രാജസ്ഥാൻ റോയൽസിനെതിരെ കൊൽക്കത്തയ്ക്ക് ജയം. 37 റൺസിനാണ് കൊൽക്കത്ത രാജസ്ഥാനെ കീഴ്പ്പെടുത്തിയത്. കൊൽക്കത്ത മുന്നോട്ടുവച്ച 175 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ രാജസ്ഥാന് നിശ്ചിത 20 ഓവറിൽ റൺസെടുക്കാനേ സാധിച്ചുള്ളൂ. ഷാർജയിലെ ബാറ്റിംഗ് കണ്ടീഷനിൽ നിന്ന് ദുബായ് സ്റ്റേഡിയത്തിലേക്കെത്തിയ രാജസ്ഥാൻ ബാറ്റ്സ്മാന്മാർക്ക് സാഹചര്യത്തിനനുസരിച്ച് ബാറ്റ് വീശാൻ കഴിയാത്തതാണ് തിരിച്ചടിയായത്. 54 റൺസെടുത്ത ടോം കറൻ ആണ് രാജസ്ഥാൻ്റെ ടോപ്പ് സ്കോറർ. കൊൽക്കത്തക്കായി പന്തെറിഞ്ഞവരെല്ലാം തിളങ്ങി.

ഡ്രസിംഗ് റൂമിൽ എത്തിയിട്ട് എന്തോ ചെയ്യാനുണ്ടെന്ന പോലെയാണ് രാജസ്ഥാൻ ബാറ്റ്സ്മാന്മാർ കളിച്ചത്. ആദ്യ പന്ത് മുതൽ തന്നെ സ്ലോഗ് ചെയ്യാൻ ശ്രമിച്ച ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് 3 റൺസെടുത്ത് മടങ്ങി. കമ്മിൻസിൻ്റെ പന്തിൽ കാർത്തികാണ് സ്മിത്തിനെ പിടികൂടിയത്. മൂന്നാം നമ്പറിൽ ഇറങ്ങിയ സഞ്ജുവും (8) മോശം ഷോട്ട് കളിച്ചാണ് പുറത്തായത്. ശിവം മവിയെ ഗാലറിയിൽ എത്തിക്കാനുള്ള ശ്രമത്തിനിടെ സഞ്ജു നരേൻ്റെ കൈകളിൽ അവസാനിക്കുകയായിരുന്നു. റോബിൻ ഉത്തപ്പയും റിയാൻ പരഗും നഗർകൊടി എറിഞ്ഞ എട്ടാം ഓവറിൽ പുറത്തായി. ഉത്തപ്പയെ (2) ശിവം മവി പിടികൂടിയപ്പോൽ പരഗ് (1) ശുഭ്മൻ ഗില്ലിൻ്റെ കൈകളിൽ അവസാനിച്ചു.

കഴിഞ്ഞ മത്സരത്തിലെ ഹീറോ രാഹുൽ തെവാട്ടിയയെ (14) വരുൺ ചക്രവർത്തി ക്ലീൻ ബൗൾഡാക്കി. ശ്രേയാസ് ഗോപാലിനെ (5) നരേൻ കാർത്തികിൻ്റെ കൈകളിൽ എത്തിച്ചു. ജോഫ്ര ആർച്ചറിനെ (6) വരുൺ ചക്രവർത്തിയുടെ പന്തിൽ നഗർകൊടി അതിഗംഭീരമായി കയ്യിലൊതുക്കി. വരുണിനെതിരെ സിക്സർ ആവർത്തിക്കാനുള്ള ശ്രമത്തിനിടെയാണ് ആർച്ചർ പുറത്തായത്. ഉനദ്കട്ടിനെ (9) നഗർകൊടിയുടെ കൈകളിലെത്തിച്ച് കുൽദീപ് യാദവും വിക്കറ്റ് വേട്ടയിൽ പങ്കുചേർന്നു. അവസാനത്തിൽ ടോം കറൻ കഷ്ടപ്പെട്ട് നേടിയ റൺസാണ് രാജസ്ഥാനെ 130 കടത്തിയത്. 35 പന്തുകളിൽ കറൻ തൻ്റെ ആദ്യ ഐപിഎൽ ഫിഫ്റ്റി തികച്ചു. 19ആം ഓവർ എറിഞ്ഞ നരേനെ മൂന്ന് സിക്സറുകൾ അടിച്ചാണ് ഇംഗ്ലീഷ് ഓൾറൗണ്ടർ അർധസെഞ്ചുറി കുറിച്ചത്. 36 പന്തുകളിൽ 54 റൺസെടുത്ത് കറനും 7 റൺസെടുത്ത് അങ്കിത് രാജ്പൂതും പുറത്താവാതെ നിന്നു.

LEAVE A REPLY

Please enter your comment!
Please enter your name here