അന്താരാഷ്ട്ര തൊഴിലാളി ദിനമായ മെയ് ഒന്നിന് യു.എ.ഇ യിലെ നാഷണൽ പ്രോഗ്രാം ഫോർ ഹാപ്പിനെസ് ആൻഡ് വെൽ ബീംഗ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ മുഴുവൻ തൊഴിലാളികളെയും ലക്ഷ്യമിട്ടുകൊണ്ട് ‘ബി വെൽ’ എന്ന ക്യാമ്പയിനിനു തുടക്കമായി. യു.എ.ഇ യിലെ തൊഴിലാളി സമൂഹത്തിന്റെ ആരോഗ്യവും സുരക്ഷയും ഉറപ്പു വരുത്തുന്നതിനുള്ള ഈ ക്യാമ്പയിൻ, കൊറോണ വൈറസിനെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തുന്നതിന് ആയിരിക്കും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക. യു.എ.ഇ ഹ്യൂമൻ റിസോഴ്സ് ആൻഡ് എമിറേറ്റൈസേഷൻ ഡിപ്പാർട്ട്മെന്റിന്റെയും റെഡ് ക്രസന്റ് അതോറിറ്റിയുടെയും ഫസ്സാ ആൻഡ് എമിറേറ്റ് ഇന്റഗ്രേറ്റഡ് ടെലി കമ്മ്യൂണിക്കേഷൻ കമ്പനിയുടെയും സംയുക്ത സഹകരണത്തോടെയാണ് ബീ വെൽ ക്യാമ്പയിൻ രാജ്യത്തുടനീളം നടപ്പിലാക്കുക.

ആദ്യ ഘട്ടത്തിൽ തൊഴിലാളികൾക്കിടയിൽ ബീ വെൽ ബോക്സുകൾ വിതരണം ചെയ്തു കൊണ്ടാണ് ക്യാമ്പയിനിന്റെ ആദ്യ പ്രവർത്തനം തുടങ്ങിയത്. നാൽപതോളം അവശ്യ വസ്തുക്കൾ അടങ്ങിയ ബീ വെൽ ബോക്സിൽ വ്യക്തിഗത സുരക്ഷാ സാമഗ്രികളായ ഫെയ്സ് മാസ്ക്, ഗ്ലൗസ്, സാനിറ്റൈസറുകൾ, അത്യാവശ്യ ഭക്ഷണസാധനങ്ങൾ, സിംകാർഡുകൾ തുടങ്ങിയവ ഉൾപ്പെട്ടിരിക്കുന്നു. യു.എ.ഇ ഗവൺമെൻറ് നടപ്പിലാക്കുന്ന ബീ വെൽ ക്യാമ്പയിനിലേക്ക് രാജ്യത്തുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പങ്കെടുക്കാമെന്നും റെഡ് ക്രോസ് അതോറിറ്റിയുടെ വെബ്സൈറ്റ് വഴിയോ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ ഡയറക്ട് ബാങ്ക് ട്രാൻസ്ഫർ വഴിയോ ജനങ്ങൾക്ക് ഇതുമായി സഹകരിക്കാമെന്ന് അധികൃതർ അറിയിക്കുന്നു. തൊഴിലാളി സമൂഹത്തിൻറെ ആരോഗ്യവും സുരക്ഷയും രാജ്യത്തിൻറെ ഏറ്റവും വലിയ പരിഗണനയാണെന്ന് യുഎഇ ഹാപ്പിനസ് ആന്ഡ് വെൽബീംഗ് മന്ത്രിയും പ്രധാനമന്ത്രിയുടെ ഓഫീസ് ഡയറക്ടർ ജനറലുമായ ഉഹൂദ് ബിൻത് ഖൽഫാൻ അൽ റൂമി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here