ഒമാനിലെ തെക്കൻ ബാത്തിന ഗവര്‍ണറേറ്റിലെ സുവൈഖിൽ ഞായറാഴ്‍ച രാത്രി തീരംതൊട്ട ഷഹീൻ ചുഴലിക്കാറ്റ് കനത്ത നാശനഷ്ടങ്ങൾ വരുത്തിയെന്ന് റിപ്പോര്‍ട്ടുകള്‍. എന്നാൽ നാശനഷ്‍ടങ്ങള്‍ സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല. സുവൈഖ്, കബൂറാ വിലായത്തുകളിലെ താഴ്‍ന്ന പ്രദേശങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്നുണ്ട്.

തെക്ക്, വടക്ക് ബാത്തിനാ ഗവര്‍ണറേറ്റുകളിൽ ഇപ്പോഴും മഴ തുടരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഞായറാഴ്‍ച ഒമാൻ സമയം രാത്രി എട്ട് മണിക്ക് ശേഷമായിരുന്നു മുസന്ന – സുവെഖ് വിലായത്തുകളിൽ അതിശക്തമായ കാറ്റോടും കനത്ത മഴയോടുംകൂടി ഷഹീൻ ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. മണിക്കൂറിൽ 120 മുതൽ 150 കിലോമീറ്റർ വരെ വേഗതയായിരുന്നു ചുഴലിക്കാറ്റിന് ഉണ്ടായിരുന്നത്. പിന്നീട് വേഗത 102 മുതല്‍ 116 കിലോമീറ്റര്‍ വരെയായി കുറഞ്ഞു.

സുവൈഖ് വിലായാത്തിൽ വാദിയിൽ വാഹനത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തിയതായി ഒമാൻ ദുരന്ത നിവാരണ സേന തിങ്കളാഴ്‍ച രാവിലെ പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. ഇതുവരെ പുറത്ത് വിട്ടിരിക്കുന്ന ഔദ്യോഗിക റിപ്പോർട്ടുകൾ പ്രകാരം ഒരു കുട്ടി ഉൾപ്പെടെ മൂന്നു മരണങ്ങളാണ് ഷഹീൻ ചുഴലിക്കാറ്റുമൂലം ഒമാനിൽ ഉണ്ടായിട്ടുള്ളത്. രാജ്യത്ത് ഇന്നും പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here