യുഎഇയില്‍ ഗോള്‍ഡന്‍ വിസയുള്ളവര്‍ക്ക് (Golden visa holders) ഡ്രൈവിങ് ലൈസന്‍സ് (Driving Licence) എടുക്കാന്‍ ക്ലാസുകള്‍ ആവശ്യമില്ലെന്ന് ദുബൈ റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതോരിറ്റി (Dubai Road Transport Authority). സ്വന്തം രാജ്യത്തെ അംഗീകൃത ഡ്രൈവിങ് ലൈസന്‍സ് കൈവശമുണ്ടെങ്കില്‍ അത് ഹാജരാക്കി നോളജ് ടെസ്റ്റും റോഡ് ടെസ്റ്റുകളും (Knowledge test and Road test) പാസായാല്‍ ലൈസന്‍സ് ലഭിക്കുമെന്ന് ദുബൈ ആര്‍.ടി.എ ട്വീറ്റ് ചെയ്‍തു.

ഗോള്‍ഡന്‍ വിസയുള്ളവര്‍ തങ്ങളുടെ എമിറേറ്റ്സ് ഐഡിയും നേരത്തെയുള്ള സാധുതയുള്ള ഡ്രൈവിങ് ലൈസന്‍സിന്റെ കോപ്പിയുമാണ് നല്‍കേണ്ടത്. തുടര്‍ന്ന് നോളജ് ടെസ്റ്റും റോഡ് ടെസ്റ്റുകളും പൂര്‍ത്തിയാക്കി ലൈസന്‍സ് സ്വന്തമാക്കാനാവും. മലയാളികളടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് പേര്‍ക്ക് ഇതിനോടകം യുഎഇയില്‍ ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുണ്ട്.

ദീര്‍ഘകാല താമസാനുമതിയായ ഗോള്‍ഡന്‍ വിസ 2019 മുതലാണ് യുഎഇ അനുവദിച്ചു തുടങ്ങിയത്. രാജ്യത്ത് സ്വദേശി സ്‍പോണ്‍സറുടെ ആവശ്യമില്ലാതെ താമസിക്കാനും ജോലി ചെയ്യാനും പഠിക്കാനും സാധിക്കുമെന്നതാണ് ഗോള്‍ഡന്‍ വിസയുടെ സവിശേഷത. ഇതിന് പുറമെ തങ്ങളുടെ ബിസിനസുകളില്‍ പൂര്‍ണ ഉടമസ്ഥാവകാശവും സാധ്യമാണ്. 10 വര്‍ഷത്തേക്ക് അനുവദിക്കുന്ന ഗോള്‍ഡന്‍ വിസകള്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ സ്വമേധയാ പുതുക്കി നല്‍കും.

2021 നവംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം ദുബൈയില്‍ മാത്രം 44,000ല്‍ അധികം പ്രവാസികള്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കിയിട്ടുണ്ട്. നിക്ഷേപകര്‍, സംരംഭകര്‍, വിവിധ രംഗങ്ങളില്‍ കഴിവ് തെളിയിച്ചവര്‍, ശാസ്‍ത്ര – സാങ്കേതിക രംഗത്തെ ഗവേഷകര്‍, പഠനത്തില്‍ മികവ് തെളിയിച്ച വിദ്യാര്‍ത്ഥികള്‍ തുടങ്ങിയ വിഭാഗങ്ങളിലുള്ളവര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമാണ് ഗോള്‍ഡന്‍ വിസ അനുവദിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here