ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകള്‍ നല്‍കിയാല്‍ മെഡിക്കല്‍ സ്റ്റോറുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ആരോഗ്യ രംഗത്ത് സംജാതമായിട്ടുള്ള പ്രതിസന്ധി ഘട്ടത്തില്‍ ചില മെഡിക്കല്‍ സ്റ്റോറുകള്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ പനി, ചുമ, ജലദോഷം, തൊണ്ടവേദന എന്നീ രോഗാവസ്ഥകള്‍ക്ക് മരുന്നുകള്‍ നല്‍കി വരുന്നതായി വ്യാപകമായി പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് നടപടി. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നുള്ളതിനാല്‍ ഇത്തരം വ്യാപാരികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ഡ്രഗ്സ് കണ്‍ട്രോളര്‍ക്ക് നിര്‍ദേശം നല്‍കി.


കേരളത്തില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 18,011 പേര്‍ നിരീക്ഷണത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചൊവ്വാഴ്ച അറിയിച്ചിരുന്നു.. ഇവരില്‍ 17,743 പേര്‍ വീടുകളിലും 268 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്ന് 65 പേരെ ആശുപത്രിയിലും 5372 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി. 4353 പേരെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ ഉള്ള 2467 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 1807 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


ചൊവ്വാഴ്ച പുതിയ പോസിറ്റീവ് കേസൊന്നും സ്ഥിരീകരിച്ചിട്ടില്ല. കേരളത്തില്‍ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 27 ആണ്. അതില്‍ 3 പേര്‍ ആദ്യഘട്ടത്തില്‍ രോഗമുക്തി നേടിയിരുന്നു. നിലവില്‍ 24 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here