വേനല്‍ക്കാലമാഘോഷിക്കാന്‍ അരങ്ങൊരുക്കി ചരിത്രവും വിജ്ഞാനവും സാഹസികതയും ഒരുമിക്കുന്ന വിനോദങ്ങളൊരുക്കി ഷാര്‍ജയിലെ മെലീഹ ആര്‍ക്കിയോളജിക്കല്‍ സെന്റര്‍. നൂറ്റാണ്ടുകള്‍ പഴക്കമുള്ള മേഖലയുടെ ചരിത്രവും പുരാവസ്തു ശാസ്ത്രവുമെല്ലാം അടുത്തറിയുന്നതോടൊപ്പം മരുഭൂമിയിലെ സാഹസികയാത്രകള്‍ക്കും കുതിരയോട്ടത്തിനുമെല്ലാം ഇവിടെ അവസരമുണ്ട്.

കോവിഡ് പ്രതിരോധത്തിനായി യുഎഇ സര്‍ക്കാര്‍ നിര്‍ദേശിച്ച എല്ലാ ആരോ​ഗ്യ സുരക്ഷാ പ്രോട്ടോകോളുകളും പാലിച്ചാണ് ഷാര്‍ജ നിക്ഷേപവികസന വകുപ്പിന് കീഴിലുള്ള മെലീഹ പുരാവസ്തു കേന്ദ്രം സന്ദര്‍ശകര്‍ക്കായി വാതില്‍ തുറക്കുന്നത്. പ്രദേശത്തെ വ്യത്യസ്തമായ മരുഭൂ കാഴ്ചകള്‍ കുതിരപ്പുറത്തേറി കാണാനാവുന്ന പാക്കേജുകളാണ് മെലീഹയിലെ പുതിയ ആകര്‍ഷണം. കുട്ടികളടക്കമുള്ളവര്‍ക്ക് ഇതിന്റെ ഭാ​ഗമാവാം. മുന്‍പരിചയമില്ലാത്തവര്‍ക്ക് പരിശീലകരുടെ സഹായമുണ്ടാവും. കുറച്ചു നേരത്തെ യാത്രയ്ക്ക് പകരം കുതിരയോട്ടം വിശദമായി പഠിക്കാന്‍ ആഗ്രഹമുള്ളവര്‍ക്കായി പ്രത്യേക ട്രെയിനിങ് കോഴ്സുകളും മെലീഹ ആര്‍ക്കിയോളജി സെന്ററില്‍ ഒരുക്കിയിട്ടുണ്ട്.

Mleiha Archaeological Centre & Mleiha Desert Safari - Sharjah, UAE

അറബ് ഭൂപ്രദേശത്തിന്റെ തന്നെ സമ​ഗ്രചരിത്രം വിശദമായി മനസ്സിലാക്കാന്‍ സഹായിക്കുന്ന മ്യൂസിയ സന്ദര്‍ശനമാണ് വേനല്‍കാലത്ത് ആസ്വദിക്കാന്‍ പറ്റിയ മറ്റൊരു മെലീഹ വിശേഷം. ആഫ്രിക്കയില്‍ നിന്നുള്ള ആദിമമനുഷ്യരുടെ സഞ്ചാരവും കുടിയേറ്റവും നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ ഇന്ത്യയടക്കമുള്ള പ്രദേശങ്ങളുമായി നിലനിന്നിരുന്ന കച്ചവടബന്ധവുമെല്ലാം അടുത്തറിയാം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശവക്കല്ലറകള്‍ സംരക്ഷിക്കുന്നതോടൊപ്പം അപൂര്‍വമായ പുരാവസ്തു ശേഷിപ്പുകളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ചരിത്രവും മരുഭൂമിയിലെ സവിശേഷ ജൈവവൈവിധ്യവും കൂടുതല്‍ മനസ്സിലാക്കാനും പഠിക്കാനും പാകത്തിലുള്ള വിദ്യാഭ്യാസ വര്‍ക് ഷോപ്പുകളും മ്യൂസിയത്തിന്റെ ഭാ​ഗമായുണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഉപകാരപ്രദമാവുന്ന വിധമാണ് ഇതൊരുക്കിയിരിക്കുന്നത്.

സാഹസികതയുടെ മേമ്ബൊടിയുള്ള അനുഭവങ്ങള്‍ തേടുന്ന സഞ്ചാരികള്‍ക്ക് ഫോസില്‍ റോക്ക്, കാമല്‍ റോക്ക് എന്ന കാഴ്ചകളാസ്വദിച്ചു കൊണ്ട് ഡെസേര്‍ട്ട് സഫാരി നടത്താനുള്ള അവസരവും മെലീഹയിലുണ്ട്. കൃത്യമായ ഇടവേളകളില്‍ അണുനശീകരണം നടത്തുന്ന 4×4 വാഹനങ്ങളില്‍ ധൈര്യമായി മരൂഭൂമിയിലെ വേറിട്ട കാഴ്ചകള്‍ ആസ്വദിക്കാം. തനത് എമിറാത്തി അനുഭൂതി പകരുന്ന ‘സണ്‍സെറ്റ് ലോഞ്ച്’, രാത്രി മുഴുവന്‍ ആകാശക്കാഴ്ചകളാസ്വദിച്ച്‌ മരുഭൂമിയില്‍ ക്യാംപ് ചെയ്യാന്‍ അവസരമൊരുക്കുന്ന ‘നൈറ്റ് ക്യാംപ്’, ആകാശക്കാഴ്ചകളുടെ വിസ്മയച്ചെപ്പ് തുറക്കുന്ന വാനനിരീക്ഷണം തുടങ്ങി മറ്റനേകം വിശേഷങ്ങളും മെലഹീയില്‍ സഞ്ചാരികളെ കാത്തിരിക്കുന്നുണ്ട്. വേനല്‍കാലം പ്രമാണിച്ച്‌ മെലീഹയിലെ വിവിധ പാക്കേജുകള്‍ക്ക് 20 ശതമാനം കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനുമായി 0502103780, 068 021 111 എന്നീ നമ്ബരുകളില്‍ ബന്ധപ്പെടുകയോ http://www.discovermleiha.ae എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യാം.

LEAVE A REPLY

Please enter your comment!
Please enter your name here