ഇന്ത്യയിൽ ബ്രിട്ടണില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ താത്കാലിക വിലക്ക് നീട്ടി. ജനുവരി 7 വരെയാണ് വിലക്ക് നീട്ടിയതെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചു. ബ്രിട്ടണില്‍ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ കഴിഞ്ഞ ആഴ്ചയാണ് വിമാനങ്ങള്‍ക്ക് ഈ മാസം അവസാനം വരെ അനിശ്ചിത കാല വിലക്ക് ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

മുന്‍കരുതലിന്റെ ഭാഗമായി വിമാനങ്ങള്‍ക്കുള്ള വിലക്ക് നീട്ടിയേക്കുമെന്ന് നേരത്തെ ഹര്‍ദീപ് സിങ് പുരി മുന്നറിയിപ്പ് നല്‍കിയിരുന്നു. രാജ്യത്തെ വിമാനത്താവളങ്ങളില്‍ കനത്ത ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ബ്രിട്ടണില്‍ വൈറസ് പടരുന്ന സാഹചര്യത്തിലാണ് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.

ബ്രിട്ടണില്‍ നിന്നും എത്തുന്നവരെ പ്രത്യേകം നിരീക്ഷണത്തില്‍ ആക്കുന്നതുള്‍പ്പെടെ കര്‍ശന നടപടികളാണ് ഇന്ത്യ സ്വീകരിച്ചുവരുന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ വിദേശത്ത് നിന്നും ഇന്ത്യയിലെത്തിയവര്‍ ജീനോം സ്വീക്വന്‍സിങ് ടെസ്റ്റിന് വിധേയരാകണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ സാന്നിദ്ധ്യം ബ്രിട്ടണില്‍ കണ്ടെത്തിയതായി ഡിസംബര്‍ 22നാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അറിയിച്ചത്.

അതേസമയം രാജ്യത്ത് 20 പേര്‍ക്കാണ് ജനിതകമാറ്റം സംഭവിച്ച വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. നവംബര്‍ 25ന് ശേഷം 33,000 ആളുകളാണ് ബ്രിട്ടണില്‍ നിന്നും ഇന്ത്യയിലെത്തിയത്. ഇവരില്‍ 144 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇവരുടെ സാമ്ബിളുകള്‍ പരിശോധനയ്ക്കായി അയച്ചു കൊടുത്തിരുന്നു. ഇതില്‍ 20 പേര്‍ക്കാണ് അതിതീവ്ര വൈറസ് ബാധ സ്ഥിരീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here