കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ നിര്‍ണായക ഘട്ടത്തിലേക്ക് കടന്ന് ഒമാന്‍. ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ മാസ് വാക്സിനേഷന്‍ ആരംഭിച്ചു. ജൂണ്‍ അവസാനം ആകുമ്പോഴേക്ക് രാജ്യത്ത് വാക്സീൻ സ്വീകരിച്ചവരുടെ എണ്ണം 15 ലക്ഷമാകും. ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദിയുടെ നേതൃത്വത്തിൽ സുപ്രീം കമ്മിറ്റി അംഗങ്ങൾ മാസ്സ് വാക്‌സിനേഷൻ പ്രവർത്തനങ്ങൾ വിലയിരുത്തി. ബൗശർ സുൽത്താൻ ഖാബൂസ് സ്‌പോർട്‌സ് കോംപ്ലക്‌സിലെ വാക്‌സീനേഷൻ കേന്ദ്രത്തിൽ കുത്തിവെപ്പ് നിരീക്ഷിച്ച മന്ത്രി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.

ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പ് നിയന്ത്രണ സംഘമാണ് വാക്‌സിനേഷന് നേതൃത്വം നല്‍കുന്നത്. മുഴുവന്‍ ഗവര്‍ണറേറ്റുകളിലും പ്രത്യേക കുത്തിവെപ്പ് കേന്ദ്രങ്ങളുണ്ട്. ഒരു ലക്ഷം ഡോസ് ഫൈസര്‍ വാക്സീനും 148,000 ഡോസ് ആസ്ട്രാസെനക വാക്സീനും പുതുതായി ഒമാന്‍ സ്വന്തമാക്കിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ ഡോസ് രാജ്യത്തെത്തും.

ഒമാന്‍ കണ്‍വെന്‍ഷന്‍ ആന്റ് എക്‌സിബിഷന്‍ സെന്റര്‍, സുല്‍ത്താന്‍ ഖാബൂസ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്, സ്‌കൂളുകള്‍, സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകള്‍ എന്നിവിടങ്ങളിലും കുത്തിവെപ്പിന് സൗകര്യമൊരുക്കിയിട്ടുണ്ട്. 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍, തീര്‍ഥാടകര്‍, മുസന്ദം ഗവര്‍ണറേറ്റിലെ പൗരന്‍മാര്‍, മുന്നണി പോരാളികള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകര്‍-ജീവനക്കാര്‍, റോയല്‍ ഒമാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍, സുല്‍ത്താന്‍ സായുധ സേനാ ഉദ്യോഗസ്ഥര്‍, എണ്ണ-പ്രകൃതി വാതക മേഖലയിലെ ജീവനക്കാര്‍, വിമാനത്താവളം-തുറമുഖം-വിവിധ സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ എന്നിവര്‍ക്കാണ് കുത്തിവെപ്പ് നല്‍കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here