ഖത്തറിൽ നാലുഘട്ടങ്ങളിലായി കോവിഡ്​ നിയന്ത്രണങ്ങൾ നീക്കാനിരിക്കേ രാജ്യത്തേക്ക്​ മടങ്ങി വരുന്നവർക്ക്​ താമസസ്​ഥലങ്ങളിൽ ക്വാറൻറീനിൽ കഴിയാനാകില്ല. തിരിച്ചുവരുന്നവർ സ്വന്തം ചെലവിൽ 14 ദിവസം ഹോട്ടൽ ക്വാറൻറീനിൽ കഴിയേണ്ടിവരും. ജൂൺ 15 മുതൽ തുടങ്ങി സെപ്​റ്റംബർ വരെയുള്ള നാലുഘട്ടങ്ങളിലായാണ്​ ഖത്തർ നിയന്ത്രണങ്ങളെല്ലാം നീക്കുന്നത്​. ആദ്യഘട്ടത്തിൽ ഖത്തറിലുള്ളവർക്ക്​ അടിയന്തര സാഹചര്യത്തിൽ പുറത്തേക്ക്​ യാത്ര ചെയ്യാം. എന്നാൽ തിരിച്ചുവരുമ്പോൾ സ്വന്തം ചെലവിൽ ഹോട്ടൽ ക്വാറൻറീനിൽ കഴിയൽ നിർബന്ധമാണ്​. അല്ലെങ്കിൽ പൊതുജനാരോഗ്യമന്ത്രാലയം നൽകുന്ന കേന്ദ്രങ്ങളിൽ കഴിയണം. ഇതും സ്വന്തം ചെലവിൽ ആയിരിക്കണമെന്നും ദേശീയ ദുരന്തനിവാരണ കമ്മിറ്റി പരമോന്നത കമ്മിറ്റി വക്​താവും വിദേശകാര്യ സഹമന്ത്രിയുമായ ലുൽവ ബിൻ റാഷിദ് അൽഖാതിർ അറിയിച്ചു.

ആഗസ്​റ്റ്​ ഒന്നുമുതലാണ്​ ദോഹയിലേക്ക്​ മറ്റ്​ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾ അനുവദിക്കുന്നത്​. പ്രവാസികൾക്ക്​ തിരിച്ചുവരാനാണിത്​. ഇവരും രണ്ടാഴ്​ച ക്വാറ​ൻറീനിൽ കഴിയണം. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ, യാത്രക്കുള്ള ബുക്കിങ്​ തുടങ്ങിയവ ഉടൻ പ്രഖ്യാപിക്കും. എന്നാൽ കോവിഡ്​ ഭീഷണി കുറവുള്ള രാജ്യങ്ങളിൽനിന്നുള്ളവർക്ക്​ മാത്രമേ​ മടങ്ങാൻ കഴിയൂ. ഇതിനാൽ ഇന്ത്യക്കാർക്ക്​ സാധ്യത കുറവാണ്​.

രാജ്യത്തിന്​ പുറത്ത്​ കഴിയുന്ന പ്രായമായ പ്രവാസികളടക്കം അവസാന ഘട്ടത്തിൽ മാത്രമേ തിരികെ ജോലിയിൽ പ്രവേശിക്കാൻ പാടുള്ളൂവെന്ന് ദേശീയ സാംക്രമികരോഗ മുന്നൊരുക്ക സമിതി സഹാധ്യക്ഷൻ ഡോ. അബ്ദുല്ലതീഫ് അൽ ഖാൽ അറിയിച്ചിരുന്നു. നാല് ഘട്ടങ്ങളിലായാണ് നിയന്ത്രണങ്ങൾ നീക്കുക. സെപ്തംബർ 1നാണ് നിയന്ത്രണങ്ങൾ നീക്കുന്നതിനുള്ള അന്തിമ ഘട്ടം. ഈ ഘട്ടത്തിലേ പ്രായമായവർ തിരികെ ജോലിക്കായി പുറത്തിറങ്ങേണ്ടതുള്ളൂ. ആ സമയത്ത് രാജ്യത്തെ രോഗവ്യാപനം താഴ്ന്ന നിലയിലായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

പാക്കേജുമായി ഖത്തർ എയർവേയ്​സ്​

അതിനിടെ, യാത്രാ ടിക്കറ്റിനൊപ്പം ഹോട്ടലുകളിൽ 14 ദിവസത്തെ താമസവും ഉൾപ്പെടുത്തിയുള്ള പ്രത്യേക പാക്കേജുകൾ ഖത്തർ എയർവേയ്സ്​ ഉടൻ പ്രഖ്യാപിക്കും. ക്വാറൻറീൻ സൗകര്യമുള്ള ഫൈവ് സ്​റ്റാർ, ഫോർ സ്​റ്റാർ, ത്രീ സ്​റ്റാർ ഹോട്ടലുകൾ തെരഞ്ഞെടുക്കാനുള്ള സൗകര്യവും പാക്കേജിലുണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here