അറബ് ലോകത്തിന്റെ പ്രതീക്ഷകളും പേറി കുതിച്ച യുഎഇയുടെ ചൊവ്വ പര്യവേഷണ ഉപഗ്രഹമായ ഹോപ് പ്രോബ് ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിച്ചു. ഹോപ് പ്രോബ് ചൊവ്വയുടെ ഭ്രമണപഥത്തില്‍ വിജയകരമായി എത്തിയതോടെ ഈ ലക്ഷ്യം നേടുന്ന അഞ്ചാമത്തെ രാജ്യവും ആദ്യ അറബ് രാജ്യവുമായി യുഎഇ മാറി.

അമേരിക്ക, ഇന്ത്യ, മുന്‍ സോവിയറ്റ് യൂണിയന്‍, യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി എന്നിവയാണ് ഇതിനു മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. ഹോപ് പ്രോബിനൊപ്പം ചൈനയുടെ തിയാന്‍വെന്‍ വണും യുഎസിന്റെ നാസ പേടകവും ഈ മാസം തന്നെ ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിക്കും.

ജപ്പാനിലെ താനെഗാഷിമ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് ജൂലൈ 21ന് പ്രാദേശിക സമയം പുലര്‍ച്ചെ 1.58നാണ് ഹോപ് പ്രോബ് ലക്ഷ്യത്തിലേക്ക് കുതിച്ചത്. 49.4 കോടി കി.മീ ദൂരം സഞ്ചരിച്ച്‌ ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിക്കുമ്ബോള്‍ അതിനും മുന്‍പ് കുതിച്ചു പാഞ്ഞ യുഎഇയുടെ സ്വപനങ്ങളാണ് സാക്ഷാല്‍ക്കരിക്കപ്പെടുന്നത്. 687 ദിവസം ഹോപ് പ്രോബ് ചൊവ്വയെ വലം വയ്ക്കും.

ഏഴു മാസത്തെ യാത്രയ്ക്കു ശേഷമാണ് യുഎഇയുടെ ചൊവ്വാ ദൗത്യമായ ഹോപ് പേടകം ചുവന്ന ഗ്രഹത്തില്‍ മുത്തമിടുന്നത്. ഒരു അറബ് രാജ്യത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ആദ്യ ചൊവ്വ ദൗത്യമാണിത്. പ്രതീക്ഷയെന്ന അര്‍ഥം വരുന്ന അമല്‍ എന്നാണ് പേടകത്തിന്റെ അറബി നാമം.

ജൂലൈ 21 ന് പ്രാദേശിക സമയം പുലര്‍ച്ചെ 1.58 നായിരുന്നു ഹോപ് പ്രോബ് വിക്ഷേപിച്ചത്. ജപ്പാനിലെ താനെഗാഷിമ സ്‌പേസ് സെന്ററില്‍ നിന്നായിരുന്നു ചരിത്രദൗത്യം. മണിക്കൂറില്‍ 1,21,000 കിമീ ശരാശരി വേഗതയിലാണ് പേടകം കുതിച്ചത്.

ചൊവ്വയുടെ ഉപരിതലത്തെ കുറിച്ചുള്ള പഠനമാണ് യുഎഇയുടെ ഹോപ്പ് പേടകം പ്രധാനമായും ലക്ഷ്യമിടുന്നത്. പേടകത്തില്‍ മൂന്ന് പ്രധാന ഘടകങ്ങളാണുള്ളത്. ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും താപനിലയെക്കുറിച്ച്‌ പഠിക്കാനുള്ള ഇന്‍ഫ്രാറെഡ് സ്‌പെക്‌ട്രോമീറ്റര്‍, ഓസോണ്‍ പാളികളെക്കുറിച്ച്‌ പഠിക്കാനുള്ള ഇമേജര്‍, ഓക്‌സിജന്റെയും ഹൈഡ്രജന്റെയും അളവ് മനസ്സിലാക്കാനുള്ള അള്‍ട്രാവയലറ്റ് സ്‌പെക്‌ട്രോമീറ്റര്‍ എന്നിവയാണവ.

ദുബായിലെ മുഹമ്മദ് ബിന്‍ റാശിദ് സ്‌പേസ് സെന്ററില്‍ നിന്നാണ് ശാസ്ത്രജ്ഞര്‍ ദൗത്യം നിരീക്ഷിക്കുന്നത്. പേടകം സിഗ്‌നലുകള്‍ അയക്കുന്നുണ്ടെന്നും യാത്രയില്‍ പ്രശ്‌നങ്ങളില്ലെന്നും പ്രോജക്റ്റ് ഡയറക്റ്റര്‍ ഉമ്രാന്‍ ഷറഫ് നേരത്തേ വ്യക്തമാക്കിയിരുന്നു. അമേരിക്കന്‍ സര്‍വകാലാശാലകളുമായി ചേര്‍ന്നാണ് യുഎഇ ശാസ്ത്രജ്ഞര്‍ പേടകം തയ്യാറാക്കിയത്. പേടകത്തിന്റെ നിര്‍മാണം നടന്നത് കൊളറാഡോ സര്‍വകലാശാലയിലെ അന്തരീക്ഷ ബഹിരാകാശ ലബോറട്ടിയിലും ദുബായിലെ മുഹമ്മദ് ബിന്‍ റാഷിദ് ബഹിരാകാശ കേന്ദ്രത്തിലുമായാണ്. ചൊവ്വയിലെ അന്തരീക്ഷത്തെ കുറിച്ച്‌ പഠനം നടത്തുക, 2117 ല്‍ ചൊവ്വയില്‍ മനുഷ്യന് താമസസ്ഥലം ഒരുക്കുക എന്നിവയാണ് ദൗത്യത്തിന്റെ പ്രധാനലക്ഷ്യം.

LEAVE A REPLY

Please enter your comment!
Please enter your name here