സിഡ്നിയില്‍ 42 വര്‍ഷത്തിന് ശേഷം ഇന്ത്യ ജയിക്കുമോ?. ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റ് വ്യാഴാഴ്ച ആരംഭിക്കാനിരിക്കെ ആരാധകരുടെ ചോദ്യം ഇതാണ്. മെല്‍ബണിലെ എട്ട് വിക്കറ്റ് വിജയത്തിന്റെയും രോഹിത് ശര്‍മയുടെ മടങ്ങിവരവിന്റെയും ആത്മവിശ്വാസത്തിലാണ് ഇന്ത്യ നാളെ ഇറങ്ങുന്നത്. നാളെ പുലര്‍ച്ചെ 5 മുതല്‍ സോണി ചാനലുകളില്‍ മത്സരം തത്സമയം കാണാം. ഓരോ മത്സരങ്ങളും ജയിച്ച ഇരുടീമുകളും പരമ്ബരയില്‍ ഒപ്പത്തിനൊപ്പമാണ്.

സിഡ്നിയിലെ പ്രകടനം സിഡ്നിയില്‍ ഒരു ടെസ്റ്റില്‍ മാത്രമാണ് ഇന്ത്യ ഇതുവരെ ജയിച്ചിട്ടുള്ളത്. 1978ല്‍ ഓസീസിനെ ഇന്ത്യ തോ‍ല്‍പിച്ചത് ഇന്നിങ്സിനും 2 റണ്‍സിനുമാണ്. 42 വര്‍ഷത്തിനുശേഷം ജയം തേടിയാകും വ്യാഴാഴ്ച ഇറങ്ങുക. ആകെ 12 തവണയാണ് ഇരുടീമുകളും ഏറ്റുമുട്ടിയത്. ഇതില്‍ അഞ്ച് മത്സരങ്ങളിലും ഓസ്ട്രേലിയ വിജയിച്ചു. ആറ് മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു.

ഓസ്ട്രേലിയയിലെ മറ്റ് പിച്ചുകളെ അപേക്ഷിച്ച്‌ സ്പിന്നിനെ തുണയ്ക്കുന്ന പിച്ചാണ് സിഡ്നിയിലേത്. സ്പിന്നര്‍മാരെ സഹായിക്കാറുണ്ടെങ്കിലും അപ്രതീക്ഷിത ബൗണ്‍സും ലോ ബൗണ്‍സുമായി പേസ് ബോളര്‍മാര്‍ക്ക് മേല്‍ക്കൈ നേടാനും സിഡ്നി അവസരം നല്‍കാറുണ്ട്. കഴിഞ്ഞ പരമ്ബരയില്‍ സിഡ്നിയില്‍ 622 റണ്‍സാണ് ഇന്ത്യ അടിച്ചുകൂട്ടിയത്.

കഴിഞ്ഞ തവണ ഇന്ത്യ ചരിത്രവിജയം നേടിയ പരമ്ബരയില്‍ അവസാന മത്സരമായിരുന്നു സിഡ്നിയിലേത്. ബാറ്റുമായി ചേതേശ്വര്‍ പൂജാരയും (193) ഋഷഭ് പന്തും (159) തിളങ്ങിയപ്പോള്‍ ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ 7ന് 622ല്‍ ഡിക്ലയര്‍ ചെയ്തു. 5 വിക്കറ്റെടുത്ത സ്പിന്നര്‍ കുല്‍ദീപ് യാദവിന്റെ മികവി‍ല്‍ ഓസീസിനെ ഇന്ത്യ 300ല്‍ ഒതുക്കി ഫോളോഓണ്‍ ചെയ്യിച്ചു. പക്ഷേ, മഴയുടെ ട്വിസ്റ്റില്‍ കളി സമനിലയായി. ഇന്ത്യ പരമ്ബരയും നേടി.

രഹാനെയെ കാത്ത് ഒരുപിടി റെക്കോര്‍ഡുകള്‍

സിഡ്‌നിയില്‍ ജയിക്കാനായാല്‍ നായകനായ ആദ്യ നാലുടെസ്റ്റിലും ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുന്ന രണ്ടാമത്തെ ക്യാപ്റ്റന്‍ എന്ന നേട്ടം രഹാനെയ്ക്ക് സ്വന്തമാക്കാം. 2008ല്‍ അനില്‍ കുംബ്ലെയില്‍ നിന്ന് നായകസ്ഥാനം ഏറ്റെടുത്ത ശേഷം തുടര്‍ച്ചയായ നാലു ടെസ്റ്റുകളില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച എം.എസ്. ധോണിയുടെ പേരിലാണ് നിലവില്‍ ഈ റെക്കോഡ്.

ഇന്ത്യന്‍ ക്യാപ്റ്റനായി 100 ശതമാനം വിജയമുള്ള നായകനാണ് രഹാനെ. 2017ല്‍ ഓസ്‌ട്രേലിയക്കെതിരെയും 2018ല്‍ അഫ്ഗാനിസ്ഥാനെതിരെയും 2020ല്‍ ഓസ്‌ട്രേലിയക്കെതിരെയും ഇന്ത്യയെ നയിച്ച ആദ്യ മൂന്നു മത്സരങ്ങളും വിജയിക്കാന്‍ രഹാനെയ്ക്കായിരുന്നു. ഇതോടൊപ്പം 203 റണ്‍സ് കൂടി നേടാനായാല്‍ ഓസ്‌ട്രേലിയന്‍ മണ്ണില്‍ 1000 റണ്‍സ് തികയ്ക്കാനും രഹാനെയ്ക്കാകും. നിലവില്‍ 10 മത്സരങ്ങളില്‍ നിന്ന് 797 റണ്‍സാണ് രഹാനെയുടെ സമ്ബാദ്യം.

20 മത്സരങ്ങളില്‍ നിന്ന് 1809 റണ്‍സുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഈ പട്ടികയില്‍ ഒന്നാമത്. 13 മത്സരങ്ങളില്‍ നിന്ന് 1352 റണ്‍സുമായി വിരാട് കോഹ്ലി, 15 മത്സരങ്ങളില്‍ നിന്ന് 1236 റണ്‍സുമായി വി.വി.എസ് ലക്ഷ്മണ്‍, 14 മത്സരങ്ങളില്‍ നിന്ന് 1143 റണ്‍സുമായി രാഹുല്‍ ദ്രാവിഡ് എന്നിവരാണ് പട്ടികയിലെ മറ്റ് താരങ്ങള്‍. വിദേശത്ത് 3000 ടെസ്റ്റ് റണ്‍സെന്ന നേട്ടവും രഹാനെയ്ക്ക് മുന്നിലുണ്ട്. ഇന്ത്യയ്ക്ക് പുറത്ത് 40 മത്സരങ്ങളില്‍ നിന്ന് 45.88 ശരാശരിയില്‍ 2891 റണ്‍സ് രഹാനെ സ്വന്തമാക്കിയിട്ടുണ്ട്.

ലയണോ അശ്വിനോ?

പിച്ച്‌ സ്പിന്നിനെ തുണച്ചാല്‍ ശ്രദ്ധിക്കപ്പെടുക ഇന്ത്യന്‍ നിരയിലെ ആര്‍. അശ്വിന്റെയും ഓസീസ് നിരയിലെ നതാന്‍ ലയണിന്റെയും പ്രകടനമാകും. ആദ്യ 2 ടെസ്റ്റുകളിലും ഓസീസ് ബാറ്റ്സ്മാന്‍മാര്‍ക്കെതിരെ ആധിപത്യം നേടാന്‍ അശ്വിനായി. പരമ്ബരയില്‍ ഇതുവരെ 10 വിക്കറ്റ് നേടിക്കഴിഞ്ഞു അശ്വിന്‍. 2 തവണ സ്റ്റീവ് സ്മിത്തിനെ വീഴ്ത്തിയതും അശ്വിന്‍തന്നെ. മറുവശത്ത് ലയണ്‍ ഇതുവരെ ഫോമിലേക്കുയര്‍ന്നിട്ടില്ല. എന്നാല്‍, ഇരുവരും കളിച്ചിട്ടുള്ള 16 ടെസ്റ്റുകളില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് ലയണിന്റെ പേരിലാണ്- 81.

പരിക്ക് തിരിച്ചടിയാകുമോ?

കൈക്കുഴയ്ക്കു പരുക്കേറ്റ കെ എല്‍ രാഹുലിനെ ഒഴിവാക്കേണ്ടി വന്നത് ടെസ്റ്റിനു മുന്‍പ് ഇന്ത്യയ്ക്കു തിരിച്ചടിയായി. ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നിവര്‍ക്കു പിന്നാലെ പരുക്കേറ്റു പുറത്താകുന്ന നാലാമത്തെ ഇന്ത്യന്‍ താരമാണു രാഹുല്‍. ഉമേഷ് യാദവിനു പകരക്കാരനായി ഷാര്‍ദൂല്‍ ഠാക്കൂര്‍, നവ്ദീപ് സെയ്നി, ടി.നടരാജന്‍ എന്നിവരിലൊരാള്‍ ഇറങ്ങും.

കാണികള്‍ക്ക് നിയന്ത്രണം

സിഡ്നിയില്‍ കോവിഡ് ഭീഷണിയുള്ളതിനാ‍ല്‍ 10,000 കാണികള്‍ക്ക് മാത്രമാണു സ്റ്റേഡിയത്തിലേക്കു പ്രവേശനം. സാമൂഹിക അകലം പാലിച്ചു മാത്രമേ കാണികള്‍ക്ക് ഇരിക്കാന്‍ കഴിയൂ. ഇരുപത്തയ്യായിരത്തോളം കാണികളെ പ്രവേശിപ്പിക്കാനായിരുന്നു നേരത്തേയെടുത്ത തീരുമാനം. ആദ്യ 2 ടെസ്റ്റുകള്‍ക്കു വേദിയായ അഡ്‌ലെയ്ഡിലും മെല്‍ബണിലും സ്റ്റേഡിയങ്ങളിലെ പകുതി ഇരിപ്പിടങ്ങളിലേക്കു കാണികളെ പ്രവേശിപ്പിച്ചിരുന്നു.

രോഹിത് അടിച്ചുതകര്‍ക്കുമോ?

വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ തിരിച്ചെത്തുന്നത് ഇന്ത്യയുടെ ആത്മവിശ്വാസം ഇരട്ടിയാക്കുമെന്നുറപ്പ്. ഓപ്പണര്‍ മായങ്ക് അഗര്‍വാളിനോ ഹനുമ വിഹാരിക്കോ ഇടം നഷ്ടമാകും. ഓസീസാകട്ടെ ഡേവിഡ് വാര്‍ണറുടെ തിരിച്ചുവരവിലാണ് പ്രതീക്ഷ. ജോ ബേണ്‍സിനു പകരം വാര്‍ണര്‍ ഇന്നിങ്സ് ഓപ്പണ്‍ ചെയ്യും. രോഹിത് ശര്‍മയുടെ ബാറ്റിങ് ശൈലി ഓസീസ് വിക്കറ്റുകള്‍ക്കു യോജിച്ചതാണ്. പുതിയ പന്തിനെ അതിജീവിക്കാന്‍ കഴിഞ്ഞാല്‍ രോഹിത്തിനു സെഞ്ചുറിയിലേക്കെത്താമെന്നാണ് വിവിഎസ് ലക്ഷ്മണ്‍ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here