സമൃദ്ധിയുള്ള ഭാവിയിൽ എളുപ്പമെത്താൻ മലേഷ്യൻ ‘മഴക്കാട്ടിൽ’ പുഴയൊഴുകും വഴികൾ ഒരുങ്ങി. പുഴയൊരു പാഠമാണെന്ന് പവിലിയൻ പഠിപ്പിക്കുന്നു. കാട്ടിൽ നിന്നു കാശുവാരുന്ന വിദ്യകളും പഠിക്കാം. നാട്ടിലൊരു കാടുണ്ടെങ്കിൽ ടൂറിസം, കൃഷി, കന്നുകാലി-തേനീച്ച വളർത്തൽ എന്നിവ വളരെ എളുപ്പമാണെന്ന് സംഘാടകർ പറയുന്നു. കാടിനു നടുവിൽ ഉല്ലാസകേന്ദ്രങ്ങളൊരുക്കി നാട്ടുഭക്ഷണം വിളമ്പിയാൽ ഏതു നാട്ടിൽ നിന്നും സന്ദർശകർ പറന്നെത്തും. പവിലിയനിലെ വളഞ്ഞുപുളഞ്ഞ വഴികളിലൂടെ നടന്നാൽ തിരിച്ചറിയാം-കാടാണ് നേരുള്ള കൂട്. മഴക്കാടിന്റെ മാതൃകയിലൊരുക്കിയ പവിലിയനിൽ നിർമിതബുദ്ധിയടക്കമുള്ള സാങ്കേതിക വിദ്യകളാണ് പഴമകൾ സമ്മാനിക്കുന്നത്. ‘കൂറ്റൻ വെള്ളച്ചാട്ട’മാണ് സന്ദർശകരെ വരവേൽക്കുക. നീർച്ചാലുകൾ പുഴയായി മാറി ചിരിച്ചുമറിഞ്ഞൊഴുകുന്നു. കൂറ്റൻ ഭിത്തിയും നടവഴികളുമെല്ലാം എൽഇഡി സ്ക്രീനുകളാക്കിയാണ് ദൃശ്യവിസ്മയമൊരുക്കുന്നത്.

പാദത്തിനടിയിലൂടെ പുഴയൊഴുകുന്ന പ്രതീതി. സന്ദർശകരുടെ കൂട്ടിനു മീനുകളും ആമകളും തവളയുമെല്ലാമെത്തും. ചീവീടും കിളികളുമെല്ലാം കലപില കൂട്ടുന്ന കാട്ടിലൂടെ നടന്നാൽ മലേഷ്യയെ അടുത്തറിയാനാകും. കീശയിലൊതുങ്ങുന്ന കരകൗശല സാധനങ്ങളും വാങ്ങാം. മുള വിശറി കൗതുകത്തിനെങ്കിലും സന്ദർശകർ വാങ്ങും. ചീകിയൊരുക്കിയ മുളകൊണ്ടുള്ള പിടിയിൽ നിർമിച്ച ബഹുവർണ വിശറി ആവശ്യം കഴിഞ്ഞാൽ മടക്കി ബാഗിലോ കീശയിലോ വയ്ക്കാം. മടക്കിവയ്ക്കാവുന്ന തൊപ്പി, വർണക്കടലാസും വൈക്കോലും ഈർക്കിലും നാരുകളും കൊണ്ടു നിർമിച്ച പട്ടങ്ങൾ എന്നിവയും കാശുവാരും. 1,234 ചതുരശ്ര മീറ്ററിൽ ഒരുക്കിയ പവിലിയൻ പൂർണസംശുദ്ധമെന്നു ഡയറക്ടർ മിഷല്ലെ ലോ സൂക് പറയുന്നു. കാർബൺ മലിനീകരണം ഒട്ടുമില്ലെന്നു മാത്രമല്ല, പവിലിയൻ നിർമാണത്തിനുപയോഗിച്ച ഓരോ ഘടകവും പുനരുപയോഗിക്കാനാകും. മാലിന്യരഹിത ലോകം എന്ന ആശയമാണ് പ്രധാനമായും പങ്കുവയ്ക്കുന്നത്. അലങ്കാരപ്പണികൾക്കും മറ്റുമായി മര ഉരുപ്പടികൾ പരമാവധി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. സ്വാഭാവിക വെളിച്ചവും കാറ്റും എത്തുന്ന രീതിയിലാണ് നിർമാണം. മരുഭൂമിയിലെ കാറ്റ് ‘മലേഷ്യൻ കാട്ടി’ലെത്തുമ്പോൾ കൂളാകും. പ്രകൃതിയെ മറന്നുള്ള വികസനത്തിന്റെ ദുരന്തങ്ങളെക്കുറിച്ചും പവിലിയൻ ഓർമിപ്പിക്കും.

കലവറയിൽ ഒരുങ്ങുന്നു, പുഴമീൻ ബർഗർ, തേങ്ങ ഐസ്ക്രീം

പുഴ മത്സ്യം സുലഭമായതിനാൽ നാടൻ വിഭവങ്ങൾക്കു പഞ്ഞമില്ലെന്നു പാചകവിദഗ്ധർ പറയുന്നു. പുഴമത്സ്യം കൊണ്ടുള്ള ബർഗർ, കട് ലറ്റ്, ഗ്രിൽഡ് ഫിഷ് എന്നിവയെല്ലാം കിട്ടും. ഇത്തരം വിഭവങ്ങൾ എക്സ്പോയിൽ പരിചയപ്പെടാം. മലേഷ്യൻ ഉച്ചയൂണു വേണമെങ്കിൽ അതും റെഡി. ചെറുമീനുകൾ വറുത്തത്, തക്കാളിക്കറി, ചിക്കൻ, കടലയോ നിലക്കടലയോ പുഴുങ്ങിയത് എന്നിവ സഹിതമാണ് സാധാരണ ഉച്ചയൂണ്. കോഴിയിറച്ചിയും ചെമ്മീനും ധാരാളം പച്ചക്കറികളും ചേർന്ന നൂഡിൽസ് ‘മി ഗൊരാങ്’, ഇളം മാട്ടിറച്ചി ഇഞ്ചിയും വെളുത്തുള്ളിയും മലേഷ്യൻ മസാലയും ചേർത്ത് നല്ല എരിവോടെ ഉലർത്തിയ ബീഫ് റെൻഡാങ്, മത്സ്യ സൂപ്പ് ‘കറി ലക്സ’, ചുവന്ന മുളകും ഉള്ളി സോസും ചേർത്ത കൂന്തൾ റോസ്റ്റ് തുടങ്ങിയവ എന്തായാലും ഉണ്ടാകും. തേങ്ങ, കപ്പ, ചക്കപ്പഴം എന്നിവ ചേർന്ന കേക്കുകൾ, പുഡ്ഡിങ്, ഐസ്ക്രീം എന്നിവയുമെത്തുമെന്നാണ് റിപ്പോർട്ട്. കപ്പയും തേങ്ങയുമൊക്കെ വെണ്ണപോലെ അരച്ചെടുത്ത് ഇതിൽ ചേർത്താൽ പിടിച്ചാൽ കിട്ടാത്ത രുചിയാണെന്ന് ദുബായിലെ മലേഷ്യൻ ഭക്ഷ്യമേളയിൽ പങ്കെടുത്തവർ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here