സൗരോർജത്തിനു പിന്നാലെ ദുബായിയുടെ ‘സംശുദ്ധ വികസന’ത്തിന് ഊർജമേകാൻ ഹരിത ഹൈഡ്രജനും. സൗരോർജത്തിൽ നിന്നു ഹൈഡ്രജൻ ഉൽപാദിപ്പിക്കുന്ന പദ്ധതി മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോളർ പാർക്കിൽ പ്രവർത്തനമാരംഭിച്ചു. പരിസ്ഥിതി പ്രശ്നങ്ങളുണ്ടാക്കാത്ത ഹൈഡ്രജൻ കുറഞ്ഞ ചെലവിൽ ഉൽപാദിപ്പിക്കാനും സംഭരിക്കാനും സുരക്ഷിതമായി ഉപയോഗിക്കാനും കഴിയും. പാരമ്പര്യേതര ഊർജ രംഗത്ത് ‘മേന’ മേഖലയിൽ ആദ്യത്തേതാണ് ഈ പദ്ധതി.

ഒക്ടോബർ ഒന്നിനു തുടങ്ങുന്ന എക്സ്പോയിൽ ഹൈഡ്രജൻ വാഹനങ്ങളെ ഉപയോഗപ്പെടുത്തുന്നതും പരിഗണനയിലാണ്.

ഹൈഡ്രജൻ ഇന്ധനമാക്കുന്നതോടെ ഗതാഗത, വ്യാവസായിക രംഗത്ത് വൻ കുതിപ്പിന് വഴിയൊരുങ്ങുമെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത ദുബായ് സുപ്രീം കൗൺസിൽ ഓഫ് എനർജി ചെയർമാൻ ഷെയ്ഖ് അഹമ്മദ് ബിൻ സഈദ് അൽ മക്തൂം പറഞ്ഞു. ഘട്ടംഘട്ടമായി ഉൽപാദനം കൂട്ടും. ഇലക്ട്രിക്കൽ, ഹൈബ്രിഡ്, സ്വയം നിയന്ത്രിത (ഓട്ടോണമസ്) വാഹനങ്ങളുമായി ഓട്ടമൊബീൽ രംഗത്ത് ലോകത്തിന്റെ മുൻനിരയിലാണ് യുഎഇ. 2050 ആകുമ്പോഴേക്കും ദുബായ് ഉപയോഗിക്കുന്ന ഊർജത്തിന്റെ 75 ശതമാനവും സംശുദ്ധപദ്ധതികളിൽ നിന്നാകുമെന്നും എക്സ്പോ 2020 ദുബായ് ഹയർ കമ്മിറ്റി ചെയർമാൻ കൂടിയായ ഷെയ്ഖ് അഹമ്മദ് പറഞ്ഞു.

ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ), എക്സ്പോ, സീമെൻസ് എനർജി എന്നിവയുമായി സഹകരിച്ചാണ് പദ്ധതി.

വ്യവസായ മന്ത്രി ഡോ.സുൽത്താൻ ബിൻ അഹമ്മദ് സുൽത്താൻ അൽ ജാബർ, ഊർജമന്ത്രി സുഹൈൽ ബിൻ മുഹമ്മദ് ഫരജ് ഫാരിസ് അൽ മസ്റൂയി, കാലാവസ്ഥാ മാറ്റ-പരിസ്ഥിതി മന്ത്രി ഡോ.അബ്ദുല്ല ബെൽഹൈഫ് അൽ നുഐമി, രാജ്യാന്തര സഹമന്ത്രി റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമി, ദീവ എംഡിയും സിഇഒയുമായ സഈദ് മുഹമ്മദ് അൽ തായർ, സീമൻസ് എനർജി പ്രസിഡന്റും സിഇഒയുമായ ഡോ.ക്രിസ്റ്റ്യൻ ബ്രുഷ് തുടങ്ങിയവർ പങ്കെടുത്തു.

പുകയില്ല, ശബ്ദവും കുറവ്
ഹൈഡ്രജൻ ഇന്ധനമാക്കിയ കാറുകൾ ഒരുതവണ ചാർജ് ചെയ്താൽ 200 കിലോമീറ്ററിലേറെ ഓടുമെന്നാണ് കണ്ടെത്തൽ. ഹൈഡ്രജനും ഓക്സിജനും ചേരുമ്പോൾ ഉണ്ടാകുന്ന ഇലക്ട്രോൺ പ്രവാഹമാണ് ഊർജമായി മാറുന്നത്.

കാർബൺ ബഹിർഗമനമില്ലാത്ത ഹൈഡ്രജൻ ഇന്ധനസെല്ലുകൾ ഉപയോഗിച്ചു പ്രവർത്തിക്കുന്ന വാഹനം വെള്ളവും നീരാവിയും മാത്രമാണ് പുറന്തള്ളുക. ശബ്ദം കുറവായിരിക്കും. വൈദ്യുത വാഹനങ്ങളെ അപേക്ഷിച്ചു പെട്ടെന്നു റീചാർജ് ചെയ്യാനാകും. വാഹനങ്ങൾ ഓടിക്കാനും ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാനുമുള്ള ഊർജം ഒരു സംവിധാനത്തിൽ നിന്ന് ഉൽപാദിപ്പിക്കാം.

ഹൈഡ്രജൻ ഇന്ധനമാക്കിയ ട്രെയിനിന്റെ പരീക്ഷണയോട്ടം ജർമനിയിൽ വിജയമായിരുന്നു. ഹൈഡ്രജൻ, ഓക്സിജൻ മിശ്രിതം വഴി വൈദ്യുതി ഉൽപാദിപ്പിക്കുന്ന ഇന്ധന സെല്ലുകൾ വാഹനങ്ങളിൽ ഉപയോഗിക്കാനാണു പദ്ധതി. അധികം വരുന്ന ഊർജം പ്രത്യേകം ബാറ്ററികളിൽ സംഭരിക്കാനുമാകും.

എണ്ണിത്തീരാത്ത നേട്ടങ്ങൾ
∙ ഹൈഡ്രജൻ സംഭരിക്കാനും മറ്റൊരിടത്തേക്കു കൊണ്ടുപോകാനും സൗകര്യം.
∙ പരമ്പരാഗത ഇന്ധനം, പ്രകൃതിവാതകം എന്നിവ പോലെ നേരിട്ട് ഉപയോഗിക്കാം. വൈദ്യുതിയാക്കി മാറ്റി സെല്ലുകളിലും സംഭരിക്കാം.

∙ ഡീസൽ, പ്രകൃതി വാതകം എന്നിവയേക്കാൾ മൂന്നു മടങ്ങ് ഗുണകരം. 2050 ആകുമ്പോഴേക്കും ഹൈഡ്രജൻ ഉപയോഗം 10 മടങ്ങായി ഉയരുമെന്ന് ഗവേഷകരുടെ വിലയിരുത്തൽ. 2030 ആകുമ്പോഴേക്കും ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾ വ്യപകമാകുമെന്നും റിപ്പോർട്ടുണ്ട്.

∙ നിലവിലുള്ള കാർബൺ മലനീകരണത്തോത് കുത്തനെ കുറയ്ക്കാനാകും.

∙ എണ്ണ, പ്രകൃതിവാതകം, കൽക്കരി എന്നിവയെ അധികകാലം ആശ്രയിക്കാനാകില്ലെന്നാണ് ശാസ്ത്രലോകത്തിന്റെ നിഗമനം.

LEAVE A REPLY

Please enter your comment!
Please enter your name here