ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂ ദിനമായ ഞായറാഴ്ച പാസഞ്ചര്‍ ട്രെയിനുകള്‍ രാജ്യത്ത് ഓടില്ല. എന്നാല്‍ നേരത്തെ ഓടിത്തുടങ്ങിയ തീവണ്ടികള്‍ നിര്‍ത്തില്ലെന്നും റെയില്‍വെ മന്ത്രി പിയുഷ് ഗോയല്‍ അറിയിച്ചു. ശനിയാഴ്ച അര്‍ധരാത്രി മുതല്‍ രാത്രി 10 മണി വരെയാണ് ട്രെയിനുകള്‍ ഓടാതിരിക്കുക. മെയില്‍-എക്‌സ്പ്രസ് ഉള്‍പ്പെടെ 1300 തീവണ്ടികള്‍ അന്ന് സര്‍വീസ് നടത്തില്ല.


കൊറോണ വൈറസ് രോഗത്തെ പ്രതിരോധിക്കുന്നതിന് പ്രധാനമന്ത്രി പ്രഖ്യാപിച്ചതാണ് ഈ മാസം 22ലെ ജനതാകര്‍ഫ്യൂ. കൊറോണ വൈറസ് ഭീതി മറികടക്കാന്‍ രാജ്യത്തിന് ആത്മവിശ്വാസം നല്‍കുകയാണ് പ്രത്യേക അഭിസംബോധനയിലൂടെ വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്തത്.
പ്രധാനമായും ഒമ്ബത് കാര്യങ്ങളാണ് മോദി പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞത്. പരിഭ്രാന്തി വേണ്ടെന്നും ജാഗ്രതയാണ് ആവശ്യമെന്നും മോദി പറഞ്ഞു.


ജനതാ കര്‍ഫ്യൂ ദിനത്തില്‍ വൈകീട്ട് അഞ്ച് മണിക്ക് വീടിന് മുന്നില്‍ നിന്ന് ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കണം. രാജ്യത്തിന് വേണ്ടി മുഴുസമയം ജോലി ചെയ്യുന്നവരാണവര്‍. 5 മിനുട്ട് പ്ലേറ്റുകള്‍ കൂട്ടിയിടിച്ചോ കയ്യടിച്ചോ അഭിനന്ദനങ്ങള്‍ അറിയിക്കാം. രാജ്യത്തെ വിമാനത്താവളത്തിലും ആശുപത്രികളിലും രാപ്പകലില്ലാതെ സ്വയം മറന്ന് പ്രവര്‍ത്തിക്കുകയാണ് നമ്മുടെ ആരോഗ്യ പ്രവര്‍ത്തകര്‍ എന്നും മോദി പറഞ്ഞു.


ലോകമഹായുദ്ധകാലത്ത് പോലും ബാധിക്കാത്ത ഒരു തരം പ്രതിസന്ധിയാണ് നിലനില്‍ക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 2 മാസമായി 130 കോടി ഇന്ത്യക്കാര്‍ മഹാമാരിയോട് പൊരുതുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒരു പൗരനും ലാഘവത്തോടെ കൊറോണ ബാധയെ സമീപിക്കരുത്. കുറച്ച്‌ ആഴ്ചകള്‍ ജനങ്ങളുടെ സഹകരണം വേണം. രോഗം വ്യാപിക്കുന്നത് തടയുകയാണ് ലക്ഷ്യം. എല്ലാവരും ആരോഗ്യകരമായിരിക്കണം. സ്വയം നിയന്ത്രണവും വേണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ദിവസവും പത്ത് പേരെ വിളിച്ച്‌ ജനതാ കര്‍ഫ്യൂ സംബന്ധിച്ച്‌ ബോധവല്‍ക്കരിക്കണം. കൊറോണവൈറസ് സംബന്ധിച്ചും അവരോട് പറയണമെന്നും മോദി അഭ്യര്‍ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here