ആധുനിക ക്രിക്കറ്റില്‍ മികച്ച ആരാധക പിന്തുണയുള്ള തകര്‍പ്പന്‍ വെടിക്കെട്ട് ബാറ്റ്സ്മാനാണ് ഇംഗ്ലണ്ട് താരം ജോസ് ബട്ട്ലര്‍. ഇംഗ്ലണ്ട് ടീമിന്റെ മധ്യനിര താരവും വിക്കറ്റ് കീപ്പറും കൂടിയായ ബട്ട്‌ലര്‍ വൈറ്റ് ബോള്‍ ക്രിക്കറ്റിലെ തന്റെ പ്രകടനങ്ങളിലൂടെയാണ് ആരാധകരുടെ മനസ്സില്‍ കയറിക്കൂടുന്നത്. ഐ പി എല്ലില്‍ മലയാളി താരം സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായക സ്ഥാനത്ത് എത്തിയതോടെ രാജസ്ഥാന്‍ ടീമംഗമായ ബട്ട്ലര്‍ മലയാളികള്‍ക്കും പ്രിയങ്കരനായി. ഇത്തവണത്തെ ഐ പി എല്‍ പാതിവഴിയില്‍ നിന്നെങ്കിലും മൂന്ന് തകര്‍പ്പന്‍ സെഞ്ച്വറികള്‍ ടൂര്‍ണമെന്റില്‍ പിറന്നിരുന്നു. അതില്‍ രണ്ടെണ്ണം രാജസ്ഥാന്‍ താരങ്ങളായ സഞ്ജുവിന്റെയും ജോസ് ബട്ട്ലറുടെയും പേരിലായിരുന്നു. ഇപ്പോള്‍ ബട്ട്ലര്‍ താന്‍ ക്രിക്കറ്റിലേക്കെത്താന്‍ പ്രചോദനമായ താരങ്ങള്‍ ആരൊക്കെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. അത് ഇംഗ്ലണ്ട് താരങ്ങള്‍ അല്ലായെന്ന് തുറന്ന് സമ്മതിച്ച അദ്ദേഹം രണ്ട് ഇന്ത്യന്‍ താരങ്ങളുടെ പേരുകളാണ് ആ സ്ഥാനത്തേക്ക് ചൂണ്ടിക്കാണിച്ചത്. അത് മാറ്റാരെയുമല്ല മുന്‍ ഇന്ത്യന്‍ നായകന്മാരായ സൗരവ് ഗാംഗുലിയേയും രാഹുല്‍ ദ്രാവിഡിനെയുമാണ്.

21 വര്‍ഷം മുമ്ബ് ശ്രീലങ്കയ്‌ക്കെതിരേ ദ്രാവിഡും ഗാംഗുലിയും നടത്തിയ സെഞ്ച്വറി പ്രകടനമാണ് ബട്ട്ലര്‍ ഇതിനു കാരണമായി കാണിച്ചത്. ‘1999ലെ ലോകകപ്പിലെ ഇന്ത്യ-ശ്രീലങ്ക ലോകകപ്പ് മത്സരം. അന്നാണ് ഇന്ത്യന്‍ കാണികളെ കണ്ട എന്റെ ആദ്യത്തെ അനുഭവം. ക്രിക്കറ്റിനെ അത്രത്തോളം ആരാധിക്കുകയും സ്‌നേഹിക്കുകയും സമൂഹമാണ് ഇന്ത്യയിലേത്’- ബട്ട്ലര്‍ പറഞ്ഞു. മത്സരത്തില്‍ ഗാംഗുലിയും ദ്രാവിഡും ചേര്‍ന്ന് 44.5 ഓവറില്‍ 318 റണ്‍സാണ് അടിച്ചെടുത്തത്. ഓപ്പണറായി ഇറങ്ങിയ ഗാംഗുലി 158 പന്തില്‍ നേടിയത് 183 റണ്‍സാണ്. ഇതില്‍ 17 ഫോറും ഏഴ് സിക്‌സും ഉള്‍പ്പെടും. മൂന്നാമനായി എത്തിയ ദ്രാവിഡ് 129 പന്തില്‍ നേടിയത് 145 റണ്‍സാണ്. 17 ഫോറും ഒരു സിക്‌സുമാണ് ദ്രാവിഡ് നേടിയത്. മത്സരത്തില്‍ 157 റണ്‍സിന്റെ വമ്ബന്‍ ജയമായിരുന്നു ഇന്ത്യ നേടിയത്.

ഇത്തവണത്തെ ഐ പി എല്‍ സീസണ്‍ ബട്ടലര്‍ക്ക് ഒരുപാട് നല്ല ഓര്‍മ്മകള്‍ സമ്മാനിച്ചിട്ടുണ്ട്. അത് താരം തന്നെ സമ്മതിച്ചിട്ടുമുണ്ട്. ഈ സീസണിലൂടെ ടി20 ഫോര്‍മാറ്റില്‍ ആദ്യ സെഞ്ച്വറിയാണ് ബട്ട്ലര്‍ കരസ്ഥമാക്കിയത്. സെഞ്ച്വറി നേട്ടത്തിന് ശേഷം താരം ഇംഗ്ലണ്ട് ടീമിലെ തന്റെ സഹകളിക്കാരനായ അലസ്റ്റയര്‍ കുക്കുമായുള്ള രസകരമായ തര്‍ക്കത്തെക്കുറിച്ചും തുറന്നു പറഞ്ഞിരുന്നു. ഇംഗ്ലണ്ടിനൊപ്പം 32 ടി20 മത്സരങ്ങള്‍ മാത്രം കളിച്ചിട്ടുള്ള കുക്കിന് ഒരിക്കല്‍ പോലും സെഞ്ചുറി നേടാനായിരുന്നില്ല.

എന്നാല്‍ 2009ല്‍ ഇംഗ്ലണ്ടിലെ കൗണ്ടി ക്ലബായ എക്സസിനുവേണ്ടി കളിച്ച്‌ 57 പന്തില്‍ 100 റണ്‍സ് നേടാന്‍ കുക്കിന് സാധിച്ചിരുന്നു. എന്നാല്‍ ഇംഗ്ലണ്ടിനായി 79 ടി20കള്‍ ബട്ട്ലര്‍ കളിച്ചിട്ടുണ്ടെങ്കിലും ഒരു തവണ പോലും സെഞ്ചുറി നേടാന്‍ ബട്ട്ലര്‍ക്കും സാധിച്ചിരുന്നില്ല. 65ആം ഐ പി എല്‍ മത്സരത്തിലാണ് ടി20 ഫോര്‍മാറ്റിലെ ആദ്യ സെഞ്ചുറി എന്ന നേട്ടത്തില്‍ ബട്ട്ലര്‍ എത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here