ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിലും സ്പിന്നര്‍മാരുടെ മികവിനു മുന്നില്‍ ഇംഗ്ലണ്ടിനു പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. 160 റണ്‍സ് ലീഡുമായി ഇറങ്ങിയ ഇന്ത്യ 135 റണ്‍സിനു ഇംഗ്ലണ്ടിനെ തകര്‍ത്തു. ഇതോടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ കടന്നു. ഇന്ത്യ ഫൈനലില്‍ ന്യൂസിലാന്‍ഡിനെ നേരിടും. സ്പിന്നര്‍മാരായ അശ്വിനും അക്‌സര്‍ പട്ടേലും അഞ്ചു വിക്കറ്റുകള്‍ വീതം വീഴ്ത്തിയാണ് ഇംഗ്ലണ്ടിനെ നിലംപരിശാക്കിയത്. പരമ്ബര 3-1ന് ഇന്ത്യ സ്വന്തമാക്കി. സ്‌കോര്‍- ഇന്ത്യ- 365/10, ഇംഗ്ലണ്ട്- 205/10, 135/10.

മൂന്നാം ദിനം ചായക്ക് പിരിയുമ്ബോള്‍ ആറിന് 91 റണ്‍സ് എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. ഡാന്‍ ലാറന്‍സ് അര്‍ധ സെഞ്ചുറിയുമായി പൊരുതിയെങ്കിലും ഫലം കണ്ടില്ല. നായകന്‍ ജോ റൂട്ടും (30) ഒലി പോപ്പും (15) മാത്രമാണ് പുറത്തായ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാരില്‍ അല്‍പമെങ്കിലും പിടിച്ചു നിന്നത്.

നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 365 റണ്‍സിന് അവസാനിച്ചിരുന്നു. വാലറ്റക്കാരായ ഇശാന്ത് ശര്‍മയും മുഹമ്മദ് സിറാജും അടുത്തടുത്ത പന്തുകളില്‍ റണ്‍സെടുക്കാതെ മടങ്ങിയതോടെ വാഷിങ്ടണ്‍ സുന്ദറിന് (96 നോട്ടൗട്ട്) അര്‍ഹിച്ച സെഞ്ച്വറി എത്തിപ്പിടിക്കാനായില്ല. അഞ്ച് പന്തിനിടെയാണ് ഇന്ത്യക്ക് അവസാന മുന്ന് വിക്കറ്റുകള്‍ നഷ്ടമായത്.

ഏഴുവിക്കറ്റിന് 295 റണ്‍സെന്ന നിലയില്‍ 89 റണ്‍സ് ലീഡുമായാണ് ഇന്ത്യ മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ചത്. ആറാം വിക്കറ്റില്‍ ഋഷഭ് പന്തിനൊപ്പം 113 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയ സുന്ദര്‍ എട്ടാം വിക്കറ്റില്‍ അക്‌സര്‍ പട്ടേലിനെ ചേര്‍ത്തുപിടിച്ച്‌ 106 റണ്‍സ് ചേര്‍ത്തു. 43 റണ്‍സെടുത്ത അക്‌സര്‍ റണ്ണൗട്ടാവുകയായിരുന്നു. ഇശാന്തിന്റെയും സിറാജിന്റെയും വിക്കറ്റുകള്‍ ബെന്‍ സ്‌റ്റോക്‌സ് സ്വന്തമാക്കി. ഇംഗ്ലണ്ടിനായി സ്‌റ്റോക്‌സ് നാലും ജെയിംസ് ആന്‍ഡേഴ്‌സണ്‍ മൂന്നും വിക്കറ്റ് വീഴ്ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here