കേരളത്തില്‍ ഡിസംബര്‍ 14 നു നടക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പില്‍ സഊദിയിലും മറ്റു ഗള്‍ഫ് രാജ്യങ്ങളിലും പ്രവാസികളായി കഴിഞ്ഞിരുന്നവര്‍ വിവിധ പ്രദേശങ്ങളില്‍ സ്ഥാനാര്‍ഥികളായി മത്സരിക്കുന്ന ചിത്രമാണ് കാണുന്നത്. ഇവയില്‍ ജോലി ചെയ്യുന്നതിനിടെ നാട്ടിലേക്ക് ലീവിന് പോയവരും ഉള്‍പ്പെടുന്നുവെന്നതാണ് ഏറെ രസകരം. തങ്ങളുടെ കൂടെയുള്ള പ്രവാസികള്‍ നാട്ടിലെത്തി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതറിഞ്ഞ സുഹൃത്തുക്കള്‍ ഇവരുടെ വിജയത്തിനായി തങ്ങള്‍ക്ക് കഴിയാവുന്ന തരത്തിലൊക്കെ പ്രചാരണവും കൊഴുപ്പിക്കുന്നുണ്ട്. പലര്‍ക്കും കെട്ടിവെക്കാനുള്ള പണവും പ്രചരണ സഹായവും പ്രവാസി സുഹൃത്തുക്കള്‍ നല്‍കുന്നുണ്ട്.

സഊദിയിലെ വിവിധ മേഖലകളില്‍ പ്രവാസികള്‍ക്ക് താങ്ങും തണലുമായി പ്രവര്‍ത്തിച്ചിരുന്ന ഇവര്‍ ഇനി നാട്ടുകാര്‍ക്കും സേവനം ചെയ്യാന്‍ മുന്നില്‍ ഉണ്ടാകും. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറെ നടക്കുന്ന പ്രവാസ ലോകത്ത് നിന്നുള്ളവര്‍ വിജയിച്ചാല്‍ ഇവിടെ ചെയ്‌ത കാരുണ്യ പ്രവര്‍ത്തന പരിചയം നാട്ടുകാര്‍ക്കും മുതല്‍ക്കൂട്ടാകും. തെരെഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പ്രവാസികളില്‍ ഏറെയും ഏറ്റവും വലിയ പ്രവാസ സംഘടനയായ കെഎംസിസിയുമായി ബന്ധപ്പെട്ടവരാണ്. കൂടാതെ, മറ്റു രാഷ്‌ട്രീയ പാര്‍ട്ടികളുടെ പ്രവാസി സംഘടനകളില്‍ നിന്നുള്ളവരും മത്സര രംഗത്തുണ്ട്.

ഇവരില്‍ ഏറ്റവും പ്രമുഖന്‍ സഊദി കെഎംസിസി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കെ.പി മുഹമ്മദ് കുട്ടിയാണ്. തിരുരങ്ങാടി മുനിസിപ്പാലിറ്റിയിലേക്ക് മത്സരിക്കുന്ന മുഹമ്മദ് കുട്ടി ‘കെ. പി’ എന്ന പേരില്‍ സഊദിയിലെ മുഴുവന്‍ കെഎംസിസി പ്രവര്‍ത്തകര്‍ക്കും സുപരിചിതനാണ്. സഊദിയില്‍ കെഎംസിസി പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ പ്രധാന പങ്കു വഹിച്ച കെ. പി മുഹമ്മദ് കുട്ടിക്ക് മുസ്‌ലിം ലീഗ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഇടയില്‍ നല്ല സ്വാധീനം ഉണ്ട്. മുന്‍ ഒഡേപക് ചെയര്‍മാന്‍ ആയിരുന്ന കെ. പി തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ തിരൂരങ്ങാടി മുനിസിപ്പല്‍ ചെയര്‍മാന്‍ ആവും എന്നാണ് സൂചന.

മൊറയൂര്‍ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന ജലീല്‍ ഒഴുകൂര്‍ ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫെയര്‍ വിങ് ചെയര്‍മാനാണ്. ജിദ്ദയിലെ പ്രവാസികള്‍ക്കിടയില്‍ സുപരിചിതനായ ജലീല്‍ ഒഴുകൂര്‍ സേവനരംഗത്ത് സജീവ സാന്നിധ്യമാണ്. പ്രവാസികള്‍ മരണപ്പെടുമ്ബോള്‍ മരണാന്തര കര്‍മ്മങ്ങള്‍ക്കും മറ്റും പലരും ആദ്യം ഓര്‍ക്കുന്ന പേര് ജലീലിന്റെതാണ്. നാട്ടിലെ പാര്‍ട്ടി പ്രവര്‍ത്തകരുടെ നിര്‍ബന്ധം കൊണ്ടാണ് ജലീല്‍ ഒഴുകൂര്‍ തെരെഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.

ചീക്കോട് പഞ്ചായത്തിലേക്ക് മത്സരിക്കുന്ന അസീസ് വാവൂര്‍, പുല്‍പ്പറ്റ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന കെ. പി മുഹമ്മദ് തുടങ്ങിയവരും ജിദ്ദയിലെ കെഎംസിസി പ്രവര്‍ത്തകരാണ്. കിഴക്കന്‍ സഊദിയിലെ ജുബൈലില്‍ നിന്നും നാട്ടില്‍ ലീവിന് പോയ ബഷീര്‍ വിപിയാണ് താനൂര്‍ മുനിസിപ്പാലിറ്റി 44 ആം ഡിവിഷന്‍ സ്ഥാനാര്‍ഥി. അപ്രതീക്ഷിതമായി വന്നെത്തിയ ഈ സ്ഥാനം ഏത് വിധേനയും ജയിച്ചു കയറുമെന്ന വിശ്വാസത്തിലാണ് പ്രവര്‍ത്തന രംഗത്ത് ഏറെ പരിചയമുള്ള ബഷീര്‍. കൊല്ലം ജില്ലയിലെ ഇടമുളക്കല്‍ പഞ്ചായത്തില്‍ ആറാം വാര്‍ഡ് ഇടതുപക്ഷ മുന്നണിയായി മത്സരിക്കുന്നത് കിഴക്കന്‍ സഊദിയിലെ പ്രവാസി വീട്ടമ്മയായ ആര്‍ സുഷമാ ദേവിയാണ്. ദമാം നവോദയ സൈഹാത്ത് ഏരിയയില്‍ ഒന്നരപതിറ്റാണ്ടിലധികം സജീവമായി പ്രവര്‍ത്തിച്ചതാണ് ഇവര്‍ക്ക് ഇതിനുള്ള ധൈര്യം പകരുന്നത്.

കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിക്കുന്ന രായീന്‍ കുട്ടി നീറാട് ജിദ്ദയിലെ മുന്‍ പ്രവാസിയും കെഎംസിസി നേതാവും ആയിരുന്നു. ഗ്രന്ഥകാരനും പ്രഭാഷകനുമായ രായീന്‍ കുട്ടി നീറാട് ഏകദേശം രണ്ടു വര്‍ഷം മുമ്ബാണ് പ്രവാസം അവസാനിപ്പിച്ച്‌ നാട്ടില്‍ സ്ഥിരമായത്. നാട്ടില്‍ സ്ഥിരതാമസമാക്കിയെങ്കിലും ജിദ്ദയിലെ പ്രവാസികളുമായി നല്ല ബന്ധം നിലനിര്‍ത്തുന്നയാളാണ് രായീന്‍ കുട്ടി നീറാട്. വേങ്ങര ഗ്രാമ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന കുറുക്കന്‍ മുഹമ്മദ്, താനൂര്‍ നഗരസഭയിലേക്കു മത്സരിക്കുന്ന ഇ. അബ്ദുസ്സലാം തുടങ്ങിയവരും ജിദ്ദയിലെ മുന്‍ പ്രവാസികളും കെഎംസിസി നേതാക്കളുമായിരുന്നു. ഇവരെ കൂടാതെ, നിരവധി മുന്‍ പ്രവാസികളാണ് ഇത്തവണ മത്സര ഗോദയില്‍ ധാരണ നിലയില്‍ ഭൂരിഭാഗം പ്രവാസികള്‍ക്കും തെരെഞ്ഞെടുപ്പ് സമയത്ത് നാട്ടില്‍ പോവാനോ വോട്ട് ചെയ്യാനോ സാധിക്കാറില്ല. എന്നാല്‍ കോവിഡ് മൂലം നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ ഇത്തവണ തങ്ങളുടെ പ്രസ്ഥാനങ്ങള്‍ക്ക് വോട്ട് നല്‍കിയേ തിരിച്ചു വരൂ എന്ന സ്ഥിതിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here