മുജീബ് എടവണ്ണ

ഐക്യ എമിറേറ്റുകളുടെ ആത്മാവ് തുടിക്കുന്ന ഈ ചിത്രം ആരുടെതായിരിക്കും എന്ന് ആലോചിക്കാത്തവർ വിരളമായിരിക്കും. ദേശീയ ദിന ആഘോഷങ്ങളിൽ തെരുവുകളിൽ വർണ വിളക്കുകളുടെ വെളിച്ചത്തിൽ തെളിയുന്ന, ലോഗോകളിൽ ഒതുക്കി സ്വദേശികളും വിദേശികളും ദേശീയ ദിനങ്ങളിൽ നെഞ്ചിൽ പതിക്കുന്ന ചിത്രം. ഏഴ് എമിറേറ്റുകളിലെ ഭരണസാരഥികൾ ചതുർവർണ പതാകയ്ക്ക് കീഴിൽ ചേർന്നു നിൽക്കുന്ന ചരിത്രപ്രസിദ്ധ നിമിഷം ഒറ്റ ഫ്രയിയിലാക്കിയപ്പോൾ അതു ഏഴഴകായി വിടർന്നു.

1971 ഡിസംബർ രണ്ടിന് ഒരുമയുടെ സദനം ദുബായ് ആയിരുന്നു. ചരിത്ര മുഹൂർത്തത്തിനു ദൃക്സാക്ഷികളാകാനും ഒരു രാജ്യം പിറവിയെടുക്കുന്ന വാർത്ത തത്സമയം മാലോകരെ അറിയിക്കാനും അതിന്റെ ദൃശ്യങ്ങൾ പകർത്താനും ഉന്നം പിടിച്ചു നിൽക്കുന്ന വിവിധ രാജ്യക്കാരായ മാധ്യമ പ്രവർത്തകർ പുറത്ത് കാത്തു നിൽന്നുണ്ട്.

ഒരു രാജ്യമെന്ന ഷെയ്ഖ് സായിദ് ബ്ൻ സുൽത്താൻ ആലുനഹ്യാന്റെ സ്വപ്നം സാക്ഷാൽക്കരിക്കുകയാണ്. പുറത്തിറങ്ങിയ നേതാക്കളുടെ ചിത്രങ്ങൾ മാധ്യമ പ്രവർത്തകർ മത്സരിച്ചു പകർത്താൻ തുടങ്ങി. ഫ്ലാഷ് ലൈറ്റ് അവരുടെ മുഖത്തേക്ക് നിലയ്ക്കാതെ പ്രസരിച്ചു കൊണ്ടിരിക്കുന്നു. അതിനിടയിൽ ഈസ അബ്ദുല്ല യൂസുഫ് ആലു അലി പകർത്തിയ ചരിത്ര നിമിഷമാണ് എല്ലാ ചേരുവകളും ഒത്തുവന്നത്. ഐക്യത്തിന്റെ പതാക വാഹകരെല്ലാം ഒരു കൊടിക്കീഴിൽ ഒന്നിച്ചു നിൽക്കുന്ന ചിത്രം. ദേശീയ ദിനത്തിന്റെ ഇന്നത്തെ ഔദ്യോഗിക ലോഗോ ആയി മാറിയതു ആ പടമാണ്. യുഎഇ യുടെ ആത്മാവ് ആവാഹിച്ച ഒറ്റച്ചിത്രം കാലാതിവർത്തിയും ശാശ്വതവുമാക്കിയതു തദ്ദേശീയനായ ഫോട്ടോഗ്രാഫർ.

Courtesy : manoramaonline

LEAVE A REPLY

Please enter your comment!
Please enter your name here