ചരിത്രത്തില്‍ ആദ്യമായി ഒമാന് കിരീടവകാശിയെ നിയമിച്ചു. ഭാവിയില്‍ ഒമാന്റെ ഭരണാധികാരിയെ എങ്ങനെ തിരഞ്ഞെടുക്കണം എന്ന കാര്യത്തില്‍ പുതിയ നിയമവും കൊണ്ടുവന്നു. സുല്‍ത്താന്‍ ഖാബൂസിന്റെ കാലത്ത് ഭാവി ഭരണാധികാരി ആര് എന്ന് തീരുമാനിച്ചിരുന്നില്ല. അദ്ദേഹം പേര് നിര്‍ദേശിച്ച കത്ത് രഹസ്യമാക്കി വെക്കുകയായിരുന്നു. മരണ ശേഷമാണ് കത്ത് തുറന്നത്. ഇതു പ്രകാരം ഹൈതം ബിന്‍ താരിഖ് ഒമാന്റെ പുതിയ സുല്‍ത്താനായി കഴിഞ്ഞ വര്‍ഷം തിരഞ്ഞെടുക്കപ്പെട്ടു.

ഭരണാധികാരിയെ തിരഞ്ഞെടുക്കുന്ന പുതിയ നിയമം സുല്‍ത്താന്‍ ഹൈതമിന്റെ നിര്‍ദേശ പ്രകാരമാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. ഇതുപ്രകാരം സുല്‍ത്താന്റെ മൂത്ത മകനും കായിക മന്ത്രിയുമായ തയാസിന്‍ ബിന്‍ ഹൈതം ബിന്‍ താരിഖ് ആണ് ഒമാന്റെ പുതിയ കിരീടവകാശി. ഒമാനില്‍ ആദ്യമയാിട്ടാണ് കിരീടവകാശി സമ്ബ്രദായം നടപ്പാക്കുന്നത്. പുതിയ നിയമത്തിലെ വ്യവസ്ഥകള്‍ ഇങ്ങനെയാണ്…

സുല്‍ത്താന്റെ മൂത്ത മകനായിരിക്കും ഇനി കിരീടവകാശി. സുല്‍ത്താന്‍ മരിച്ചാല്‍ കിരീടവകാശി രാജ്യത്തിന്റെ ഭരണം ഏറ്റെടുക്കും. കിരീടവകാശിയുടെ മൂത്ത മകന്‍, അദ്ദേഹത്തിന്റെ മൂത്ത മകന്‍ ഇങ്ങനെ പോകും ഭരണാധികാരികള്‍. അധികാരമേല്‍ക്കും മുമ്ബ് കിരീടവകാശി മരിച്ചുപോയാല്‍ കിരീടവകാശിയുടെ മൂത്ത മകന്‍ ഭരണമേല്‍ക്കും. കിരീടവകാശിക്ക് സഹോദരങ്ങളുണ്ടെങ്കിലും ഭരണം ലഭിക്കുക മൂത്ത മകനാണ്. കിരീടവകാശിക്ക് മക്കളില്ലെങ്കില്‍ മാത്രമാണ് മൂത്ത സഹോദരന് അധികാരം ലഭിക്കുക.

കിരീടവകാശിയുടെ സഹോദരങ്ങള്‍ ജീവിച്ചിരിപ്പില്ലെങ്കില്‍ മൂത്ത സഹോദരന്റെ മകന് അധികാരം ലഭിക്കും. മൂത്ത സഹോദരന് മകനില്ലെങ്കില്‍ സഹോദരങ്ങളുടെ മക്കളില്‍ പ്രായം കൂടിയവര്‍ ആരാണോ ജീവിച്ചിരിപ്പുള്ളത് ആ വ്യക്തി ഭരണം ഏറ്റെടുക്കണം. കിരീടവകാശിക്ക് സഹോദരങ്ങളും മക്കളും ഇല്ലെങ്കില്‍ പിതാവിന്റെ ബന്ധത്തിലുള്ള അമ്മാവന് അധികാരം ലഭിക്കും. ഭരണാധികാരി മുസ്ലിം ആയിരിക്കണം. ഒമാനികളായ മുസ്ലിം ദമ്ബതികള്‍ക്ക് പിറന്ന വ്യക്തിയുമായിരിക്കണം. ഭരണാധികാരിയുടെ കുറഞ്ഞ പ്രായം 21 വയസാണ് എന്നും പുതിയ നിയമത്തില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here