വാഷിങ്ടൻ ∙ ‘ഞാൻ സുഖപ്പെടുമെന്ന് എനിക്കുറപ്പുണ്ട്, അതുപോലെ കുടുംബവും. വീട്ടുകാരെ രക്ഷിക്കാനുള്ള സംവിധാനം രാജ്യത്തുണ്ട്. എനിക്കും കുടുംബത്തിനും ലഭിക്കുന്ന പ്രത്യേകാനുകൂല്യം ബാക്കിയുള്ള അമേരിക്കക്കാർക്കു കിട്ടുന്നില്ലെന്നതിലാണ് ആശങ്ക’ – യുഎസിൽ കോവിഡ്–19 പ്രതിരോധ മരുന്നു പരീക്ഷണത്തിനു തുടക്കം കുറിച്ച് ആദ്യത്തെയാളായ 43കാരി ജെനിഫർ ഹലെർ എന്ന ടെക്കി പറയുന്നു.

 ‘കഴിഞ്ഞ വ്യാഴാഴ്ച സൂപ്പർമാർക്കറ്റിൽ പോകാനും 250 ഡോളറിനു സാധനങ്ങൾ വാങ്ങാനും എനിക്കു സാധിച്ചു. ഏതാനും ആഴ്ചകൾക്കുള്ള അവശ്യസാധനങ്ങൾ ഇപ്പോൾ കയ്യിലുണ്ട്. പക്ഷേ, ഒരുപാട് ജനങ്ങൾക്ക് ഇങ്ങനെ സാധിക്കണമെന്നില്ല. ആളുകൾക്കു ജോലി നഷ്ടപ്പെടുന്നു, പ്രത്യേകിച്ചും റസ്റ്ററന്റുകളിലും കലാരംഗത്തും ഉള്ളവർക്ക്. ആളുകൾക്കുണ്ടാകുന്ന ശാരീരിക ആഘാതത്തിനൊപ്പം കോവിഡുണ്ടാക്കുന്ന മാനസിക ആഘാതവും എന്നെ വലയ്ക്കുന്നു.’ – ജെനിഫർ പറ‍ഞ്ഞു.

മഹാമാരിയായ കോവിഡ്–19നെ പ്രതിരോധിക്കാൻ സ്വന്തം ജീവിതം സമർപ്പിച്ച ധീരർക്കു കയ്യടിക്കുകയാണു ലോകം. യുഎസിൽ കോവിഡ്–19 പ്രതിരോധ മരുന്നു പരീക്ഷണത്തിനു തുടക്കം കുറിച്ച് സിയാറ്റിലിലെ ഹെൽത്ത് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ പരീക്ഷണത്തിനു വിധേയരാകുന്നത് 45 പേരാണ്. അതിൽതന്നെ ആദ്യത്തെയാളാണ് 43കാരി ജെനിഫർ ഹലെർ എന്ന ടെക്കി. വൈറസ് ബാധിച്ചിട്ടില്ലെങ്കിലും സ്വമേധയാ മരുന്നുപരീക്ഷണത്തിനു തയാറായ ജെനിഫർ രണ്ടു കുട്ടികളുടെ അമ്മയാണ്. ചെറിയ ടെക് കമ്പനിയിലെ ഓപ്പറേഷൻ മാനേജരാണു ജെനിഫർ.

‘രണ്ടാഴ്ച മുമ്പാണു മരുന്നു പരീക്ഷണത്തിനു വൊളന്റിയർമാരെ ക്ഷണിച്ചുള്ള വിവരം അറിഞ്ഞത്. ഫെയ്സ്ബുക്കിലെ സുഹൃത്തിന്റെ പോസ്റ്റാണു കണ്ടത്. മറ്റുള്ളവർക്കു സഹായകമാവുന്ന എന്തെങ്കിലും ചെയ്യാൻ കാത്തിരിക്കുകയായിരുന്നു. സർവേ പെട്ടെന്നു പൂരിപ്പിച്ചു. പിറ്റേന്ന് അധികൃതർ ഫോണിൽ വിളിച്ചു ആരോഗ്യ വിവരങ്ങൾ തിരക്കി. ആദ്യഘട്ടം കടന്നതോടെ കായികക്ഷമത, രക്ത പരിശോധന തുടങ്ങിയവയ്ക്കായി നേരിട്ടെത്താൻ പറഞ്ഞു. അതിലെല്ലാം കുഴപ്പമില്ലായിരുന്നതോടെ പരീക്ഷണത്തിന് തിരഞ്ഞെടുത്തു.

രണ്ടു റൗണ്ടുകളിലായാണു വാക്സിൻ പരീക്ഷണം. ആറാഴ്ചയോളം നീളുമെന്നു യുഎസ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് അധികൃതർ പറഞ്ഞിട്ടുണ്ട്. ശരീര താപനില, മറ്റു ലക്ഷണങ്ങൾ എന്നിവ കൃത്യമായി ‌രണ്ടാഴ്ച സമയാസമയങ്ങളിൽ ‍ഡയറിയിൽ രേഖപ്പെടുത്തണം. ഇൻസ്റ്റിറ്റ്യൂട്ടുകാർ ഫോണിൽ വിവരങ്ങൾ തിരക്കും. ഒരാഴ്ച കഴിയുമ്പോൾ രക്തം നൽകാൻ പോകണം. പരിശോധനകൾ തൃപ്തികരമാണെങ്കിൽ അടുത്തയാഴ്ചയും രക്തം നൽകണം. നാലാഴ്ചയ്ക്കു ശേഷം രണ്ടാംഘട്ടം വാക്സിൻ എടുക്കണം. വരുന്ന 14–18 മാസങ്ങൾ നിരന്തര സന്ദർശനങ്ങളും രക്ത പരിശോധനയും തുടരും.

സാങ്കേതികമായി അവരെനിക്കു പണം ഓഫർ ചെയ്തിരുന്നു. നിങ്ങൾക്കറിയാമല്ലോ, പണത്തിനു വേണ്ടിയാണു ഞാനിങ്ങനെ ചെയ്യുന്നതെങ്കിൽ ഈ തുകയൊന്നും മതിയാകില്ല. അതൊരു പ്രോത്സാഹനം മാത്രമാണ്. പണമല്ല എന്നെ ഇതു ചെയ്യാൻ പ്രേരിപ്പിച്ചത്. യുഎസിലെ എന്റെ സുഹൃത്തുക്കളുടെ സുഹൃത്തുക്കൾക്കു കോവിഡ് പിടിപെട്ടതായി അറിയുന്നുണ്ട്. യുഎസിലെ രോഗ പ്രഭവകേന്ദ്രമായ കിർക‌്‌ലാൻഡിനു സമീപമുള്ള കെൻമോറിലാണു രക്ഷിതാക്കൾ താമസിക്കുന്നത്. അമ്മയ്ക്ക് 70 വയസ്സുണ്ട്, രണ്ടാനച്ഛന് 85ഉം. അദ്ദേഹത്തിന് ആസ്മയുള്ളതിനാൽ രണ്ടാഴ്ചയിലേറെയായി വീട്ടിനകത്താണ്.

വാക്സിൻ പരീക്ഷണത്തിനു തയാറായതിൽ പല കൂട്ടുകാരും ആശങ്കയറിയിച്ചു. ഞാനൊരു പോസിറ്റീവ് വ്യക്തിയാണ്. നല്ലതുമാത്രമെ സംഭവിക്കൂവെന്നാണു വിശ്വാസം. മെർസും സാർസും വന്നപ്പോഴും ആളുകൾ ഇങ്ങനെയാണു പെരുമാറിയത്. അതെല്ലാം മറികടക്കാനായില്ലേ? എനിക്കു പേടിയില്ല. പക്ഷേ കോവിഡ് പടരാതിരിക്കാൻ സുഹൃത്തുക്കൾ കുറച്ചധികം പേടിക്കണം, ജാഗ്രത കാണിക്കണം. ഞാനിപ്പോൾ സന്തോഷത്തിലാണ്. വാക്സിൻ ഷോട്ട് വേദനാരഹിതമായിരുന്നു, പനിക്കു കുത്തിവയ്ക്കുന്ന പോലെ. കൈയ്ക്കു ചെറിയൊരു വേദനയുണ്ടെങ്കിലും സാരമില്ല, ഇതു സാധാരണമാണ്.’– ജെനിഫർ പറഞ്ഞു.

പെൺമക്കൾ അച്ഛന്റെ പ്രവ‌​ൃത്തിയിൽ അഭിമാനിക്കുന്നുവെന്നാണ്, മറ്റൊരു വൊളന്റിയറായ വാഷിങ്ടൻ സ്വദേശി നീൽ ബ്രൗണിങ് (46) പറഞ്ഞത്. മൈക്രോസോഫ്റ്റ് എൻജിനീയറായ നീൽ ആണ് രണ്ടാമതു വാക്സിൻ സ്വീകരിച്ചയാൾ. ഇവരുൾപ്പെടെ നാലു പേർക്കാണു യുഎസിൽ ആദ്യഘട്ട വാക്സിൻ നൽകിയത്. ചൈന ഉൾപ്പെടെയുള്ള പല രാജ്യങ്ങളും പല വാക്സിനുകളും മനുഷ്യരിൽ പരീക്ഷിക്കുന്നുണ്ട്. ഇന്ത്യയുടെയും നോർവേയുടെയും പിന്തുണയോടെ പ്രവർത്തിക്കുന്ന, യുഎസിലെ കോയലിഷൻ ഫോർ എപ്പിഡെമിക് പ്രിപ്പയേഡ്നെസ് ഇന്നവേഷൻസ് കണ്ടെത്തിയ വാക്സിൻ മനുഷ്യരിൽ പരീക്ഷിച്ചു തുടങ്ങി. ചൈനയും അവരുടെ ഗവേഷകർ കണ്ടെത്തിയ വാക്സിന്റെ ക്ലിനിക്കൽ പരീക്ഷണത്തിന് അനുമതി നൽകി.

കൊറോണ വൈറസിനോടു രോഗിയുടെ പ്രതിരോധ സംവിധാനം എങ്ങനെ പ്രതികരിക്കുന്നു എന്നതിന്റെ രൂപരേഖയാണ് ഓസ്ട്രേലിയ കണ്ടെത്തിയത്. ഫലപ്രദമായ വാക്സിൻ നിർമാണത്തോട് അടുക്കുന്ന ജർമൻ ഔഷധ കമ്പനി ക്യുവർവാക്കിൽനിന്ന് വാക്സിന്റെ അവകാശം യുഎസ് സ്വന്തമാക്കാൻ ശ്രമിച്ചെന്ന റിപ്പോർട്ടുകൾ ശരിയല്ലെന്നു കമ്പനി വ്യക്തമാക്കി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കമ്പനി മേധാവി കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും വാഗ്ദാനങ്ങളൊന്നും മുന്നോട്ടുവച്ചിട്ടില്ലെന്ന് അവർ പറഞ്ഞു. ജർമൻ ഗവേഷണ സ്ഥാപനമായ ബയോഎൻടെക്കുമായി ചേർന്ന് വാക്സിൻ വികസിപ്പിക്കുന്നതിനു യുഎസിലെ വമ്പൻ ഔഷധ നിർമാണ കമ്പനിയായ ഫൈസർ കരാർ ഒപ്പുവച്ചു. പ്രതിരോധ മരുന്നിൽനിന്നു ഭാവിയിൽ ഉണ്ടായേക്കാവുന്ന ലാഭം നോട്ടമിട്ട് അമേരിക്കയും ജർമനിയുമായി നടന്ന തർക്കത്തിൽ മറ്റു രാജ്യങ്ങൾ ആശങ്കയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here