ഗൾഫിലെ ആദ്യ ജലവൈദ്യുത നിലയമാകാനൊരുങ്ങുന്ന 142.1 കോടി ദിർഹത്തിന്റെ ഹത്ത പദ്ധതി സുപ്രധാന ഘട്ടങ്ങൾ പിന്നിട്ടു മുന്നോട്ട്. വെള്ളം കടത്തിവിടാനുള്ള 500 മീറ്റർ നീളമുള്ള ടണലുകൾ ഉൾപ്പെടെ പദ്ധതിയുടെ 23% പൂർത്തിയായി. മലനിരകൾക്കു മുകളിലെ ജലസംഭരണിയുടെ നിർമാണം അന്തിമഘട്ടത്തിലാണ്.

ഹത്ത അണക്കെട്ടിലേയും മലനിരകൾക്കു മുകളിലെ ജലസംഭരണിയിലേയും വെള്ളം ഉപയാഗിച്ച് 250 മെഗാവാട്ട് ഊർജം ഉൽപാദിപ്പിക്കാനുള്ള പദ്ധതി 2024ൽ പൂർത്തിയാകും. 80 വർഷം വരെ അണക്കെട്ട് നിലനിർത്താനാകുമെന്നാണു പ്രതീക്ഷ.

സംശുദ്ധ ഊർജം, കാർഷിക-വിനോദസഞ്ചാര മേഖലകളുടെ വളർച്ച എന്നീ 3 നേട്ടങ്ങളാണ് യുഎഇക്കു പദ്ധതി സമ്മാനിക്കുക.ജർമനിയിലെ സ്ട്രാബാഗ് എജി, സ്ട്രാബാഗ് ദുബായ്, ഓസ്ട്രിയയിലെ ആൻഡ്രിറ്റ്സ് ഹൈഡ്രോ, ഓസ്കർ എന്നിവ ഉൾപ്പെട്ട കൺസോർഷ്യത്തിനാണു നിർമാണച്ചുമതല.

ടർബൈനുകൾക്ക് സൗരോർജം

അണക്കെട്ടിലെ വെള്ളം ടർബൈനുകൾ ഉപയോഗിച്ച് മലനിരകളിലെ ജലസംഭരണിയിലെത്തിക്കുന്നു. സംഭരണിയിൽ പതിക്കുന്ന വെള്ളത്തിന്റെ ശക്തിയിലാണു ടർബൈനുകൾ പ്രവർത്തിക്കുക.

തിരക്കില്ലാത്ത സമയങ്ങളിൽ ടർബൈൻ പ്രവർത്തിപ്പിക്കാൻ സൗരോർജം

അണക്കെട്ടിൽ നിന്നു 300 മീറ്റർ ഉയരത്തിലാണു ജലസംഭരണി. അണക്കെട്ടിൽ 171.6 കോടി ഗാലൻ വെള്ളവും മലമുകളിൽ 88 കോടി ഗാലൻ വെള്ളവും സംഭരിക്കാനാകും. ഉൽപാദനച്ചെലവ് കുറയാൻ ഇതു സഹായകമാകും.

പദ്ധതിയെ ദീവ ഗ്രിഡുമായി ബന്ധിപ്പിക്കും. ഏറ്റവും കുറഞ്ഞ സമയത്തിനകം വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയുമെന്നും സാങ്കേതിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കേബിൾ കാർ, വെള്ളച്ചാട്ടം

ഹത്തയിൽ ഇതോടനുബന്ധിച്ച് 2 പദ്ധതികൾ കൂടി പുരോഗമിക്കുകയാണെന്നു ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ) എംഡിയും സിഇഒയുമായ സഈദ് മുഹമ്മദ് അൽ തായർ പറഞ്ഞു.

വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടുള്ള ദുബായ് സമിറ്റ്, ഹത്ത സസ്റ്റൈനബിൾ വാട്ടർഫാൾസ് എന്നിവയാണു പദ്ധതികൾ. ഉം അൽ നെസൂർ മലനിരകളിലേക്ക് 5.4 കിലോമീറ്റർ േകബിൾ കാർ സർവീസ് ആരംഭിക്കുന്നതാണ് ദുബായ് സമിറ്റ്. സമുദ്രനിരപ്പിൽ നിന്ന് 1,300 മീറ്റർ ഉയരെയുള്ള മേഖലയാണിത്.

ഹത്ത ഡാം ലെയ്ക്, അപ്പർ ഡാം ലെയ്ക്, മലനിരകൾ എന്നിവയ്ക്കു മുകളിലൂടെയാകും കേബിൾ കാർ കടന്നു പോകുക. വൈദ്യുത പദ്ധതിയിലെ വെള്ളം തിരികെ പമ്പ് ചെയ്ത് സ്വാഭാവിക വെള്ളച്ചാട്ടത്തിന്റെ പ്രതീതി സൃഷ്ടിക്കുന്നതാണ് സസ്റ്റൈബിൾ വാട്ടർഫാൾസ് പദ്ധതി. ഒട്ടേറെ ഉല്ലാസ കേന്ദ്രങ്ങളും ഭക്ഷണശാലകളും ഇവിടെ സജ്ജമാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here