ഒസിഐ കാർഡ് (ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ കാർഡ്) പുതുക്കുന്നതിന് നൽകിയ ഇളവുകൾ ഡിസംബർ 31വരെ നീട്ടി. ഒഐസി കാർഡുകൾ പുതുക്കുന്നതുവരെ, പഴയതും പുതിയതുമായ പാസ്പോർട്ടും പഴയ പാസ്പോർട്ട് നമ്പരുള്ള ഒസിഐ കാർഡുമായി യാത്ര ചെയ്യാൻ അനുവാദമുണ്ടാകുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

20 വയസിനു താഴെയുള്ളവരും 50 വയസിനു മുകളിലുള്ളവരും പാസ്പോർട്ട് പുതുക്കുമ്പോൾ ഒസിഐ കാർഡ് പുതുക്കണമെന്നാണ് നിയമം. ഇതിന് കേന്ദ്രസർക്കാർ ജൂൺ 30വരെ ഇളവുകൾ നൽകിയിരുന്നു. 20 വയസിനു താഴെയുള്ള ഒസിഐ കാർഡ് ഉടമയ്ക്ക് പാസ്പോർട്ട് പുതുക്കിയപ്പോൾ കാര്‍ഡ് പുതുക്കി ലഭിച്ചില്ലെങ്കിൽ ആ വ്യക്തിക്ക് കാർഡിലെ പഴയ പാസ്പോർട്ട് നമ്പരും പുതിയ പാസ്പോർട്ടും ഉപയോഗിച്ച് ഇന്ത്യയിലേക്ക് യാത്ര ചെയ്യാം. 50 വയസിനു മുകളിലുള്ളവർക്ക് യാത്ര ചെയ്യാൻ പുതുക്കാത്ത ഒസിഐ കാർഡും ഒപ്പം പുതിയതും പഴയതുമായ പാസ്പോർട്ട് രേഖകളും ഹാജരാക്കണം.

ഇന്ത്യൻ വംശജരായ വിദേശ പൗരൻമാർക്ക് ഏറെക്കുറെ എൻആർഐകൾക്ക് തുല്യമായ അവകാശങ്ങൾ ഉറപ്പുവരുത്തുന്ന സംവിധാനമാണ് ഒസിഐ റജിസ്ട്രേഷൻ. ഇന്ത്യയിലേക്ക് ഏപ്പോൾ വേണമെങ്കിലും വീസയില്ലാതെ പോയിവരാനും ഏത്രകാലം വേണമെങ്കിലും ഇന്ത്യയിൽ താമസിക്കാനും പഠിക്കാനും ജോലി ചെയ്യാനുമുള്ള അവകാശം ഇതിലൂടെ ലഭിക്കും. കൃഷി സ്ഥലവും ഏസ്റ്റേറ്റും ഒഴികെയുള്ള വസ്തുക്കൾ വാങ്ങാനും ഇതിലൂടെ അനുമതിയുണ്ട്. കാർഡ് റദ്ദാക്കപ്പെട്ടാൽ അവർ രാജ്യം വിട്ടു പോകണം. സമയം നീട്ടിനൽകിയത് നിരവധിപേർക്ക് സഹായകരമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here