നിവാറിന് പിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം. ബുര്‍വി എന്ന പേരിലുള്ള ഈ ന്യൂനമര്‍ദം അടുത്ത ആഴ്ച ചുഴലിക്കാറ്റായി മാറിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഈ മാസം 29 ന് ന്യൂനമര്‍ദം ശക്തമാകുമെന്നാണ് നിഗമനം.

പുതിയ ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി ഒഡീഷ, ആന്ധ്ര തീരങ്ങളില്‍ തിങ്കളാഴ്ച മുതല്‍ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കഴിഞ്ഞ ദിവസം വീശിയടിച്ച നിവാര്‍ ചുഴലിക്കാറ്റില്‍ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കനത്ത നാശനഷ്ടമാണ് ഉണ്ടായത്.
മുന്‍ കരുതലുകളുടെ മികവില്‍ നിവാറില്‍ ആളപായം കുറയ്ക്കാന്‍ കഴിഞ്ഞത് ആശ്വാസമായി. തീരപ്രദേശങ്ങളില്‍ വ്യാപകനാശം വിതച്ച ചുഴലിക്കാറ്റില്‍ മൂന്നുപേരാണു മരിച്ചത്. ഇവര്‍ തമിഴ്‌നാട് സ്വദേശികളാണ്. വിവിധപ്രദേശങ്ങളില്‍ കനത്തമഴയും വെള്ളപ്പൊക്കവും തുടരുകയാണ്. ഇന്നലെ ഉച്ചയ്ക്കുശേഷം മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. നിവാറിനെ തുടര്‍ന്ന് ഇന്ന് ആന്ധ്രാപ്രദേശില്‍ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം.

ഈ വര്‍ഷം ഉത്തരേന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപംകൊണ്ട നാലാമത്തെ ചുഴലിക്കാറ്റ് കൊടുങ്കാറ്റാണ് നിവാര്‍. നേരത്തെ സൊമാലിയയില്‍ കനത്ത നാശം വിതച്ച ഗതി ചുഴലിക്കാറ്റ്, മഹാരാഷ്ട്രയില്‍ വീശിയടിച്ച നിസാര്‍ഗ ചുഴലിക്കാറ്റ്, മെയ് മാസത്തില്‍ കിഴക്കന്‍ ഇന്ത്യയെ ബാധിച്ച ആംഫാന്‍ ചുഴലിക്കാറ്റ് എന്നിവയാണ് നേരത്തെ വന്‍നാശനഷ്ടം വിതച്ച ചുഴലിക്കാറ്റുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here