ജാഗ്രതക്കുറവുണ്ടായാല്‍ കേരളത്തിൽ കോവിഡ‍് 19ന്‍റെ സമൂഹവ്യാപനമുണ്ടാകുമെന്ന് ആരോഗ്യമന്ത്രി കെ. കെ ശൈലജ. ആശങ്കയുണ്ടെങ്കിലും രോഗം നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. വിവിധ വിമാനത്താവളങ്ങളില്‍ എത്തുന്ന കൂടുതല്‍ പ്രവാസികളില്‍ രോഗലക്ഷണം കാണിക്കുന്നുണ്ട്.

രണ്ടാംഘട്ടത്തെക്കാള്‍ കൂടുതല്‍ രോഗികള്‍ സംസ്ഥാനത്തുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യമന്ത്രി വ്യക്തമാക്കുന്നത്. ജാഗ്രതയില്‍ വീഴ്ചയുണ്ടായാല്‍ വലിയ വിപത്തിനെ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും മന്ത്രി നൽകുന്നു.

അതേസമയം നാട്ടിലേക്ക് തിരികെയെത്തുന്ന കൂടുതല്‍ പ്രവാസികള്‍ക്ക് രോഗലക്ഷണം പ്രകടമാകുന്നുണ്ട്. സലാലയില്‍ നിന്നും കുവൈത്തില്‍ നിന്നുമായി എത്തിയ ആറു പേര്‍ക്ക് കൂടി കോവിഡ് ലക്ഷണമുണ്ട്​. ഇന്നലെ രാത്രി സലാലയില്‍ നിന്നുള്ള വിമാനത്തില്‍ കരിപ്പൂരിലെത്തിയ പാലക്കാട് സ്വദേശികളായ രണ്ട് പേര്‍ക്ക് കോവിഡ് ലക്ഷണം കാണിച്ചതിനെ തുടര്‍ന്ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ദുബൈ-കൊച്ചി വിമാനത്തില്‍ വന്ന രണ്ട് പേരെയും കളമശ്ശേരി മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലാക്കി. കുവൈത്തില്‍ നിന്നും എത്തിയ തിരുവനന്തപുരം സ്വദേശികളായ നാലുപേരെ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡൽഹിയിൽ നിന്നുള്ള രാജധാനി എക്സ്പ്രസിൽ വന്ന ഒരാളെ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here