ന്യൂഡല്‍ഹി: ഏഴ് വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ നിര്‍ഭയ കേസ് കുറ്റവാളികളെ തൂക്കിലേറ്റി. നടപ്പിലാക്കാന്‍ ഏറെ വൈകിയെങ്കിലും രാജ്യം കാത്തിരുന്ന വിധിയായിരുന്നു നിര്‍ഭയ പ്രതികള്‍ക്ക് ലഭിച്ചത്. ഇതിനിടയിലും ഇത്രയുംകാലം നിയമ പോരാട്ടത്തിനിടയില്‍ തങ്ങളെ തളര്‍ന്ന് പോകാതെ കൈപിടിച്ച ഒരു വ്യക്തിയെ കുറിച്ച്‌ നിര്‍ഭയയുടെ രക്ഷിതാക്കള്‍ ആവര്‍ത്തിക്കുന്നുണ്ട്.

സാമ്ബത്തികമായും മാനസികമായും തങ്ങളെ പിന്തുണച്ചതും , നിര്‍ധന കുടുംബത്തെ സഹായിക്കുകയും സഹോദരനെ പൈലറ്റ് ആവാന്‍ പഠിപ്പിച്ചതും. രാഷ്ട്രീയം എന്തുതന്നെയായാലും രാഹുല്‍ഗാന്ധി ഞങ്ങളുടെ മാലാഖയാണെന്ന് നിര്‍ഭയയുടെ പിതാവ് ബദ്രിനാഥ് നേരത്തെ പറഞ്ഞിട്ടുണ്ട്.

എന്നാല്‍ താന്‍ ചെയ്ത കാര്യങ്ങളെക്കുറിച്ച്‌ പരസ്യമായി പ്രതികരിക്കേണ്ടതില്ലെന്ന് രാഹുല്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് നിര്‍ഭയയുടെ പിതാവ് ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്നലെ രാത്രി മുതല്‍ ഡല്‍ഹി ഹൈക്കോടതിയിലും സുപ്രീംകോടതിയിലും നടന്ന അസാധാരണ സംഭവങ്ങള്‍ക്കൊടുവില്‍ പ്രതികളുടെ ഹര്‍ജികള്‍ തള്ളിയതോടെയാണ് ഇന്ന് പുലര്‍ച്ചെ 5.30ന് നിര്‍ഭയ കേസിലെ നാല് പ്രതികളെയും തിഹാര്‍ ജയിലില്‍ തൂക്കിലേറ്റിയത്. പ്രതികളായ അക്ഷയ് ഠാക്കൂര്‍, പവന്‍ ഗുപ്ത, വിനയ് ശര്‍മ, മുകേഷ് സിങ് എന്നിവരുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്.

2012 ഡിസംബര്‍ 16ന് രാത്രിയാണ് രാജ്യത്തെ ഞെട്ടിച്ച ക്രൂരമായ ബലാത്സംഗം നടന്നത്. സുഹൃത്തിനെ മര്‍ദ്ദിച്ച്‌ അവശനാക്കി പെണ്‍കുട്ടിയെ ഓടുന്ന ബസില്‍ പീഡനത്തിനിരയാക്കിയതിന് ശേഷം ഇരുവരെയും റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു. മാരകമായ മുറിവുകളേറ്റതിനെ തുടര്‍ന്ന് ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഡിസംബര്‍ 29 ന് മരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here