കേരളത്തില്‍ നിന്ന് ആരോഗ്യപ്രവര്‍ത്തകരെ കൊണ്ടു പോകാന്‍ അനുമതി തേടി വിവിധ ഗള്‍ഫ് രാജ്യങ്ങള്‍. കേരളത്തില്‍ നിന്ന് റിക്രൂട്ട് ചെയ്ത നൂറിലധികം നഴ്‌സുമാരെ കൊണ്ടുപോകുന്നതിന് അനുമതി തേടി ബഹ്‌റൈന്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചു. കൊറോണവൈറസ് മഹാമാരി വ്യാപിച്ച പശ്ചാത്തലത്തില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണിത്.

അവധിക്ക് നാട്ടിലെത്തിയ ഡോക്ടര്‍മാരേയും മറ്റു ആരോഗ്യപ്രവര്‍ത്തകരേയും തിരിച്ചുക്കൊണ്ടുപോകാന്‍ സൗദി അറേബ്യയും അനുമതി തേടിയിട്ടുണ്ട്. ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണ്. ആരോഗ്യപ്രവര്‍ത്തകരെ കൊണ്ടുപോകുന്നതിന് കൊച്ചിയില്‍ പ്രത്യേക വിമാനമിറക്കാനാണ് സൗദിയും ബഹ്‌റൈനും അനുമതി തേടിയിരിക്കുന്നത്. അതേ സമയം കൊറോണവൈറസ് മഹാമാരിയെ നേരിടുന്നതിന് ഇന്ത്യയില്‍ നിന്ന് ഡോക്ടര്‍മാരേയും ആരോഗ്യപ്രവര്‍ത്തകരേയും വേണമെന്ന യുഎഇയുടേയും കുവൈത്തിന്റേയും ആവശ്യത്തിന് കേന്ദ്ര സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയെന്നാണ് റിപ്പോർട്ട്.

കുവൈത്ത് ആവശ്യപ്പെട്ടതനുസരിച്ച് 15 സൈനിക ഡോക്ടര്‍മാരടങ്ങിയ സംഘത്തെ ഇന്ത്യ കുവൈത്തിലേക്കയച്ചിരുന്നു. ഈ സംഘം തിങ്കളാഴ്ച ഇന്ത്യയില്‍ മടങ്ങിയെത്തി. എന്നാലിപ്പോള്‍ കൂടുതല്‍ സഹായം വേണമെന്ന് കുവൈത്ത് അഭ്യര്‍ത്ഥിച്ചിരിക്കുകയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടുടേയും സേവനം ആവശ്യമുണ്ടെന്ന് യുഎഇ സര്‍ക്കാരും കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാരിനോട് ആഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here