സിഡ്നി ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് 407 റണ്‍സ് വിജയലക്ഷ്യം. രണ്ടാം ഇന്നിംഗ്സില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 312 റണ്‍സെടുത്ത് ഓസ്ട്രേലിയ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. 406 റണ്‍സ് ലീഡിലാണ് ഓസ്ട്രേലിയ ഇന്നിംഗ്സ് അവസാനിപ്പിച്ചത്. 84 റണ്‍സെടുത്ത കാമറൂണ്‍ ഗ്രീന്‍ ആണ് ഓസീസിന്‍്റെ ടോപ്പ് സ്കോറര്‍. സ്റ്റീവ് സ്മിത്ത് (81), മാര്‍നസ് ലബുഷെയ്ന്ന്‍ (73) എന്നിവരും ഓസ്ട്രേലിയക്ക് വേണ്ടി തിളങ്ങി. 138 ഓവറുകള്‍ കൂടിയാണ് മത്സരത്തില്‍ ബാക്കിയുള്ളത്.

2 വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സ് എന്ന നിലയിലാണ് നാലാം ദിനം ഓസ്ട്രേലിയ ബാറ്റിംഗ് ആരംഭിച്ചത്. 35 റണ്‍സ് കൂടി എടുത്തപ്പോഴേക്കും അവര്‍ക്ക് ലബുഷെയ്നെ നഷ്ടമായി. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ താരത്തെ നവദീപ് സെയ്നി സബ്സ്റ്റിറ്റ്യൂട്ട് വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയുടെ കൈകളില്‍ എത്തിക്കുകയായിരുന്നു. 10 റണ്‍സ് കൂടി സ്കോര്‍ബോര്‍ഡില്‍ എത്തിയപ്പോഴേക്കും മാത്യു വെയ്ഡും വീണു. വെയ്ഡിനെയും സെയ്നി-സാഹ സഖ്യമാണ് മടക്കിയത്.

അഞ്ചാം വിക്കറ്റില്‍ സ്മിത്തിനൊപ്പം ക്രീസില്‍ ഒത്തുചേര്‍ന്ന കാമറൂണ്‍ ഗ്രീന്‍ നന്നായി ബാറ്റ് ചെയ്തതോടെ ഓസ്ട്രേലിയ വീണ്ടും മത്സരത്തിലേക്ക് തിരികെയെത്തി. സ്മിത്തിന് മികച്ച പിന്തുണ നല്‍കിയ ഗ്രീന്‍ ഇന്ത്യന്‍ ബൗളര്‍മാരെ ബുദ്ധിമൊട്ടൊന്നും കൂടാതെയാണ് നേരിട്ടത്. ഇരുവരും ഫിഫ്റ്റി നേടി. 60 റണ്‍സിന്‍്റെ കൂട്ടുകെട്ടിനൊടുവില്‍ സ്മിത്ത് പുറത്തായി. ഫിഫ്റ്റിക്ക് പിന്നാലെ വേഗം സ്കോര്‍ ഉയര്‍ത്താന്‍ ശ്രമിക്കവേ ആര്‍ അശ്വിന്‍ സ്മിത്തിനെ വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. സ്മിത്ത് പുറത്തായെങ്കിലും ക്യാപ്റ്റന്‍ ടിം പെയ്നെ കൂട്ടുപിടിച്ച്‌ ഗ്രീന്‍ മികച്ച ബാറ്റിംഗ് കാഴ്ചവച്ചു. ഫിഫ്റ്റിക്ക് ശേഷം ബൗണ്ടറികളിലൂടെ വേഗത്തില്‍ സ്കോര്‍ ഉയര്‍ത്തിയ യുവതാരം സെഞ്ചുറിക്ക് 16 റണ്‍സകലെ പുറത്തായി. ഗ്രീനിനെ ബുംറയുടെ പന്തില്‍ സാഹ പിടികൂടുകയായിരുന്നു. ഈ വിക്കറ്റ് വീണതോടെ ഓസ്ട്രേലിയ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here