ഖത്തർ വഴിയുള്ള യാത്രയ്ക്കു വഴി തുറന്നത്, ദുബായിലെത്താൻ കാത്തിരുന്നവർക്കു പ്രതീക്ഷയേകി. ദുബായിലേക്കുള്ള 13 പേർ ഇന്നു രാത്രിയുള്ള വിമാനത്തിൽ കോഴിക്കോട്ടു നിന്ന് ഖത്തറിലെത്തും.

അവിടെ ക്വാറന്റീനിനുള്ള ഹോട്ടൽ ബുക്കിങ് നടത്തി, ഖത്തറിലെ ഇഹ്തെറാസ് മൊബൈൽ ആപ്ലിക്കേഷനിൽ റജിസ്റ്റർ ചെയ്ത ശേഷമാണു യാത്ര. 2 ഡോസ് വാക്സീനും സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവർക്കാണു യാത്രാനുമതി ലഭിക്കുക. മുൻപു നിർത്തലാക്കിയിരുന്ന ഓൺ അറൈവൽ വീസയും ഖത്തർ പുനഃസ്ഥാപിച്ചിട്ടുണ്ട്.

റിട്ടേൺ ടിക്കറ്റും ബുക്ക് ചെയ്യണം എന്നാണ് നിർദേശമെങ്കിലും ദുബായ് ടിക്കറ്റും താമസവീസയും കാണിക്കുന്നവർക്ക് യാത്രാനുമതി ലഭിക്കുന്നുണ്ടെന്ന് ട്രാവൽ ഏജൻസികൾ അറിയിച്ചു. ക്വാറന്റീൻ ഉൾപ്പെടെ ഒരാൾക്ക് ഒന്നേകാൽ ലക്ഷത്തോളം രൂപ ചെലവാകും. 2 വാക്സീനും ലഭിച്ച പ്രവാസികൾ കുറവായതിനാൽ 26നു ശേഷമാണു കൂടുതൽ ബുക്കിങ്ങുകൾ ഉള്ളത്.

ഏപ്രിൽ 24 മുതൽ ഇന്ത്യക്കാർക്ക് യുഎഇ യാത്രാവിലക്ക് ഏർപ്പെടുത്തിയതോടെ ബഹ്റൈൻ, സൗദി എന്നിവിടങ്ങളിലൂടെയായിരുന്നു കൂടുതൽ പ്രവാസികളും എത്തിയിരുന്നത്. അവിടെയും വിലക്ക് വന്നതോടെ അർമേനിയ, താഷ്ക്കന്റ് വഴി പോലും വൻതുക മുടക്കി ദുബായിൽ എത്തിയവരുണ്ട്.

ഇത്തിഹാദ് ഉൾപ്പടെയുള്ള വിമാനക്കമ്പനികൾ 31 വരെ സർവീസ് നിർത്തിയിരിക്കുന്നതിനാൽ യുഎഇയിലേക്ക് എത്തേണ്ടവർക്കു ഖത്തർ പ്രതീക്ഷ നൽകുകയാണ്. അതേസമയം യാത്രാനിരോധനം നീക്കുന്നത് സംബന്ധിച്ച് യുഎഇ അധികൃതരുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് കഴിഞ്ഞദിവസം ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ ഡോ.അമൻപുരി അറിയിച്ചിരുന്നു. മാസാവസാനത്തോടെ വിലക്ക് നീങ്ങുമെന്നാണു സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here