സൗദി അറേബ്യയിൽ ലോക്​ഡൗൺ ഇളവ്​ ചെയ്​തിരിക്കുന്നതിനാൽ ഇന്ത്യൻ എംബസിയുടെ കീഴിൽ രാജ്യത്തി​ന്റെ വിവിധ ഭാഗങ്ങളിലുള്ള പാസ്​പോർട്ട്​ സേവാ കേന്ദ്രങ്ങൾ തുറന്നുപ്രവർത്തിക്കാൻ തീരുമാനിച്ചു. പുറംകരാർ ഏജൻസിയായ വി.എഫ്​.എസ്​ ​ഗ്ലോബലി​ന്റെ റിയാദ്​, ദമ്മാം, അൽഖോബാർ, ജുബൈൽ, ബുറൈദ, ഹാഇൽ എന്നിവിടങ്ങളിലുള്ള ഓഫീസുകളാണ്​ പ്രവർത്തനം പുന:രാരംഭിക്കുന്നത്​. ഇൗ കേ​ന്ദ്രങ്ങളിൽ ചിലത്​ ജൂൺ മൂന്ന്​ മുതലും ബാക്കിയുള്ളവ ഏഴിനുമാണ്​ തുറക്കുക.

പാസ്​പോർട്ട്​ പുതുക്കുന്നതിനും പുതിയത്​ എടുക്കുന്നതിനുമുള്ള അപേക്ഷകൾ സ്വീകരിക്കുകയും നടപടി പൂർത്തിയായ പാസ്​പോർട്ടുകൾ ഇവിടെനിന്ന്​ വിതരണം ചെയ്യുകയും ചെയ്യും. ശനിയാഴ്​ച മുതൽ വ്യാഴാഴ്​ച വരെ ദിവസവും രാവിലെ 8.30 മുതൽ വൈകീട്ട്​ അഞ്ച്​ വരെയാണ്​ എല്ലാ കേന്ദ്രങ്ങളിലെയും പ്രവർത്തന സമയം.

റിയാദിലെ ഉമ്മുൽ ഹമാം കേന്ദ്രം ജൂൺ മൂന്ന്​ മുതൽ സ്ഥിരമായി തുറന്നുപ്രവർത്തിക്കും. ബത്​ഹയിലെ കേന്ദ്രം ജൂൺ മൂന്ന്​ മുതൽ 15 വരെ മാത്രമേ തൽക്കാലം പ്രവർത്തിക്കൂ. അ​ൽഖോബാറിലും ഇതേ കാലയളവിൽ മാത്രമാണ്​ പ്രവർത്തനം. എന്നാൽ ദമ്മാം, ജുബൈൽ, ബുറൈദ, ഹാഇൽ എന്നിവിടങ്ങളിൽ ജൂൺ ഏഴ്​ മുതലാണ്​ തുറക്കുന്നതെങ്കിലും സ്ഥിരമായി പ്രവർത്തിക്കും.

ഇതിനകം പാസ്പോർട്ട് കാലാവധി കഴിഞ്ഞവർ, അടുത്ത ദിവസങ്ങളിൽ കാലാവധി അവസാനിക്കാനിരിക്കുന്നവർ, ഇഖാമ പുതുക്കാനോ ഉടനെ യാത്രചെയ്യാനോ വേണ്ടി പാസ്പോർട്ട് പുതുക്കേണ്ടവർ എന്നിവരെ മാത്രമാണ് ഇപ്പോൾ പരിഗണിക്കുന്നത്​. കേന്ദ്രങ്ങളിലെ തിരക്ക് കുറക്കാൻ മുൻകൂട്ടി രജിസ്​റ്റർ ചെയ്ത് അപ്പോയ്​മെൻറ്റ്​ എടുത്താണ്​ അപേക്ഷ നൽകാനെത്തേണ്ടത്​. ഇതിനായി [email protected] എന്ന ഇമെയിലിലോ 920006139 എന്ന ടോൾഫ്രീ നമ്പറിലോ ബന്ധപ്പെട്ട്​ അപ്പോയ്മെന്റ്​ നേടണം. ഇങ്ങനെ ലഭിക്കുന്ന സമയം പാലിച്ചായിരിക്കണം അതത് കേന്ദ്രങ്ങളിൽ എത്തേണ്ടത്.

മുൻകൂട്ടി അപ്പോയ്​മെന്റ്​ എടുക്കാത്തവർക്ക് കേന്ദ്രങ്ങളിൽ പ്രവേശനം അനുവദിക്കില്ല. അപേക്ഷകൻ മാത്രമേ ഹാജരാവാൻ പാടുള്ളൂ. കൂടെ ആരെയും കൊണ്ടുവരാൻ പാടില്ല. അപേക്ഷകൻ മാസ്ക് ധരിച്ചിരിക്കണം. കവാടങ്ങളിൽ ശരീര ഊഷ്മാവ് പരിശോധനയ്​ക്ക്​ വിധേയമാവണം. അതിനാൽ ശാരീരിക അസുഖങ്ങൾ ഉള്ളവർ സന്ദർശനം ഒഴിവാക്കണം.

ശാരീരിക അകലം പാലിക്കുന്നതടക്കം കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സൗദി ആരോഗ്യമന്ത്രാലയം നിഷ്കർഷിച്ച മുഴുവന്‍ മാനദണ്ഡങ്ങളും പാലിക്കാൻ അപേക്ഷകർ ബാധ്യസ്ഥരായിരിക്കുമെന്നും ഇതിൽ വീഴ്ച വരുത്തുന്നവർക്ക് സൗദി അധികൃതരിൽ നിന്നും കനത്ത പിഴ ചുമത്തപ്പെട്ടേക്കാമെന്നും എംബസി അറിയിപ്പിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here