മണ്‍സൂണ്‍ മഴ ശക്തമായ മഹാരാഷ്ട്രയില്‍ വ്യാപകമായി അപകടങ്ങള്‍. റായ്ഗഡ് ജില്ലയില്‍ മണ്ണിടിച്ചിലില്‍ 36 പേര്‍ മരണപ്പെട്ടു. ഇവിടെ രൂക്ഷമായ വെള്ളപ്പൊക്കമാണുള്ളത്. ഹെലികോപ്ടറുകളുടെ സഹായത്താല്‍ വെള്ളക്കെട്ടില്‍ കുടുങ്ങി കിടക്കുന്നവരെ സുരക്ഷിതമായ സ്ഥാനത്തേക്ക് എത്തിക്കുകയാണിപ്പോള്‍. തലസ്ഥാനമായ മുംബയ്ക്ക് എഴുപത് കിലോമീറ്റര്‍ അകലെയാണ് മണ്ണിടിച്ചിലുണ്ടായ റായ്ഗഡ് ജില്ലയിലെ സ്ഥലം. രക്ഷാപ്രവര്‍ത്തകര്‍ എത്തുന്നത് വരെ ഉയര്‍ന്ന പ്രദേശങ്ങളില്‍ കയറി നില്‍ക്കുവാന്‍ ജനത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

Maharashtra Rain

അതേസമയം മഹാരാഷ്ട്രയില്‍ മറ്റിടങ്ങളിലും രൂക്ഷമായ വെള്ളപ്പൊക്കമാണുള്ളത്. മുംബയ് നഗരത്തില്‍ ഗോവന്ദി മേഖലയില്‍ കാലപ്പഴക്കം ചെന്ന കെട്ടിടം മഴയില്‍ തകര്‍ന്ന് വീണ് മൂന്ന് പേര്‍ തല്‍ക്ഷണം മരിച്ചിരുന്നു. രക്ഷപ്പെടുത്തിയ ചിലരുടെ നില അതീവഗുരുതരമാണ്. ബൃഹത് മുംബയ് കോര്‍പറേഷന്‍ അധികൃതരും അഗ്നിരക്ഷാ സേനയും പൊലീസുമെത്തിയാണ് സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി മുംബയ് ഉള്‍പ്പടെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ കനത്ത മഴ തുടരുകയാണ്. ഇന്നും കനത്ത മഴയാണ് കാലാവസ്ഥാ വിഭാഗം പ്രതീക്ഷിക്കുന്നത്. നഗരത്തിലെ പല ഭാഗത്തും വെളളം പോകാനുളള വഴിയടഞ്ഞതോടെ വെളളക്കെട്ടും രൂക്ഷമാണ്.

മുംബയ്ക്ക് പുറമേ രത്നഗിരി, കോലാപൂര്‍, സതാര ജില്ലകളിലും കനത്ത നഷ്ടമാണ് സംഭവിച്ചത്. കൊങ്കണ്‍ പാതയില്‍ മഴക്കെടുതിയെ തുടര്‍ന്ന് ട്രെയിനുകള്‍ റദ്ദാക്കി. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി ഉദ്ദവ് താക്കറെയെ ഫോണില്‍ വിളിച്ച്‌ അന്വേഷിച്ച്‌ വിലയിരുത്തി. പലയിടത്തും നദികള്‍ കരകവിഞ്ഞ് ഒഴുകുന്നതിനാല്‍ നാശനഷ്ടമുണ്ടായി. കോടാവലി, ജഗ്ബുദി, വഷിഷ്ടി,ഭാവ് നദികളെല്ലാം അപകട നിലയ്ക്ക് മുകളിലാണ് ഒഴുകുന്നത്.

സംസ്ഥാനത്ത് മഴയ്ക്ക് പുറമേ 70 കിലോമീറ്ററിന് മുകളില്‍ വേഗത്തില്‍ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. നാവികസേനയും രണ്ട് രക്ഷാപ്രവര്‍ത്തന സംഘങ്ങള്‍, 12 പ്രാദേശിക ദുരിതാശ്വാസ സംഘങ്ങള്‍, രണ്ട് തീര സംരക്ഷണ സേന, ദേശീയ ദുരന്ത നിവാരണ സേനയിലെ മൂന്ന് ടീം തുടങ്ങിയവരെ വെള്ളപ്പൊക്ക പ്രദേശങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here