കോവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ടിരുന്ന യുഎഇയിൽ ആരാധനാലയങ്ങൾ നാളെ മുതൽ വീണ്ടും തുറക്കും. ഇതിന് മുന്നോടിയായി അണുനശീകരണം ഉൾപ്പെടെ ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ നടന്നു വരുന്നു. കടുത്ത നിയന്ത്രണങ്ങളോടെയാണ് പള്ളികളിലും മറ്റു ആരാധനാലയങ്ങളിലും ആളുകളെ പ്രവേശിപ്പിക്കുകയെന്ന് അധികൃതർ പറഞ്ഞു. വെള്ളിയാഴ്ച ജുമുഅ പ്രാർഥന മറ്റൊരു അറിയിപ്പ് വരുന്നതുവരെ ഉണ്ടായിരിക്കില്ലെന്നും വ്യക്തമാക്കി.

ഉൾപാതകൾ, വ്യവസായ മേഖല, ലേബർ സിറ്റികൾ, ഷോപ്പിങ് മാളുകൾ, പാർക്കുകൾ എന്നിവിടങ്ങളിലെ പള്ളികൾ മാത്രം നാളെ തുറക്കില്ലെന്ന് നാഷനൽ എമര്‍ജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻ്റ് അതോറിറ്റി വക്താവ് ഡോ.സെയ്ഫ് അൽ ദാഹെരി പറഞ്ഞു. 30 ശതമാനം പേരെ മാത്രമേ പള്ളികളിൽ പ്രവേശിപ്പിക്കുകയുള്ളൂ. ഇമാമുമാർ, മറ്റു ജീവനക്കാർ എന്നിവർക്ക് യുഎഇ ആരോഗ്യവകുപ്പ് അധികൃതർ ഇതിനകം പരിശോധനകൾ നടത്തി.

കോവിഡ്–19 രോഗബാധിതരുമായി സമ്പർക്കമുള്ളവരെ പള്ളികളിൽ പ്രവേശിപ്പിക്കുകയില്ല. പൊതുജന ആരോഗ്യ സുരക്ഷാ മുൻകരുതലിൻ്റെ ഭാഗമായാണിത്. വയോജനങ്ങൾ, 12 വയസിന് താഴെയുള്ളവർ, മറ്റു അസുഖങ്ങളുള്ളവർ എന്നിവര്‍ക്കും പ്രവേശനം അനുവദിക്കില്ല.

നിബന്ധനകൾ

കർശന നിയന്ത്രണങ്ങളോടെയായിരിക്കും പള്ളികൾ തുറക്കുക. പള്ളികളിലേയ്ക്ക് വരുന്നവർ നിർബന്ധമായും അൽ ഹൊസ്ൻ ആപ്പ്(Al Hosn app) മൊബൈൽ ഫോണിൽ ഡൗൺലോഡ് ചെയ്തിരിക്കണം.

പള്ളിക്കകത്ത് കുറഞ്ഞത് മൂന്ന് മീറ്റർ സാമൂഹിക അകലം പാലിക്കണം.

ആരും കൂട്ടം കൂടി നിൽക്കാൻ പാടില്ല.

അംഗശുദ്ധി(വുളു) വീടുകളിൽ നിന്ന് എടുത്തുവേണം വരാൻ.

പ്രാർഥനാ പായ(മുസല്ല) നിർബന്ധമായും കൊണ്ടുവരണം. അവ പള്ളിയിൽ വയ്ക്കാതെ തിരിച്ചുകൊണ്ടുപോവുകയും വേണം.

സ്വന്തം ഇലക്ട്രോണിക് ഉപകരണത്തിലൂടെ മാത്രമേ ഖുർആൻ പാരായണം പാടുള്ളൂ. പള്ളികളിലെ ഖുർആൻ ഗ്രന്ഥങ്ങൾ ഉപയോഗിക്കാൻ പാടില്ല.

ഏതെങ്കിലും പള്ളികളിൽ പുതുതായി കൊറോണ വൈറസ് കേസ് റിപോർട്ട് ചെയ്താൽ ആ പള്ളി ഉടൻ അടയ്ക്കുന്നതായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here