ലക്ഷദ്വീപില്‍ ഇന്‍റര്‍നെറ്റിന് വേഗത കുറഞ്ഞതായി വ്യാപക പരാതി. ഇതോടെ സര്‍ക്കാര്‍ തയാറാക്കിയ ഉത്തരവുകളിലും കരടു നിയമങ്ങളിലും അഭിപ്രായം രേഖപ്പെടുത്താനും ഇന്‍റര്‍നെറ്റ് കഫേകള്‍ പ്രവര്‍ത്തിപ്പിക്കാനും സാധിക്കുന്നില്ലെന്ന് ദ്വീപ് നിവാസികള്‍ പറയുന്നു.

ദ്വീപില്‍ ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ കരടു നിയമങ്ങള്‍ സംബന്ധിച്ച അഭിപ്രായങ്ങള്‍ നേരിട്ട് എത്തിക്കാനോ തപാല്‍ വഴിയോ അയക്കാന്‍ ജനങ്ങള്‍ക്ക് സാധിക്കില്ല. കൂടാതെ, ഇന്‍റര്‍നെറ്റ് വേഗത കുറഞ്ഞതിനാല്‍ ഓണ്‍ലൈന്‍ സംവിധാനം വഴിയോ ആശ്രയ കേന്ദ്രങ്ങള്‍ വഴിയോ അഭിപ്രായം രേഖപ്പെടുത്താനും കഴിയില്ല.

ജൂണ്‍ ഒന്നു മുതല്‍ ദ്വീപില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുന്ന സാഹചര്യത്തില്‍ ഇന്‍റര്‍നെറ്റ് വേഗത കുറഞ്ഞത് വലിയ പ്രതിസന്ധി സൃഷ്‌ടിക്കുമെന്നാണ് അദ്ധ്യാപകര്‍ പറയുന്നത്. അതോടൊപ്പം, ജൂണ്‍ ഏഴാം തീയതിക്ക് മുമ്ബായി അദ്ധ്യാപകര്‍ അവരുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ ഹാജരാകണമെന്ന ഒരു ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

മറ്റ് ദ്വീപുകളിലേക്കുള്ള കപ്പലുകളുടെ ഷെഡ്യൂള്‍ തയാറാക്കാത്തതിനാലും കൊവിഡ് മാനദണ്ഡ പ്രകാരം കപ്പലുകളില്‍ 50 ശതമാനം സീറ്റുകളിലെ യാത്ര ചെയ്യാന്‍ സാധിക്കൂവെന്നതിനാലും ഇത് സാദ്ധ്യമാകില്ലെന്നാണ് അദ്ധ്യാപകര്‍ പറയുന്നത്. കൂടാതെ, ഇന്‍റര്‍നെറ്റ് വേഗത കുറഞ്ഞതിനാല്‍ ഓണ്‍ലൈന്‍ വഴി ടിക്കറ്റ് എടുക്കാന്‍ സാധിക്കാത്ത സാഹര്യമാണുള്ളത്. ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ ഹാജരായില്ലെന്ന കാരണം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ നടപടി സ്വീകരിക്കാനും സാദ്ധ്യതയുണ്ടെന്ന് അദ്ധ്യാപകര്‍ പറയുന്നു.

അഡ്​മിനിസ്​ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്‍റെ തീരുമാനങ്ങള്‍ മൂലം ദുരിതത്തിലായ ലക്ഷദ്വീപ്​ നിവാസികള്‍ക്ക്​ ഇരുട്ടടിയായി ഇന്‍റര്‍നെറ്റ്​ റദ്ദാക്കുമെന്ന് ഇന്നലെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു​. കോണ്‍ഗ്രസ്​ എം പി ഹൈബി ഈഡനാണ്​ ദ്വീപില്‍ ഇന്‍റര്‍നെറ്റ്​ റദ്ദാക്കാന്‍ സാദ്ധ്യതയുണ്ടെന്ന് ഫേസ്ബുക്കിലൂടെ അറിയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here