ഐ.പി.എല്ലിന് മുന്നോടിയായുള്ള ക്വറന്റൈനില്‍ വിദേശ താരങ്ങള്‍ക്ക് ഇളവ് നല്‍കേണ്ടതില്ലെന്ന് ബി.സി.സി.ഐ. ബയോ സുരക്ഷയുള്ള ഇംഗ്ലണ്ട് – ഓസ്ട്രേലിയ പരമ്ബരയില്‍ നിന്ന് താരങ്ങള്‍ വരുമ്പോൾ ഈ നിയമത്തില്‍ അയവുവരുത്തണമെന്ന ഫ്രാഞ്ചൈസികളുടെ ആവശ്യമാണ് ബി.സി.സി.ഐ തള്ളിയത്. ഇതോടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പങ്കെടുക്കേണ്ട ഓസ്ട്രേലിയയുടെയും ഇംഗ്ലണ്ടിന്റെയും താരങ്ങള്‍ക്ക് ആദ്യ മത്സരങ്ങള്‍ നഷ്ടമായേക്കും. പ്രധാന വിദേശ താരങ്ങളായ ജോസ് ബട്ലര്‍, ബെന്‍ സ്റ്റോക്സ്, ജോഫ്ര ആര്‍ച്ചറര്‍, സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, പാറ്റ് കമ്മിന്‍സ് എന്നിവര്‍ക്ക് തങ്ങളുടെ ടീമിന്റെ ആദ്യ മത്സരം നഷ്ടമാവാനുള്ള സാധ്യതയേറി.

ഇംഗ്ലണ്ട്- ഓസ്ട്രേലിയ ടീമുകളില്‍ നിന്ന് 29 താരങ്ങള്‍ ഐ.പി.എല്ലിലെ 8 ടീമുകള്‍ക്ക് വേണ്ടി കളിക്കുന്നുണ്ട്. ഓസ്ട്രേലിയ സെപ്റ്റംബര്‍ ആദ്യ ഘട്ടത്തില്‍ ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്നതാണ് താരങ്ങള്‍ക്ക് തിരിച്ചടിയായത്. പരമ്ബരയിലെ മത്സരങ്ങള്‍ സെപ്റ്റംബര്‍ 16ന് മാത്രമാവും അവസാനിക്കുക. പരമ്ബര കഴിഞ്ഞ് മൂന്ന് ദിവസം കഴിഞ്ഞാണ് യു.എ.ഇയില്‍ വെച്ച്‌ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ആരംഭിക്കുന്നത്. ബി.സി.സി.ഐ നിര്‍ദേശ പ്രകാരം യു.എ.ഇയില്‍ എത്തുന്ന മുഴുവന്‍ ടീം അംഗങ്ങളും 7 ദിവസം ഹോട്ടല്‍ ക്വറന്റൈനില്‍ ഇരിക്കണം. കൂടാതെ 1, 3, 6 ദിവസങ്ങളില്‍ കോവിഡ് ടെസ്റ്റ് നടത്തുകയും വേണം. ഇതിന്റെയെല്ലാം ഫലങ്ങള്‍ നെഗറ്റീവ് ആയാല്‍ മാത്രമേ താരങ്ങള്‍ക്ക് പരിശീലനം ആരംഭിക്കാനുള്ള അനുവാദമുള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here