ടായാലും അതിന്റെ പൂര്‍ണ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുന്നു. എന്നാല്‍ സ്വന്തം രാജ്യത്തെയോര്‍ത്ത് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാന്‍ ആഗ്രഹമില്ല. 2011ലെ ലോകപ്പ് ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച് ശ്രീലങ്ക കിരീടം നേടേണ്ടതായിരുന്നുവെന്ന് അലുത്ഗമഗെ പറഞ്ഞു.

ലോകകപ്പ് ഫൈനലുമായി ബന്ധപ്പെട്ട് ആരുമായും ചര്‍ച്ചയ്ക്കു തയ്യാറാണ്. ആളുകള്‍ക്കു ഇതേക്കുറിച്ച് ആശങ്കയുണ്ടായിരിക്കും. ഫൈനലില്‍ ചില ഗ്രൂപ്പുകള്‍ തീര്‍ച്ചയായും ഒത്തുകളി നടത്തിയിരുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here