ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യ മികച്ച നിലയില്‍. ഒന്നാം ദിനം കളി അവസാനിക്കുമ്ബോള്‍ ആതിഥേയര്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 300 റണ്‍സെന്ന നിലയിലാണ്. സെഞ്ചുറി നേടിയ രോഹിത് ശര്‍മയുടെയും അര്‍ധസെഞ്ചുറി തികച്ച അജിങ്ക്യ രഹാനെയുടെയും ഇന്നിങ്സാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്. ഇരുവരും പുറത്തായെങ്കിലും താളം കണ്ടെത്തിയ റിഷഭ് പന്തും (33) അഞ്ച് റണ്‍സെടുത്ത അക്ഷര്‍ പട്ടേലുമാണ് ക്രീസില്‍.

അക്കൗണ്ട് ഓപ്പണ്‍ ചെയ്യുന്നതിനുമുമ്ബ് തന്നെ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനെ നഷ്ടമായത് ഇന്ത്യയ്ക്ക് തിരിച്ചടിയായെങ്കിലും രോഹിത് ശര്‍മ രക്ഷകനാവുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ പുജാരയ്ക്കൊപ്പം ചേര്‍ന്ന് 85 റണ്‍സിന്റെ കൂട്ടുകെട്ട് തീര്‍ത്ത താരം ഇന്ത്യന്‍ സ്കോര്‍ബോര്‍ഡ് ചലിപ്പിച്ചു. 21 റണ്‍സുമായി പുജാര പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ നായകന്‍ കോഹ്‌ലിയും പൂജ്യത്തിന് കൂടാരം കയറി.

അപ്പോഴും ക്രീസില്‍ നിലയുറപ്പിച്ച രോഹിത് രഹാനെയെ കൂട്ടുപിടിച്ചാണ് പിന്നീട് മുന്നോട്ട് പോയത്. ടീം സ്കോര്‍ 147ല്‍ എത്തിയപ്പോഴേക്കും രോഹിത്തും സെഞ്ചുറി തികച്ചു. അതുവരെ ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ രോഹിത് ഇതോടെ ചുവട് മാറ്റി. ഇംഗ്ലിഷ് ബോളര്‍മാരെ ഭംഗിയായി നേരിട്ട രോഹിത് 161 റണ്‍സെടുത്ത ശേഷമാണ് മടങ്ങിയത്. 18 ഫോറും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിങ്സ്.

രോഹിത്തിന് പിന്നാലെ രഹാനെയും മടങ്ങിയതോടെ ഇന്ത്യന്‍ സ്കോറിങ്ങിന്റെ വേഗതയും കുറഞ്ഞു. 67 റണ്‍സുമായി മികച്ച പിന്തുണയാണ് രഹാനെ രോഹിത്തിന് നല്‍കിയത്. 13 റണ്‍സെടുത്ത അശ്വിന്റെ വിക്കറ്റും ആദ്യ ദിനം സന്ദര്‍ശകര്‍ക്ക് നഷ്ടമായി. ഇംഗ്ലണ്ടിനുവേണ്ടി മൊയിന്‍ അലി, ജാക്ക് ലീച്ച്‌ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി. ഒലി സ്റ്റോണും, നായകന്‍ ജോ റൂട്ടും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here