ക്രിക്കറ്റിന് അധികം വേരോട്ടമില്ലാത്ത ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നിന്ന് ഒരു ക്രിക്കറ്റ് താരത്തിന് ഇന്ത്യന്‍ ടീമില്‍ സ്ഥിര സാന്നിധ്യമാകുകയെന്നത് സ്വപ്‌നം മാത്രമായിരുന്ന കാലമുണ്ടായിരുന്നു. എന്നാല്‍ അതേ സ്വപ്‌നം കണ്ടു നടന്ന ഒരാള്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചുവടുകള്‍ ഓരോന്നായി കയറിക്കഴിഞ്ഞിരിക്കുന്നു. അതിന് കാരണമായതോ സൗരവ് ഗാംഗുലിയെന്ന ക്യാപ്റ്റനും.

എം.എസ് ധോനിയെന്ന യുവതാരത്തിന് ഇന്ത്യന്‍ ക്രിക്കറ്റില്‍ സ്വന്തമായി ഒരു മേല്‍വിലാസം ഉണ്ടാക്കിക്കൊടുത്തത് ഗാംഗുലിയാണെന്ന് പറയേണ്ടി വരും. 2004-ലെ ബംഗ്ലാദേശ് പര്യടനത്തിനുള്ള ടീമിലേക്ക് ഒരു വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെ തേടുകയായിരുന്നു ടീം ഇന്ത്യ. രണ്ടു പേരുകളായികുന്നു സെലക്ടര്‍മാര്‍ക്കു മുന്നില്‍ ഉണ്ടായിരുന്നത്. എം.എസ് ധോനിയും ദിനേഷ് കാര്‍ത്തിക്കും. ഇതില്‍ ഗാംഗുലിയുടെ മാത്രം നിര്‍ബന്ധം കാരണമാണ് ധോനിക്ക് ഇന്ത്യന്‍ ടീമിലേക്കുള്ള വഴിതെളിഞ്ഞത്.

ധോനിയുടെ 39-ാം ജന്മദിനത്തില്‍ അദ്ദേഹത്തെ കുറിച്ച് സംസാരിക്കുകയാണ് ദാദ. ഇന്ത്യന്‍ താരം മായങ്ക് അഗര്‍വാളിന്റെ ഓപ്പണ്‍ നെറ്റ്‌സ് വിത്ത് മായങ്ക് എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ”അതല്ലേ എന്റെ ജോലി? ഏറ്റവും മികച്ച ടീമിനെ തിരഞ്ഞെടുക്കുക എന്നത് ഓരോ ക്യാപ്റ്റന്‍മാരുടെയും ജോലിയാണ്. ചിലപ്പോള്‍ ചില തോന്നലുകള്‍ അനുസരിച്ച് നമ്മള്‍ ഓരോ കാര്യങ്ങള്‍ ചെയ്യും. ഇന്ത്യന്‍ ക്രിക്കറ്റിന് മഹേന്ദ്ര സിങ് ധോനിയെ ലഭിച്ചതില്‍ ഞാന്‍ വളരെ സന്തുഷ്ടനാണ്. കാരണം അവിശ്വസനീയനായ താരമാണ്. വെറുമൊരു ഫിനിഷര്‍ മാത്രമല്ല, ഞാന്‍ പറയുകയാണെങ്കില്‍ ലോക ക്രിക്കറ്റിലെ തന്നെ ഇതിഹാസ താരങ്ങളില്‍ ഒരാളാണ് ധോനി.” -ഗാംഗുലി പറഞ്ഞു.

ആദ്യ മത്സരങ്ങളില്‍ ബാറ്റിങ് ഓര്‍ഡറില്‍ താഴെ ഇറങ്ങി പരാജയപ്പെട്ടിരുന്ന ധോനിയെ പാകിസ്താനെതിരായ മത്സരത്തില്‍ മൂന്നാം നമ്പറില്‍ ബാറ്റിങ്ങിന് ഇറക്കിയത് ഗാംഗുലിയായിരുന്നു. പിന്നീട് ധോനിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here